കേരളത്തിൽ പൊതുവേ എല്ലാ ദിവസവും, ഓണക്കാലത്ത് പ്രത്യേകിച്ചും വളരെ ആവശ്യക്കാർ ഉള്ള പൂവാണ് മാരിഗോൾഡ് അഥവാ ചെണ്ടുമല്ലി. കൊങ്ങിണി, ബന്തി എന്ന് പറയുന്നവരും ഉണ്ട്.
കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും അമ്പലങ്ങളിലും വാഹനങ്ങളിലും പുഷ്പചക്രങ്ങളിലും ഒക്കെ തന്നെ സമൃദ്ധമായി ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിക്കുന്നു.ഓണക്കാലത്ത് അത്തപ്പൂക്കളത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ആൾ ആണ് കക്ഷി എന്ന് പറയേണ്ടതില്ലല്ലോ?
അപ്പോ, ഈ ഓണത്തിന് ചെണ്ടുമല്ലിപ്പൂക്കൾ പറിയ്ക്കണമെങ്കിൽ ഏതാണ്ട് ജൂൺ ആദ്യ വാരം തൈകൾ പറിച്ചു നടണം.
അതിനായി തൈകൾ ഉണ്ടാക്കാൻ ഇപ്പോൾ തുടങ്ങാം.അല്ലെങ്കിൽ തൈകൾ ഉണ്ടാക്കി നൽകുന്നവർക്ക് ഓർഡർ കൊടുക്കാം.
മാരിഗോൾഡ് രണ്ട് തരത്തിലുണ്ട്.
1. ആഫ്രിക്കൻ മാരിഗോൾഡ് (Tagetes erecta ) 2. ഫ്രഞ്ച് മാരിഗോൾഡ് (Tagetes patula ).
ആകർഷകമായ ചെറിയ പൂക്കൾ ആണ് ഫ്രഞ്ച് മാരിഗോൾഡിന്. അത് ചട്ടികളിലോ പുൽത്തകിടികളുടെ അരികുകൾ ‘എഡ്ജ്’ ചെയ്യുന്നതിനോ പറ്റിയവ ആണ്. നല്ല കുറ്റിച്ചെടിയായി,വളരെ ചെറുതിലേ തന്നെ (പറിച്ചു നട്ട് 40-45 ദിവസങ്ങൾക്കുള്ളിൽ ) പൂക്കൾ പിടിക്കാൻ തുടങ്ങും. വിവിധ വർണങ്ങളിൽ, ഒരു പൂവിൽ തന്നെ ഒന്നിലധികം നിറങ്ങളിൽ അവ ലഭ്യമാണ്.
Arka Honey , Arka Paari, Gypsy, Lemon Drop, Pride of India എന്നിവ ഇവയുടെ നല്ല ഇനങ്ങളാണ്.
Loose Flower അഥവാ ഇറുപ്പ് പൂക്കൾ എന്ന നിലയിൽ വാണിജ്യ പ്രാധാന്യമുള്ളത് വലിയ പൂക്കൾ ഉള്ള ആഫ്രിക്കൻ മാരിഗോൾഡിനാണ്. ഓറഞ്ച്, മഞ്ഞ, വെള്ള നിറങ്ങളിൽ ഇവ ലഭ്യമാണ്.
Open Pollinated ഇനങ്ങളും (വില കുറവായിരിക്കും ) സങ്കര ഇനങ്ങളും (വില കൂടുതലാണ് ) വിപണിയിൽ ഉണ്ട്. സങ്കര ഇനത്തിന് ഒരു വിത്തിന് തന്നെ രണ്ട് -രണ്ടര രൂപ വില വരും
നിരവധി കമ്പനികൾ സങ്കരയിനങ്ങൾ പുറത്തിറക്കുന്നുണ്ട്.
നല്ല വിത്തുകൾ ഓൺലൈൻ ആയി കിട്ടാൻ www.bighaat.com സന്ദർശിക്കാം.
