14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

0
3
തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രമുഖ മുസ്‌ലിം ലീഗ് നേതാവിനെതിരെ തലശ്ശേരി ടൗൺ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. മുസ്ലീം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് കേസ്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകൻ കൂടിയാണ് പ്രതിയായ ഇയാൾ.
പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.
ദർസിൽ വെച്ച് പതിനാലുകാരനായ ആൺകുട്ടിയെ ഇയാൾ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രകടമായ വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വിശദമായ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് അധ്യാപകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ പീഡന വിവരങ്ങൾ കുട്ടി തുറന്നുപറഞ്ഞത്.
ഇതിന് പിന്നാലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 16-നാണ് തലശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനത്തിനിരയായ പതിനാലുകാരന്റെ കൃത്യമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയത്.ഒളിവിൽ കഴിയുന്ന പ്രതിയുടെ വീട്ടിൽ പൊലീസ് സംഘം വിശദമായ റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അഹമ്മദ് തേർളായിക്കെതിരെ മുൻപും സമാനമായ രീതിയിൽ പീഡന പരാതികൾ ഉയർന്നിരുന്നുവെന്നും, എന്നാൽ അതെല്ലാം രാഷ്ട്രീയ-സാമൂഹിക സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here