കോടികൾ കൊയ്ത് കർഷകരും വ്യാപാരികളും,വെറുതെ തീയിട്ട മുളക് അവശിഷ്ടം ഇന്ന് പൊന്നാണ്;

0
14

അമരാവതി: വെറുതെ തീയിട്ട് നശിപ്പിച്ചിരുന്ന പാഴ്വസ്തുവിൽ നിന്ന് കോടികൾ വാരുകയാണ് ഗുണ്ടൂരിലെ ഒരുകൂട്ടം സംരംഭകർ. മുളകിൻ്റെ അവശിഷ്ടങ്ങളെ സ്വർണമാക്കി മാറ്റുന്ന നൂതനവിദ്യയിലൂടെ അവർ ആഗോളവിപണിയിൽ വരെ തരംഗമായി മാറി. ഏഷ്യയിലെ ഏറ്റവും വലിയ മുളക് വിപണിയായ ഗുണ്ടൂരിൽ ഈ സംരംഭം ഇപ്പോൾ വലിയ സാമ്പത്തിക വിപ്ലവമാണ് സൃഷ്ടിക്കുന്നത്. ഒരുകാലത്ത് പരിസ്ഥിതി പ്രശ്നമായിരുന്ന മുളക് മാലിന്യം ഇന്ന് വിദേശരാജ്യങ്ങളിലേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്യുകയാണ് വ്യാപാരികൾ.

മുളകിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് വിത്ത്, തൊണ്ട്, ഞെട്ട് എന്നിവ വേർതിരിച്ചെടുക്കുന്ന പ്രോസസിങ് യൂണിറ്റുകളാണ് ഇതിനായി സ്ഥാപിച്ചത്. ആധുനിക യന്ത്രങ്ങൾ ചൈനയിൽ നിന്ന് അതിനായി സംരംഭകർ സ്വന്തം ചെലവിൽ ഇറക്കുമതി ചെയ്തു. വലിയ മുതൽമുടക്കാണെങ്കിലും ഇതിലൂടെ മികച്ച ലാഭമാണ് വ്യാപാരികൾ കൊയ്യുന്നത്. മുൻകാലങ്ങളിൽ യാതൊരു ഉപയോഗവുമില്ലാതെ കിടന്നിരുന്ന ഈ പാഴ്വസ്തുക്കൾ വൻ തീപിടിത്തത്തിന് വരെ കാരണമായിരുന്നു.

എന്നാൽ ഈ ചവറുകൾ കർഷകരുടെ ജീവിതത്തിൽ ഇന്നൊരു സുവർണാവസരമായി മാറി. വിവിധയിനം മുളകുകൾ തരംതിരിക്കുമ്പോൾ ലഭിക്കുന്ന ഇത്തരം അവശിഷ്ടങ്ങൾക്ക് മുൻപ് യാതൊരു വിലയുമുണ്ടായിരുന്നില്ല. എന്നാലിന്ന് സ്ഥിതിഗതികൾ പൂർണമായും മാറിമറിഞ്ഞു. പാഴാക്കിക്കളഞ്ഞിരുന്ന അവശിഷ്ടങ്ങൾ ഇന്ന് കർഷകർക്ക് മികച്ച സാമ്പത്തിക സഹായമാണ് ഉറപ്പുവരുത്തുന്നത്.

അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി
വ്യാപാരികൾ ഒരു കിലോഗ്രാം മുളക് അവശിഷ്ടം നിലവിൽ 30 മുതൽ 40 രൂപ നിരക്കിലാണ് വിപണിയിൽ നിന്ന് വാങ്ങുന്നത്. 100 കിലോഗ്രാം അവശിഷ്ടത്തിൽ നിന്ന് ഏകദേശം 70 കിലോഗ്രാം ഞെട്ട് വേർതിരിച്ചെടുക്കാൻ സാധിക്കും. കൂടാതെ 23 മുതൽ 25 കിലോഗ്രാം വരെ വിത്തും വളരെ ചെറിയ അളവിൽ തൊണ്ടും പൊടിയും ലഭിക്കും. ഇതിന് വിപണിയിൽ മികച്ച ഡിമാൻഡാണ് നിലവിലുള്ളത്. വലിയ സാമ്പത്തിക നേട്ടം ലഭിച്ചു തുടങ്ങിയതോടെ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളും ഗുണ്ടൂരിലേക്ക് എത്തിത്തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിലെ വിപണികളിൽ നിന്നും വലിയ തോതിൽ മുളക് അവശിഷ്ടങ്ങൾ ഇവിടുത്തെ പ്രോസസിങ് യൂണിറ്റുകളിൽ നിർബാധം എത്തുന്നുണ്ട്.

കയറ്റുമതി സാധ്യതകളും ഉപയോഗവും
വേർതിരിച്ചെടുക്കുന്ന മുളക് വിത്തുകൾക്ക് വാണിജ്യരംഗത്ത് ഇന്ന് വലിയ ആവശ്യക്കാരാണുള്ളത്. അവയിൽ നിന്ന് വേർതിരിക്കുന്ന എണ്ണയും ഒളിയോറെസിനും വിവിധ വിദേശ ഉത്പന്നങ്ങൾക്കായി ഉപയോഗിക്കുന്നു. ആധുനിക ഔഷധ രൂപീകരണത്തിനും സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

മികച്ച ഗുണനിലവാരമുള്ള ഇത്തരം ഉത്പന്നങ്ങൾ ഇപ്പോൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്നതായാണ് വിവരം. മുളകിൻ്റെ ഞെട്ട് പ്രധാനമായും മൃഗങ്ങൾക്കുള്ള കാലിത്തീറ്റ നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ മികച്ച ജൈവവളമായും ഇന്ധന പെല്ലറ്റുകൾ നിർമിക്കാനും ഇത് ഉപകാരപ്പെടുന്നുണ്ട്. കൂടാതെ അവശിഷ്ടങ്ങളിൽ നിന്ന് ലഭിക്കുന്ന തൊണ്ടും പൊടിയും സ്വാഭാവിക ഭക്ഷ്യനിറങ്ങൾ ഉണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

കർഷകർക്കും നാടിനും സാമ്പത്തിക നേട്ടം
പുതിയ സംരംഭങ്ങൾ ഗുണ്ടൂരിലെ സാധാരണക്കാരായ കർഷകർക്ക് വളരെ വലിയ ആശ്വാസമാണ് നൽകിയത്. കൃഷിയിടങ്ങളിൽ വെറുതെ കൂട്ടിയിട്ട് കത്തിച്ചിരുന്ന അവശിഷ്ടങ്ങൾ ഇപ്പോൾ ബുദ്ധിമുട്ടില്ലാതെ അവർക്ക് പണമാക്കി മാറ്റാം. കൂടാതെ വലിയ രീതിയിലുള്ള പരിസ്ഥിതി മലിനീകരണവും ഇതിലൂടെ കാര്യമായി തടയാനാകും.

അവശിഷ്ടങ്ങൾ പൂർണമായും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനാൽ മാലിന്യനിർമാർജനവും എളുപ്പമായി. പുതിയ പ്രോസസിങ് യൂണിറ്റുകൾ വലിയ തോതിൽ ഉയർന്നുവന്നതോടെ പ്രദേശത്തെ നൂറുകണക്കിന് ആളുകൾക്ക് തൊഴിലും ലഭിച്ചു. പ്രാദേശികമായ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തിയ ഗുണ്ടൂരിലെ ഈ സംരംഭം ഇന്ന് രാജ്യത്തിന് തന്നെ വലിയ മാതൃകയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here