സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍

0
30

സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ തവര്‍ ചന്ത് ഗഹലോട്ട് അംഗീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്നുണ്ടായേക്കില്ല. ഡല്‍ഹിയിലുള്ള സിദ്ധരാമയ്യയും ഡികെയും തിരിച്ചെത്തിയ ശേഷമാകും യോഗം. നാളെ യോഗം ചേരാന്‍ ആയാല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമെന്നാണ്് റിപ്പോര്‍ട്ട്.

ഇന്ന് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തും. മന്ത്രി കെ ജെ ജോര്‍ജ് അടക്കമുള്ളവര്‍ സിദ്ധരാമയ്യയുടെ ഒപ്പമുണ്ട്. രാജ്യസഭാ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം സിദ്ധരാമയ്യ ഇന്നലെ നിരസിച്ചിരുന്നു. സംസ്ഥാനത്തു തന്നെ തുടരണമെന്നും മന്ത്രിസഭയില്‍ മകനെ ഉള്‍പ്പെടുത്തണമെന്നും ആണ് സിദ്ധരാമയ്യ മുന്‍പോട്ട് വച്ചിരിക്കുന്ന ഉപാധി. പുതിയ സര്‍ക്കാരില്‍ പത്തിലധികം മന്ത്രിമാര്‍ സിദ്ധരാമയ്യ പക്ഷത്തു നിന്നുള്ളവരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജിയില്‍ സിദ്ധരാമയ്യയുടെ ആശങ്കകള്‍ ഇന്ന് ഹൈക്കമാന്റ് ചര്‍ച്ച ചെയ്യും. മൂന്നുതവണയില്‍ കൂടുതല്‍ എംഎല്‍എമാരായവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുതിര്‍ന്ന എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഡി കെ ശിവകുമാര്‍ വഹിക്കുന്ന കെപിസിസി അധ്യക്ഷ സ്ഥാനം സതീഷ് ജര്‍ക്കഹോളിക്ക് നല്‍കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കും.

തനിക്കെതിരെ തെറ്റായ പല കാര്യങ്ങളും പ്രചരിപ്പിക്കാനും തന്നെ വ്യക്തിഹത്യ ചെയ്യാനും പലരും ശ്രമിച്ചുവെന്ന് സിദ്ധരാമയ്യ ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ ലക്ഷ്യങ്ങളില്‍ നിന്നോ വാഗ്ദാനങ്ങളില്‍ നിന്നോ താന്‍ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ല. 550 വാഗ്ദാനങ്ങളില്‍ 300 എണ്ണവും നിറവേറ്റിയ ചാരിതാര്‍ഥ്യം തനിക്കുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രണ്ട് തവണ കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസ് എനിക്ക് അവസരം തന്നു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here