കേന്ദ്ര സർക്കാർ സ്ഥാപനമായ ബാംഗ്ലൂർ ഹസ്സർഘട്ട യിലെ Indian Institute of Horticulture Research പുറത്തിറങ്ങിയ ഇനങ്ങളാണ് മഞ്ഞ നിറത്തിലുള്ള Arka Bangara, ഓറഞ്ച് നിറത്തിലുള്ള Arka Agni എന്നിവ.
ന്യൂഡൽഹിയിലെ Pusa യിൽ ഉള്ള Indian Agricultural Research Institute (IARI ) പുറത്തിറക്കിയ ഇങ്ങളാണ് Pusa Basanthi(മഞ്ഞ ), Pusa Narangi Gainda (ഓറഞ്ച് ) എന്നിവ.
Sakata Seeds, East West Seed Company, Namdhari seeds എന്നിവയുടെ ഇനങ്ങളും നല്ലതാണ്.
ഹ്രസ്വകാല വിളയാണ് മാരിഗോൾഡ്. നാല് മുതൽ അഞ്ച് മാസം കൊണ്ട് കഴിയും. നല്ല പരിചരണ മുറകൾ അല്ലെങ്കിൽ അതിനും വളരെ മുൻപേ തന്നെ കഴിയും
15 ഡിഗ്രി മുതൽ 29 ഡിഗ്രി വരെയുള്ള താപനില ആണ് ചെണ്ടുമല്ലിക്കൃഷിയ്ക്ക് അനുയോജ്യം.
വലിയ ചൂടുള്ള കാലാവസ്ഥയിൽ പ്രകടനം മോശമാകും. അമ്ലത കൂടിയ അഥവാ pH കുറഞ്ഞ മണ്ണിൽ ആണ് രോഗങ്ങൾ കൂടുതൽ.പ്രത്യേകിച്ചും അഴുകൽ രോഗം.ആയതിനാൽ കുമ്മായ പ്രയോഗം അനിവാര്യം.
പ്രോ -ട്രേകളിൽ 3:1അനുപാതത്തിൽ നാര് കളഞ്ഞ ചകിരി ചോറ് (EC കുറഞ്ഞത് ), നന്നായി ഉണക്കി പൊടിച്ച ചാണകപ്പൊടി അല്ലെങ്കിൽ അരിച്ച മണ്ണിരക്കമ്പോസ്റ്റ് ചേർത്ത മിശ്രീതത്തിൽ തൈകൾ വളർത്തി എടുക്കാം.
നല്ല വെയിൽ കിട്ടിയില്ലെങ്കിൽ തൈകൾ ബലം കുറഞ്ഞ്,നീണ്ട് വളരും. അത് നല്ലതല്ല. നാലാഴ്ചയെങ്കിലും പ്രായമുള്ള ആറ് ഇലകൾ എങ്കിലും ഉള്ള, കരുത്തുള്ള നിവർന്ന് നിൽക്കുന്ന തൈകൾ മാത്രം പറിച്ചു നടുക.
മഴക്കാലകൃഷി ആയതിനാൽ അല്പം ഉയരമുള്ള വാരങ്ങളിൽ നടുന്നതാണുത്തമം.
അല്പം പോലും വെള്ളക്കെട്ട് മാരിഗോൾഡ് സഹിക്കില്ല.
നല്ല വെയിലുള്ള സ്ഥലവും നീർവാർച്ചയുള്ള മണ്ണും നിർബന്ധം.
കിളച്ച് കട്ടയുടച്ച് ഒരു സെന്റിന് 2-3 കിലോ കുമ്മായപ്പൊടി അല്ലെങ്കിൽ Dolomite ചേർത്തിളക്കി രണ്ടാഴ്ച ഇട്ടതിന് ശേഷം ഒരു സെന്റ് സ്ഥലത്തേക്ക് 100 കിലോ അളവിൽ അഴുകിപ്പൊടിഞ്ഞ കാലിവളവും സെന്റിന് 220ഗ്രാം യൂറിയ ,400ഗ്രാം മസൂറി ഫോസ്,100ഗ്രാം പൊട്ടാഷ് എന്നീ അളവിൽ അടിസ്ഥാന വളവും ചേർക്കണം.(ഒരു സെന്റിൽ 200 ചെടികൾ ക്കായി ഇത് വീതിച്ചു നൽകണം).വൈകുന്നേരങ്ങളിൽ തൈകൾ പറിച്ചു നടണം. ആവശ്യത്തിന് മാത്രം നനയ്ക്കണം.
