തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ദീർഘകാല ആവശ്യം അംഗീകരിച്ച് കേരള നിയമസഭ. പേരുമാറ്റത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കേരള (പേരു മാറ്റൽ) ബില്ലിൻ്റെ കരട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.
കേരള നിയമസഭ അംഗീകരിച്ച കരടുബിൽ രാഷ്ട്രപതിയുടെ അനുമതിയോടെ കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിക്കും. ഭരണഘടന ഭേദഗതി ആവശ്യമുള്ളതിനാൽ ഇരുസഭകളിലും പാസാക്കിയ ശേഷമാകും തുടർ നടപടികൾ.
ജൂലൈ 14നകം കേരള നിയമസഭയിൽ ചർച്ച ചെയ്ത് അഭിപ്രായമറിയാക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു കരടുബിൽ കഴിഞ്ഞ ജൂൺ അഞ്ചിന് നിയമസഭയിലേക്ക് അയച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരമാണ് നിയമസഭയുടെ അഭിപ്രായം തേടിയത്. കരടു ബില്ലിൻ്റെ പത്ത് വകുപ്പുകളും നിയമസഭ അംഗീകരിച്ച ശേഷം വിശദാംശങ്ങൾ സഹിതം തിരിച്ചയക്കാനാണ് രാഷ്ട്രപതി നിർദ്ദേശിച്ചിരുന്നത്.
‘കേരളം’ എന്നു പേരു മാറ്റാൻ 2024 ജൂൺ 24ന് നിയമസഭ ഏകകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. പേരു മാറ്റം നിലവിൽ വരാൻ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യേണ്ടി വരും. സംസ്ഥാനം രുപീകരിച്ച ശേഷം ആദ്യമായാണ് പേരിൽ മാറ്റം വരുത്തുന്നത്.
പേരുമാറ്റ നടപടിക്രമങ്ങൾ പുർത്തിയായാൽ ഗവൺമെൻ്റ് ഓഫ് കേരളം എന്ന് ഇംഗ്ലീഷിലും കേരളം സർക്കാർ എന്ന് മലയാളത്തിലും മാറ്റേണ്ടി വരും. വിവിധ ഓഫീസുകളുടെ ബോർഡുകൾ, മുദ്രകൾ, ലെറ്റർപാഡുകൾ, വെബ് സൈറ്റുകൾ, ആപ്പുകൾ എന്നിവയെല്ലാം മാറ്റേണ്ടി വരും. നിയമസഭ, വിവിധ പൊതുമേഖല സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെയെല്ലാം പേരിലും മാറ്റം വരും. പേരുമാറ്റത്തിനായി സർക്കാരിന് കോടികൾ ചെലവാക്കേണ്ടി വരും.
കരിമണൽ ഖനനത്തിലെ ക്രമക്കേടുകൾ അന്വേഷിക്കും
തോട്ടപ്പള്ളി സ്പിൽവേയുടെ തീരദേശത്തു നിന്നും മുൻവർഷങ്ങളിൽ നടന്നത് ഉൾപ്പെടെയുള്ള ധാതുമണൽ ഖനന പ്രവൃത്തികൾ വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷണ വിധേയമാക്കും. പാരിസ്ഥിതിക പരിശോധനകൾ അടിയന്തരമായി നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ജി സുധാകരൻ്റെ ഉപക്ഷേപത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. തോട്ടപ്പള്ളി സ്പിൽവേ തീരദേശത്ത് കഴിഞ്ഞ 25 വർഷം നടന്ന ഖനനം വിശദമായി അന്വേഷിക്കണമെന്നും വ്യാപക ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നതായും ജി സുധാകരൻ ആരോപിച്ചു.








