സാൻ ഫ്രാൻസിസ്കോ: ആഡംബര കപ്പൽ യാത്രകളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് രണ്ട് വ്യത്യസ്‌തമായ വൈറസ് ബാധകളുടെ റിപ്പോർട്ടുകൾ പുറത്തുവരുന്നു. സാൻ ഫ്രാൻസിസ്കോയിൽ നങ്കൂരമിട്ട റൂബി പ്രിൻസസ് കപ്പലിൽ അതിവേഗം പടരുന്ന നോറോവൈറസ് ബാധ റിപ്പോർട്ട് ചെയ്‌തപ്പോൾ, അന്താരാഷ്‌ട്ര തലത്തിൽ വലിയ ഭീതി പരത്തിയ എംവി ഹോണ്ടിയസ് കപ്പലിലെ മാരകമായ ഹൻ്റാവൈറസ് വ്യാപനം പൂർണമായും അവസാനിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
റൂബി പ്രിൻസസിനെ ഉലച്ച് നോറോവൈറസ് ബാധ
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കാനഡ, അലാസ്‌ക എന്നിവിടെങ്ങളിലേക്ക് 20 ദിവസത്തെ യാത്ര നടത്തി തിരിച്ചെത്തിയ റൂബി പ്രിൻസസ് കപ്പലിലാണ് നോറോവൈറസ് വില്ലനായത്. കപ്പലിലെ 102 യാത്രക്കാർക്കും 23 ജീവനക്കാർക്കും ഉൾപ്പെടെ 125 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി യുഎസ്‌സിഡിസി (CDC) അറിയിച്ചു. കടുത്ത ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയാണ് ഈ വൈറസിൻ്റെ പ്രധാന ലക്ഷണങ്ങൾ. കപ്പലിൽ ആകെ 4,000-ത്തോളം ആളുകൾ ഉണ്ടായിരുന്നു. അടുത്ത സർവീസിന് മുൻപായി കപ്പൽ പൂർണമായും അണുവിമുക്തമാക്കാനുള്ള നടപടികൾ കമ്പനി ആരംഭിച്ച് കഴിഞ്ഞു.
ആഗോള ഭീതി പരത്തിയ ഹോണ്ടിയസ് ഹൻ്റാവൈറസ് ഒടുങ്ങി
ക്രൂയിസ് കപ്പൽ എംവി ഹോണ്ടിയസ് നങ്കൂരമിട്ടിരിക്കുന്നത് (AP)
അതേസമയം കഴിഞ്ഞ ഏപ്രിൽ മുതൽ ലോകത്തെ മുൾമുനയിൽ നിർത്തിയ എംവി ഹോണ്ടിയസ് എന്ന പോളാർ പര്യവേഷണ കപ്പലിലെ ഹൻ്റാവൈറസ് ഔട്ട്ബ്രേക്ക് അവസാനിച്ചതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്ഥീരികരിച്ചു. കപ്പലുമായി സമ്പർക്കത്തിലുണ്ടായിരുന്ന അവസാന വ്യക്തിയും ക്വാറന്റൈൻ പൂർത്തിയാക്കി നെഗറ്റീവ് ആയതോടെയാണ് ഈ ആശ്വാസ പ്രഖ്യാപനം.
കപ്പലിൽ ആകെ 13 പേർക്കാണ് രോഗം ബാധിച്ചത്, ഇതിൽ മൂന്ന് പേർ മരണപ്പെടുകയും ചെയ്‌തിരുന്നു. എലിപോലുള്ള ജീവികളിൽ നിന്ന് പടരുന്ന ഹൻ്റാവൈറസിൻ്റെ ആൻഡീസ് വകഭേദമാണ് ഇതിന് കാരണമായത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ള ഏക ഹൻ്റാവൈറസ് സ്ട്രെയിൻ ഇതാണെന്നതായിരുന്നു ശാസ്ത്രലോകത്തെ വലിയ ആശങ്കയ്ക്ക് കാരണം.
രോഗപ്രതിരോധവും ഭാവി ഗവേഷണങ്ങളും
തുറസായ സ്ഥലങ്ങളെ അപേക്ഷിച്ച് കപ്പലുകൾ പോലുള്ള അടഞ്ഞ അന്തരീക്ഷങ്ങളിൽ ഇത്തരം വൈറസുകൾ അതിവേഗം പടരുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. റൂബി പ്രിൻസസിലെ നോറോവൈറസിനെ പ്രതിരോധിക്കാൻ ഹാൻഡ് സാനിറ്റൈസറുകൾ ഫലപ്രദമല്ലെന്നും സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കൈ കഴുകുകയാണ് പ്രധാനമെന്നും സിഡിസി നിർദ്ദേശിക്കുന്നു.
ഹൻ്റാവൈറസിന് നിലവിൽ വാക്‌സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്തതിനാൽ, ഭാവിയിലെ പ്രതിരോധത്തിനായി 21 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വലിയൊരു പഠനത്തിന് ലോകാരോഗ്യ സംഘടന തുടക്കം കുറിച്ചിട്ടുണ്ട്.








