എസ്ഐആർ ശരിവെച്ച് സുപ്രീംകോടതി

0
48

വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന (എസ്ഐആര്‍) നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എസ്‌ഐആറിന് നിയമസാധുതയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ടാണ് എസ്‌ഐആര്‍ നടത്തിയത്. അട്ടിമറിക്കാനുള്ള നടപടിയല്ല, മറിച്ച് വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് എസ്‌ഐആര്‍ നടപടിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എസ്ഐആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇലക്ടറല്‍ റോളുകളുടെ തീവ്രപുനഃപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം ശരിവെച്ച സുപ്രീം കോടതി, ഇതുവഴി സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ പ്രോത്സാഹിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324, 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങളും അനുസരിച്ച് എസ്‌ഐആര്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് കോടതി വിധിച്ചു. അതുകൊണ്ട്, കമ്മീഷന്‍ നിയമപരമായ അധികാരങ്ങള്‍ കവിഞ്ഞ് പ്രവര്‍ത്തിച്ചുവെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പൗരത്വ നിര്‍ണയവുമായി എസ്‌ഐആറിന് ബന്ധമില്ല.

ഏതെങ്കിലും ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായാല്‍, അയാള്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാകുമെന്ന് കോടതി വ്യക്തമാക്കി.ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അയോഗ്യരായവരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. അത് ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എസ്‌ഐആറിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും വിവിധ സംഘടനകളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.എസ്‌ഐആര്‍ നിലവിലെ രൂപത്തില്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്ന നിയമസാധുത ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം.പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് തുടങ്ങിയത്.എസ്ഐആറിന്റെ മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here