എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധി 40 വയസ്സാക്കി ഉയർത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയർത്തിക്കൊണ്ട് സർക്കാർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് എയ്‌ഡഡ് സ്കൂളുകൾക്കും ബാധകമാക്കിയാണ് പുതിയ ഉത്തരവ്.
പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായപരിധി 40 വയസ്സാക്കി ഫെബ്രുവരി 27-നാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ സ്കൂളുകളിലെ നിയമനങ്ങൾക്ക് ഈ ഉത്തരവ് ബാധകമായിരുന്നെങ്കിലും എയ്‌ഡഡ് സ്കൂളുകളിലെ പ്രായപരിധി സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു.
തുടർന്ന്, കേരള വിദ്യാഭ്യാസ നിയമം അനുസരിച്ചുള്ള ഇളവുകൾ എയ്‌ഡഡ് സ്കൂളുകൾക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ മാർച്ച് 9-ന് സർക്കാരിന് ശുപാർശ സമർപ്പിച്ചു. ഈ ശുപാർശ അംഗീകരിച്ചാണ്, ഉയർന്ന പ്രായപരിധി കഴിഞ്ഞ ഫെബ്രുവരി മുതൽ മുൻകാലപ്രാബല്യത്തോടെ എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കും ബാധകമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ഉത്തരവ് നൽകിയത്.