വരികളും ചെടികളും തമ്മിൽ ഒന്നര അടി അകലം നൽകാം. (45cmx45cm). ഒരു സെന്റിൽ ഏതാണ്ട് 200 ചെടികൾ നടാം.
നട്ട് ഇരുപതു ദിവസം കഴിയുമ്പോൾ ഇടയിളക്കി സെന്റിന് 220ഗ്രാം യൂറിയ,100ഗ്രാം പൊട്ടാഷ് എന്നിവ മേൽ വളമായി നൽകാം.
പറിച്ച് നട്ട് 27 ദിവസം കഴിയുമ്പോൾ മണ്ട നുള്ളിക്കൊടുക്കുന്നത് (Pinching ) കൂടുതൽ ശിഖരങ്ങൾ വരാനും ചെടികൾക്ക് കരുത്ത് കൂടാനും സഹായിക്കും. കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ പൂക്കളും ഉണ്ടാകും. ചിലർ നാൽപതു ദിവസം ആകുമ്പോൾ ശിഖരങ്ങളുടെയും മണ്ട നുള്ളി കൊടുക്കാറുണ്ട്.(Double pinching ).ഈ രീതിയിൽ പൂക്കളുടെ ‘എണ്ണം’ കൂടുമെങ്കിലും ‘വണ്ണം’ കുറയും.
നാല്പത് ദിവസം കഴിഞ്ഞ് ഉള്ള മണ്ട നുള്ളൽ ഗുണം ചെയ്യില്ല. മണ്ട ഇരിഞ്ഞെടുക്കരുത്. മുറിപ്പാടിൽ അല്പം Indofil കുഴമ്പ് തേയ്ക്കുന്നത് നന്നായിരിക്കും.
ആവശ്യത്തിന് നന നൽകണം. മൊട്ട് വന്ന് കഴിഞ്ഞാൽ പിന്നെ മണ്ണിൽ ഈർപ്പം ഇല്ലാത്ത അവസ്ഥ ഉണ്ടാകാനേ പാടില്ല. ചെടികളുടെ വളർച്ച വിലയിരുത്തി ഇടയ്ക്ക് 19:19:19 ആവശ്യമെങ്കിൽ 5ഗ്രാം /ലിറ്റർ വെള്ളം എന്ന അളവിൽ ഇലകളിൽ തളിച്ച് കൊടുക്കാം.
പറിച്ചു നട്ട് ഏതാണ്ട് 60-65 ദിവസങ്ങൾ കഴിയുമ്പോൾ (കാലാവസ്ഥ, വളപ്രയോഗം ഒക്കെ അനുസരിച്ചു ചെറിയ വ്യത്യാസങ്ങൾ വരാം ) പൂക്കൾ വിളവെടുത്ത് തുടങ്ങാം. മൂന്ന് ദിവസത്തിലൊരിക്കൽ പൂക്കൾ വിളവെടുക്കാം.
ഒരു ഹെക്റ്ററിൽ നിന്നും 6000 കിലോ മുതൽ 10000 കിലോ വരെ പൂക്കൾ വിളവെടുക്കാം.അത്തം മുതൽ തിരുവോണം വരെ കിലോയ്ക്ക് 100 രൂപ മുതൽ 150 രൂപ വരെ വില ലഭിച്ചേക്കാം.പക്ഷെ 50 രൂപ കിട്ടിയാലും പിടിച്ചു നിൽക്കാം എന്ന് ചിന്തിക്കുന്നവർക്ക് ധൈര്യമായി ഈ കൃഷിയിൽ ഇറങ്ങാം. കൃഷിചെലവ് എങ്ങനെ കുറയ്ക്കാം എന്ന് ചിന്തിക്കണം.
വാണിജ്യാടിസ്ഥാനത്തിൽ ചെണ്ടുമല്ലിക്കൃഷി ചെയ്യുമ്പോൾ ധാരാളം രോഗ കീടങ്ങൾ വന്നേക്കാം.
