തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ കർക്കടക വാവുബലി ഒരുക്കങ്ങൾക്കായി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാരെ സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചു. സ്പെഷ്യൽ ഓഫീസർമാരാണ് ചടങ്ങുകൾക്കായി ഏകോപനം നടത്തുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്നു. കർക്കടക വാവുബലി നടക്കുന്ന ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തി.
വാവുബലി തർപ്പണം നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ
- തിരുവനന്തപുരം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം
- തിരുവനന്തപുരം ശംഖുമുഖം കടപ്പുറം
- വർക്കല കടപ്പുറം
- കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം
- ആലുവ മണപ്പുറം
ഈ കേന്ദ്രങ്ങളിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെയും നടത്തിപ്പിന്റെയും ചുമതല സ്പെഷ്യൽ ഓഫീസർമാർക്കായിരിക്കും. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാരെ സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചു. ഇതുകൂടാതെ നൂറിലധികം മറ്റ് ക്ഷേത്രങ്ങളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ വാവുബലി തർപ്പണം നടക്കുന്നുണ്ട്. ഇവിടങ്ങളിൽ അതത് അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർമാർക്കായിരിക്കും ഏകോപന ചുമതല.
കർക്കിടക വാവിന് ഒരാഴ്ച മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കും. പോലീസ്, ഫയർഫോഴ്സ്, കെഎസ്ആർടിസി, വിനോദസഞ്ചാര വകുപ്പുകളുമായി ചേർന്ന് തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. വാവുബലി തർപ്പണം നടക്കുന്ന കടൽത്തീരങ്ങളിൽ ലൈഫ് ഗാർഡ് സേവനം ഉറപ്പാക്കും. കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് ആയിരം സ്ഥിരം ജീവനക്കാരെയും രണ്ടായിരത്തിലധികം താൽക്കാലിക ജീവനക്കാരെയും വിവിധ ക്ഷേത്രങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കും.
തിരക്ക് നിയന്ത്രണത്തിന് 750 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ വിമുക്തഭടന്മാരുടെ സേവനം ഉറപ്പാക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പിഡി സന്തോഷ് കുമാർ, ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ, ബോർഡ് സെക്രട്ടറി ദീപ എന്നിവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.








