ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പാക് പദ്ധതി;

0
3

ന്യൂഡൽഹി: പാകിസ്ഥാൻ്റെ ചാരസംഘടനയായ ഐഎസ്ഐ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭീകര സംഘത്തെ ന്യൂഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടി. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരുടെ നിർദേശപ്രകാരം ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നും കടത്തി ന്യൂഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഏഴുപേരാണ് പിടിയിലായത്. അനസ്, മോഹിത്, ദീപക്, ആരിഫ്, കരൺവീർ സിങ്, ജതൻ, സാബിർ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

പാകിസ്ഥാൻ ബന്ധം
പാകിസ്ഥാൻ അധോലോക നായകനും ഭീകരനുമായ ഷഹ്സാദ് ഭട്ടിയും കൂട്ടാളി അജ്മൽ ഗുജ്ജറുമാണ് ഈ സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് സ്പെഷ്യൽ സെൽ ഡിസിപി നാരാ ചൈതന്യ വ്യക്തമാക്കി. 2025 നവംബർ മുതൽ പ്രതികൾ പാകിസ്ഥാനിലുള്ള ഈ ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് അഞ്ച് അത്യാധുനിക സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ, 41 സജീവ വെടിയുണ്ടകൾ, ഏഴ് മൊബൈൽ ഫോണുകൾ, ഒരു സ്കോർപിയോ കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു.

പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ ഡിജിറ്റൽ വിവരങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പ്രതികൾ ഷഹ്സാദ് ഭട്ടിക്കും അജ്മൽ ഗുജ്ജറിനും വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന നിരവധി ശബ്ദസന്ദേശങ്ങളും മറ്റ് വിവരങ്ങളും ലഭിച്ചു. ഇതിന് പുറമെ ആയുധങ്ങളുടെയും മയക്കുമരുന്നിൻ്റെയും അനധികൃത വിൽപനയിലൂടെ ലഭിച്ച പണം കൈമാറാൻ ഉപയോഗിച്ചിരുന്ന നിരവധി ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെൻ്റ്
ഐഎസ്ഐയുടെ നിർദേശപ്രകാരം പാകിസ്ഥാനിലുള്ള ഭീകരർ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യക്കാരെ സംഘത്തിലേക്ക് ആകർഷിച്ചിരുന്നതായി 2026 മെയ് മാസത്തിൽ ഇൻ്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ആഡംബരപൂർണമായ ജീവിതം വാഗ്ദാനം ചെയ്താണ് യുവാക്കളെ ഇവർ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിച്ചത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യമുന വിഹാറിലെ ഭഗീരഥ് വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് സമീപത്തുനിന്ന് മോഹിത്തിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച ഒരു പിസ്റ്റളും പാകിസ്ഥാൻ ബന്ധം വ്യക്തമാക്കുന്ന ചാറ്റുകളുള്ള മൊബൈൽ ഫോണും കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഘത്തിൻ്റെ പ്രവർത്തന രീതികൾ പുറത്തുവന്നത്.

ഡ്രോൺ വഴിയുള്ള കടത്ത്
വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവർത്തിച്ചിരുന്നത്. പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി പഞ്ചാബിലേക്ക് ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുകയായിരുന്നു ഇവരുടെ രീതി. തുടർന്ന് ഇവ ന്യൂഡൽഹി ഉൾപ്പെടുന്ന എൻസിആർ മേഖലകളിൽ എത്തിക്കുകയും രഹസ്യ കേന്ദ്രങ്ങളിൽ ഉപേക്ഷിച്ച് കൈമാറുന്ന ഡെഡ് ഡ്രോപ്പ് രീതിയിലൂടെ വിതരണം ചെയ്യുകയുമായിരുന്നു.

ന്യൂഡൽഹി, ലോനി, ഹരിയാന എന്നിവിടങ്ങളിലെ പ്രധാന സ്ഥാപനങ്ങളിലും ഒരു ഭക്ഷണശാലയിലും സംഘത്തിലെ ചിലർ പ്രാഥമിക നിരീക്ഷണം നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ ഇവർ പാകിസ്ഥാനിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

രാജ്യത്ത് വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾക്കും അട്ടിമറികൾക്കുമാണ് ഐഎസ്ഐ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസിൻ്റെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും രാജ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ തുടരുമെന്നും സ്പെഷ്യൽ സെൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here