ഇലപ്പേനുകൾ (Thrips )
ഇലതീനി പുഴുക്കൾ(Defoliators)
മീലി മൂട്ടകൾ(Mealy Bugs)
മണ്ഡരികൾ (Mites )
എന്നീ കീടങ്ങളെയും സൂക്ഷിക്കണം.
വാട്ടം(Wilt) /അഴുകൽ(Rot)
ഇലപ്പുള്ളി (Leaf spot )
എന്നീ രോഗങ്ങളെയും പ്രതീക്ഷിക്കണം.
രോഗ -കീട ശല്യങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കർഷകർ പഠിക്കണം. അതിനെ എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്ന് വിവരമുള്ളവരുമായി ചോദിച്ച്, മുൻകൂട്ടി മനസ്സിലാക്കി വയ്ക്കണം.ഒരു നല്ല സംയോജിത കീട -രോഗ പ്രതിരോധ പ്ലാൻ ഉണ്ടാകണം.
അപ്പോൾ, ഈ ഓണത്തിന് പൂക്കൾ സ്വന്തം തോട്ടത്തിൽ നിന്നും തന്നെ ആകാം അല്ലേ?
കഴിയുമെങ്കിൽ പോഷകപ്പൂന്തോട്ടത്തിൽ (Foodscape Garden ) നിന്നുമായിക്കോട്ടേ.പോഷകത്തോട്ടത്തി,’നിടെ ക്കിടെ’ അവിടവിടെയായി മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂക്കൾ പച്ചക്കറികൾക്ക് ഇടവിളയായി. ഒരേ തോട്ടത്തിൽ നിന്നും ആഹാരവും ആദായവും അലങ്കാരവും ആനന്ദവും.
Four in One. ” പക്ഷെ, അതൊക്കെ ബല്യ പാടല്ലേ രാഗവാ…”
കഴിഞ്ഞ ഓണക്കാലത്തിന്റെ ഒരു പ്രധാന പ്രത്യേകത, അത്തപ്പൂക്കളങ്ങളിൽ ഉപയോഗിച്ച ചെണ്ടുമല്ലിപ്പൂക്കളിൽ ഒരു വലിയ പങ്ക് ‘Made in Kerala ‘ആയിരുന്നു എന്നതാണ്.
മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ ഉള്ള ഇനങ്ങൾ ആണ് കൂടുതൽ കളം നിറഞ്ഞത്. (വെള്ള നിറമുള്ള പൂക്കൾക്ക് 300-350 രൂപ വരെ വന്നു. പക്ഷെ അധികം ഉത്പാദിപ്പിച്ചു കണ്ടില്ല ).നമ്മുടെ മണ്ണിൽ അത്ര ‘പുടിത്തം’പോരാ.
സംഘടിതമായ കൃഷി മാത്രം എടുത്താൽ തന്നെ കേരളത്തിൽ ഒരു അഞ്ഞൂറ് ഹെക്റ്ററിൽ എങ്കിലും പൂക്കൃഷി തകൃതിയായി നടന്നു. ഇത്രയധികം പൂക്കൾ ഉണ്ടാക്കി കർഷകർ നേരിട്ട് വിപണനം ചെയ്തത് പ്രാദേശിക പൂക്കച്ചവടക്കാരിൽ ഒരു വിഭാഗത്തിന് വലിയ അസ്വസ്ഥതകൾ ഉണ്ടാക്കി എന്ന് വേണം കരുതാൻ. അതിനാൽ ഓണം കഴിഞ്ഞപ്പോൾ പലരും പൂക്കൾ വാങ്ങാൻ തയ്യാറായതുമില്ല എന്ന വാർത്തകളും കേട്ടു.
തോവാളയിലെ ചെണ്ടുമല്ലിപ്പൂക്കൾ 70-80 രൂപ നിലവാരത്തിൽ കച്ചവടം നടന്നപ്പോൾ തദ്ദേശീയമായി ഉത്പാദിപ്പിച്ച പൂക്കൾ ശരാശരി 150 രൂപയ്ക്കാണ് തിരുവോണം വരെ വിറ്റ് പോയത്.
