പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസുകളുടെ നെഞ്ചത്ത്; നഷ്‌ടം സഹിക്കാനാവില്ല,

0
4

കാസർകോട്: സംസ്ഥാന സർക്കാരിൻ്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടി കാസർകോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ വരുമാനം കുത്തനെ ഇടിഞ്ഞതായും ഡീസൽ അടിക്കാനുള്ള തുക പോലും ലഭിക്കുന്നില്ലെന്നുമാണ് ബസുടമകളുടെ പരാതി. ഒരു വിഭാഗത്തെ മാത്രം സംരക്ഷിച്ച് സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് ഒരു ദിവസത്തെ സൂചനാ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

450 ബസുകൾ കട്ടപ്പുറത്ത്; യാത്രക്കാർ ദുരിതത്തിൽ

ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന നാനൂറ്റമ്പതോളം സ്വകാര്യ ബസുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും മുഴുവൻ തൊഴിലാളി സംഘടനകളും സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിൻ്റെ ഭാഗമായി തൊഴിലാളികൾ കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി പ്രതിഷേധം അറിയിച്ചു.

നിലവിൽ കാസർകോട് ജില്ലയിലെ 7 പ്രധാന റൂട്ടുകൾ കർണാടകയുമായി ബന്ധിപ്പിക്കുന്നവയാണ്. ഈ റൂട്ടുകളിലെല്ലാം സ്ത്രീ യാത്രികർ പൂർണ്ണമായും കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിനാൽ സ്വകാര്യ ബസുകൾ വൻ നഷ്‌ടത്തിലാണ് ഓടുന്നത്. വെറും മൂന്ന് റൂട്ടുകളിൽ മാത്രമാണ് നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്തത്.

ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ:

  • ഡീസലിന് 50 ശതമാനം സബ്‌സിഡി അനുവദിക്കുക അല്ലെങ്കിൽ കിലോമീറ്ററിന് 55 രൂപ നിരക്കിൽ സഹായം നൽകുക.
  • സ്വകാര്യ ബസ് മേഖലയെ ഒരു ‘വ്യവസായം’ ആയി പ്രഖ്യാപിക്കുക.
  • റോഡ് നികുതി പൂർണ്ണമായും ഒഴിവാക്കുക.
  • സൗജന്യ യാത്ര വിദ്യാർത്ഥികൾക്കും 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും മാത്രമായി പരിമിതപ്പെടുത്തുക.
  • ഇൻ്റർസ്റ്റേറ്റ് – ടൗൺ ടു ടൗൺ ബസുകളിൽ നിലവിലുള്ള സൗജന്യ യാത്ര ഒഴിവാക്കുക.

“ഒരു വിഭാഗത്തെ മാത്രം സംരക്ഷിച്ച് മറുവിഭാഗത്തെ ചവിട്ടിത്താഴ്ത്തുന്ന സമീപനം ശരിയല്ല. സ്വകാര്യ ബസ് മേഖലയിൽ നിന്നുള്ള വരുമാനം കൂടിയാണ് സർക്കാരിന്റെ മുന്നോട്ടുപോക്കിന് ആധാരം. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കും.” ബസ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഗിരീഷ് പറഞ്ഞു.വിഷയത്തിൽ അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്. നാളെ കാഞ്ഞങ്ങാട് എത്തുന്ന ഗതാഗത മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം സമർപ്പിക്കാനും ചർച്ച നടത്താനും അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here