തിരുവനന്തപുരം: താൽക്കാലിക നിയമനങ്ങളിലെ അപാകത ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. മൂന്നാഴ്ചയ്ക്കുള്ളിൽ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദ്ദേശം നൽകി. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വകുപ്പുകളിൽനിന്നും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ കണ്ടെത്തി മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസർക്കെതിരെ ഭരണസെക്രട്ടറിമാർ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പിഎസ്‌സിയുടെ സമീപകാലത്തെ നിയമനങ്ങളിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്താനും സർക്കാർ ഒരുങ്ങുന്നുണ്ട്. ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിൽ വീഴ്ച സംഭവിച്ചതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിഎസ്സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ കർശന നടപടികളിലേക്ക കടക്കാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിഞ്ഞ ഒരാഴ്ചയായി കിട്ടുന്ന പരാതികളിൽ ഏറെയും കേരള പബ്ലിക് സർവീസ് കമ്മിഷന് എതിരെയാണ്. പിഎസ്സിക്കു നേരിട്ടു ലഭിക്കുന്ന പരാതികളിൽ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.