ഓണം കഴിഞ്ഞതോടെ ഈ തോട്ടങ്ങളിലെ പൂക്കൾ മാന്യമായ വിലയ്ക്ക് വിറ്റ്പോകാത്തത് ഒരു സങ്കടക്കാഴ്ചയായി.
ഈ പശ്ചാത്തലത്തിൽ ഈ വർഷം ചെണ്ടുമല്ലിക്കൃഷി ഏറ്റെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങൾ പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നു.
ഇത് വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ കൂടി പങ്ക് വയ്ക്കുകയാണെങ്കിൽ സന്തോഷം.
1.കഴിഞ്ഞ വർഷത്തെ പൂക്കൃഷിയിലൂടെ നമ്മൾ, തോവാള പോലെയുള്ള പരമ്പരാഗത പൂഗ്രാമങ്ങളു (Traditional Flori Villages) മായിട്ടാണ് മത്സരിച്ചത് .
വളരെ സൂസംഘടിതമായ ഒരു Supply Chain മായാണ് നമ്മൾ ഏറ്റുമുട്ടിയത് എന്ന് ചുരുക്കം. അവര് പെരിയമാന ആളുകള്… ഓണക്കാലം മാത്രം നോക്കിയല്ല ഓല് കൃഷി ചെയ്യുന്നത്.വർഷം മുഴുവനും പൂക്കൾ ഉത്പാദിപ്പിക്കുന്നവരാണവർ . അവിടെ കൂലിചെലവ് വളരെ കുറവാണ്. ആയതിനാൽ അവർക്ക് കിലോയ്ക്ക് 20-25 രൂപ കിട്ടിയാലും ലാഭകരമാണ്.
അത് വിൽക്കാൻ സഹായിക്കുന്ന ഇടനിലക്കാർക്കും പൂക്കച്ചവടക്കാർക്കും അത് Win -Win സാഹചര്യമാണൊരുക്കുന്നത്.
മറുവശത്ത്, നമ്മുടെ കർഷകർ അങ്ങനെ ഒരു marketing tie up ഇല്ലാതെയാണ് കൃഷിയ്ക്കിറങ്ങുന്നത്.അവർ കൃഷിയിലേക്ക് എടുത്ത് ചാടുകയാണ്.തോവാളയിൽ ചെണ്ടുമല്ലിക്കൃഷി ഒരു ‘venture’ ആണെങ്കിൽ ഇവിടെ പലർക്കും അത് ‘adventure’ ആണ്.
അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിൽ പറിക്കുന്ന പൂക്കൾക്ക് മികച്ച വില ലഭിക്കും. പക്ഷെ 65 ദിവസം വരെ വിളവെടുപ്പ് കാലം ഉള്ള ചെണ്ടുമല്ലി ചെടികളിലെ ബാക്കി പൂക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചു നമ്മുടെ കർഷകർക്ക് ധാരണക്കുറവുണ്ട്.
2. പൂക്കച്ചവടക്കാർക്ക് വർഷം മുഴുവൻ പൂക്കൾ വേണം. നമുക്കതിന് കഴിഞ്ഞില്ലെങ്കിൽ അവർ നമ്മുടെ കർഷകരുമായി കൈകോർക്കാൻ സാധ്യത കുറവാണ്.അത് കണക്കിലെടുക്കണം.
Consistency, Quality, Quantity ഇത് മൂന്നും റൊമ്പ പ്രധാനം രമണാ..
3. സന്ദർശകരെ തോട്ടത്തിലേക്ക് ആകർഷിച്ച് അതിന്റെ Gate fee പോലെയുള്ള ധനസമ്പാദനം നടത്താൻ എല്ലാവർക്കും കഴിയുമെന്ന് തോന്നുന്നില്ല.ചിലർ അങ്ങനെ വരുമാനം ഉണ്ടാക്കും.പക്ഷേ കർഷകക്കൂട്ടായ്മകൾക്ക് ഇത് leverage ചെയ്യാം.
