ജവാൻ റം ഉത്പാദനം അഞ്ച് ദിവസത്തിനകം പുനരാംരംഭിക്കാൻ എക്സൈസ് മന്ത്രി വിളിച്ച യോഗത്തില്‍ ധാരണയായി. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബല്‍, അടപ്പ് എന്നിവ നല്‍കുന്ന കമ്പനികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉല്‍പാദനം നിർത്തേണ്ടിവന്നിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ ബെവ്കോ നേരിട്ട് കുപ്പിയും സ്റ്റിക്കറും വാങ്ങാൻ തീരുമാനിച്ചു.
തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിലാണ് ജവാൻ റം ഉല്‍പ്പാദിപ്പിക്കുന്നത്. കുപ്പിയും സ്റ്റിക്കറും ലേബലും അടപ്പും നല്‍കുന്ന കമ്പനികള്‍ ടെണ്ടർ എടുത്തതിനുശേഷം കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു. വില കൂട്ടി നല്‍കാൻ സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് വേണം. തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ബെവ്കോ. തുടര്‍ന്നാണ് എക്സൈസ് മന്ത്രി വിളിച്ച യോഗത്തില്‍ ധാരണയായിരിക്കുന്നത്.








