അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

0
3

അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി. അമ്മ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്നും, ഓഡിയോ പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.

സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനറായി തനിക്ക് ഒരു യോഗം വിളിച്ച് കൂട്ടാനോ മറ്റ് കാര്യങ്ങളോ ചെയ്യാനുള്ള അധികാരമില്ല എന്ന രീതിയിലാണ് സ്‌റ്റേ വന്നിരിക്കുന്നതെന്ന് പിഷാരടി പറഞ്ഞു. സ്‌റ്റേ വന്ന സാഹചര്യത്തില്‍ ഞാന്‍ മാറുന്നു. ഇതില്‍ അങ്ങനെ കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും എനിക്കില്ല. ബാക്കി ചുമതലകള്‍ എങ്ങനെയാണെന്ന് വച്ചാല്‍ നടന്നു പോകട്ടെ – അദ്ദേഹം പറഞ്ഞു.

ഇന്ന് പുറത്ത് വന്ന ഓഡിയോയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 32 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയെ കോടതിയിലെത്തിക്കാനുള്ള ഒരു ആഗ്രഹവും എനിക്കില്ലായിരുന്നു. അത് രമ്യതയില്‍ പരിഹരിക്കണമെന്നായിരുന്നു ആഗ്രഹം. ശ്വേതയോടും, അന്‍സിബയോടും, ടിനിയോട്, മല്ലിക ചേച്ചിയോട്, ലക്ഷ്മി പ്രിയയോട് അവരുടെ അഭിഭാഷകരോട് എല്ലാം മണിക്കൂറ് കണക്കിന് സംസാരിച്ചിരുന്നു. അങ്ങനെ സംസാരിച്ച ഒരു ഓഡിയോ ആണ് പുറത്ത് വന്നത്. അത് ലീക്ക് അല്ല റിലീസ് ആണ്. ലീക്കും റിലീസും വ്യത്യാസമുണ്ടല്ലോ. അതിന്റോ ഓഡിയോ ക്വാളിറ്റി വ്യത്യാസം, എന്റെ ഫോണ്‍ ടോണ്‍ ടോണും ലൈവ് ടോണും ഒക്കെ കേട്ടാല്‍ തന്നെ എവിടുന്നാണ് ലീക്ക് ആയത് എന്നൊക്കെ മനസിലാക്കാന്‍ സാധിക്കും. വ്യക്തിപരമായി വലിയ സൗഹൃദമുണ്ടായിരുന്ന ഒരാള്‍ ഓഡിയോ പുറത്ത് വിട്ടതില്‍ എനിക്കൊരു വേദനയുണ്ട് – പിഷാരടി പറഞ്ഞു.

അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനിടയായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. ജനറല്‍ ബോഡി ദിവസം ഒരു പ്രത്യേക ഘട്ടത്തില്‍ അമ്മ സംഘടനയുടെ നിലവിലുണ്ടായിരുന്ന എല്ലാ ഭാരവാഹികളും രാജി വെച്ച് പോവുകയാണ് എന്ന് പ്രഖ്യാപിച്ചു. താന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കൂടി രാജിവെക്കുന്നു എന്ന് പ്രസിഡന്റ് അംഗങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞ് അവിടെ നിന്ന് പോയപ്പോള്‍ അവിടെ പെട്ടന്നൊരു അനാഥത്വമുണ്ടായി. പിന്നാലെ അവിടെയുണ്ടായിരുന്ന ആളുകള്‍ ജഗദീഷിനെ താത്കാലിക അധ്യക്ഷനായി വെച്ചുകൊണ്ട് ഒരു ചര്‍ച്ച നടത്തി. യോഗം അനന്തമായി നീണ്ടു പോകുന്നത് കൊണ്ട് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയിരുന്നു. എന്നെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കേണ്ട സാഹചര്യമുണ്ടായെന്നും പിഷാരടി ഇതില്‍ നില്‍ക്കാമോ എന്നും ചോദിച്ചു. തിരക്കുകള്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ സ്വന്തം സംഘടന എന്ന നിലയില്‍ ഏതെങ്കിലും തരത്തില്‍ സഹായിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് കരുതി നില്‍ക്കാം എന്ന് സമ്മതിച്ചു. അങ്ങനെയാണ് അഡിഹോക്ക് കമ്മിറ്റി രൂപീകരിച്ചത് – അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here