4. ഓണത്തിന് ചെണ്ടുമല്ലി മാത്രമല്ല പൂക്കളങ്ങൾക്ക് വേണ്ടത്. പല നിറങ്ങളിൽ ഉള്ള അരളിപ്പൂക്കൾ (Nerium ), തെച്ചി (Ixora ), പല നിറങ്ങളിൽ ഉള്ള വാടാമല്ലി (Gomphrena ), കോഴിപ്പൂവ് (Celosia ), പല നിറങ്ങളിൽ (പ്രത്യേകിച്ചും വെള്ള നിറത്തിലുള്ള ) ജമന്തി (Chrysanthemum ) എന്നിവയൊക്കെ ആവശ്യമുണ്ട്. അവയുടെ ഉത്പാദന സാദ്ധ്യതകൾ പരിശോധിക്കണം. ഇതിൽ ചിലവ ദീർഘകാല വിളകൾ ആണ്. ചെണ്ടുമല്ലിയിൽ തന്നെ വെള്ള നിറത്തിൽ ഉള്ള ഇനങ്ങളും ആരും കാര്യമായി കൃഷി ചെയ്ത് കണ്ടില്ല.
5. നല്ല സൂര്യപ്രകാശമുളള, നീർവാർച്ചയുള്ള, ജലസേചന സൗകര്യമുളള സ്ഥലങ്ങൾ ആണ് പൂകൃഷിയ്ക്ക് വേണ്ടി തരം മാറ്റുന്നത്. അവിടെ തക്കാളി അടക്കമുള്ള (ജൂൺ -ജൂലൈ മാസങ്ങളിൽ കഴിഞ്ഞ രണ്ട് മൂന്ന് വര്ഷങ്ങളായി വലിയ വില ലഭിക്കുന്നു ) വിറ്റഴിക്കാൻ പ്രയാസമില്ലാത്ത പച്ചക്കറികൾ ചെയ്യുന്നതിനേക്കാൾ ലാഭകരമാണോ പൂക്കൃഷി എന്ന് പരിശോധിക്കണം.
6. Foodscaping എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് ഇടവിളകൾ ആയി ചീര, മുളക് എന്നിവയ്‌ക്കൊപ്പം ചെണ്ടുമല്ലി, വാടാമല്ലി, കോഴിപ്പൂവ് എന്നിവ കൃഷി ചെയ്‌താൽ ഉള്ള ലാഭക്ഷമത Economist കൾ കണ്ടെത്തണം.
7.ആദ്യമാദ്യം ഉള്ള പൂക്കൾ നല്ല വലിപ്പത്തിലും പിന്നെ വലിപ്പം കുറഞ്ഞും കാണുന്നു. ‘എണ്ണത്തിൽ കൂടുമ്പോൾ വണ്ണത്തിൽ കുറയുമല്ലോ’. പൂക്കളുടെ വലിപ്പം നിശ്ചയിക്കുന്നതിൽ Single Pinching, Double Pinching എന്നിവയുടെ സ്വാധീനം പഠനവിധേയമാക്കണം.
Soil test based ആയ ഒരു വളപ്രയോഗ രീതി ഓരോ Agro Ecological Zone നുമായി കാർഷിക സർവ്വകലാശാല ചിട്ടപ്പെടുത്തണം.
8. വാടാമല്ലി പോലെയുള്ള ചെറിയ പൂക്കൾ വിളവെടുക്കുന്നത് വളരെ ശ്രമകരം ആണെന്ന് കർഷകർ തിരിച്ചറിയുന്നു.അതിന്റെ കൃഷിയിൽ വിളവെടുപ്പ് കുടുംബ അധ്വാനം കൊണ്ട് തന്നെ ആകണം.ഇല്ലെങ്കിൽ ഒരു കാര്യവുമില്ല.
9. വലിപ്പമുള്ള പൂക്കൾ തരുന്ന, ചെണ്ടുമല്ലിയുടെ സങ്കരയിനങ്ങൾ ഉരുത്തിരിച്ചെടുത്ത്, താങ്ങാവുന്ന നിരക്കിൽ കർഷകർക്ക് കൊടുക്കാൻ കാർഷിക സർവ്വകലാശാല പദ്ധതി തയ്യാറാക്കണം.
10. ചെണ്ടുമല്ലി കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ നിമാവിര ശല്യം കുറയുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഓണക്കാല പച്ചക്കറി കൃഷിക്കാർക്ക്, ഇടവിളയായി ചെണ്ടുമല്ലി ഉൾപ്പെടുത്താൻ ഒരു വലിയ കാരണമാണത്.
11. വിളവെടുത്ത് കഴിഞ്ഞ് ഉള്ള അവശിഷ്ടങ്ങൾ ഉപയോഗിച്ച് കീട വിരട്ടികൾ (Pest repellants ), നിമാവിര നാശിനികൾ എന്നിവ കൃഷിയിടത്തിൽ ഉണ്ടാക്കാൻ ഉള്ള സാങ്കേതിക വിദ്യകൾ ഉണ്ടാകണം.
12. ചെണ്ടുമല്ലി പൂക്കളിൽ നിന്നും കൊതുക് തിരി, അഗർബത്തി എന്നിവ ഉണ്ടാക്കാൻ കഴിയും. അതിന് കൂടുതൽ സൗരഭ്യം നൽകി എങ്ങനെ വിറ്റഴിക്കാൻ കഴിയും എന്ന് പരിശോധിക്കണം. (ഉണ്ടാക്കൽ ഒരു പ്രശ്നമില്ല, പക്ഷെ വിപണനം എളുപ്പമാകില്ല). വലിയ ബ്രാൻഡുകളോടാണ് വിപണിയിൽ മത്സരിക്കേണ്ടത്.
13.ചെണ്ടുമല്ലിപ്പൂക്കളിൽ നിന്നും ഭക്ഷ്യയോഗ്യമായ നിറങ്ങൾ (natural food colour, dye ) എന്നിവ ഉണ്ടാക്കാൻ ആവശ്യമായ സാങ്കേതിക വിദ്യയും അത് വിൽക്കാനുള്ള Forward linkages ഉം ഉണ്ടാക്കണം.കാർഷിക സർവ്വകലാശാല ഇടപെടണം.
14. ഈ പൂക്കളിൽ നിന്നും Lutein, Carotenoids പോലെയുള്ള പോഷകവസ്തുക്കൾ ഉത്പാദിപ്പിക്കാനും അവ വിൽക്കാൻ ഉള്ള Industry linkages ഒരുക്കണം.
15. Marigold Leaf Tea, Dried petals, Pot Pourie തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദന -വിപണന സാദ്ധ്യതകൾ പരിശോധിക്കണം.
കൂടുതൽ പോയിന്റുകൾ വായനക്കാരിൽ നിന്നും ക്ഷണിക്കുന്നു.
വാണിജ്യാടിസ്ഥാനത്തിൽ ഇറുപ്പ് പൂക്കൾ (loose flowers )കൃഷി കേരളത്തിൽ സാധ്യമാണ് എന്ന് കർഷകർ തെളിയിച്ചു കഴിഞ്ഞു. ഇനി അത് ലാഭകരമാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കേണ്ടത്.ചെറിയ തോതിലുള്ള സാമ്പത്തിക സഹായം കൃഷി വകുപ്പിൽ നിന്നും കിട്ടും.
വാൽക്കഷ്ണം :കേരളത്തിൽ ഉണ്ടാക്കിയ പൂക്കൾ കൊണ്ട് മാല കെട്ടുമ്പോൾ കൈകൾക്ക് അഴലക്കവും ചൊറിച്ചിലും ഉണ്ടാകുന്നില്ലെന്ന് ചില പൂക്കടക്കാർ പറഞ്ഞുവത്രെ.
നമ്മളുടേത് “ജൈവ പൂക്കൾ” ആണ് രമണാ. അപ്പോൾ Safe to use /handle എന്ന tag line ഓട് കൂടി “നുമ്മ പൂക്കൾ ജൈവ പൂക്കൾ ‘ എന്ന് പറഞ്ഞ് പൂമാല കെട്ടുന്നവരെ ആകർഷിക്കണം. ഒരു സ്ഥിര -ന്യായ വിലയ്ക്ക് വർഷം മുഴുവൻ അവർക്ക് പൂക്കൾ കൊടുക്കാൻ നമ്മുടെ കർഷകർ തയ്യാറാകുകയും വേണം…








