
ദുബായ്: യുഎഇയിലെ മലയാളി പ്രവാസികളെയും അവരുടെ നാട്ടിലെ കുടുംബങ്ങളെയും ഒരേപോലെ ബാധിക്കുന്ന ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അതായത് ഇന്ത്യൻ രൂപയുടെ മൂല്യം തകർന്നടിയുകയാണ്. ഒരു യുഎസ് ഡോളറിന് 100 ഇന്ത്യൻ രൂപ എന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്.
ഇത് വെറുമൊരു സാമ്പത്തിക കണക്ക് മാത്രമല്ല, യുഎഇയിൽ പണിയെടുത്ത് നാട്ടിലേക്ക് പണമയക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണ്. ഈ അടിയന്തിര സാഹചര്യം പ്രവാസികൾക്ക് താൽക്കാലികമായി വലിയ ലാഭം തരുമെങ്കിലും ഒരു കാലം കഴിഞ്ഞാൽ ഇത് നാട്ടിലെ കുടുംബങ്ങളുടെ കുടുംബ ബഡ്ജറ്റിനെ ബാധിക്കുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്.
കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ മിഡിൽ ഈസ്റ്റിലെ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്ക് ശേഷമാണ് രൂപയുടെ മൂല്യം വലിയ രീതിയിൽ മാറിയത്. ഈ സംഘർഷങ്ങൾ കാരണം എണ്ണവില കുതിച്ചുയരുകയും, വിപണിയിൽ വൻ വില കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ആർബിഐ ഇടപെട്ടിട്ടും രൂപയുടെ മൂല്യം ഡോളറിന് 97 എന്ന ലെവലിന് താഴേക്ക് പതിക്കുകയാണ് ഉണ്ടായാൽ. നിലവിലെ ഈ സാഹചര്യത്തിൽ സാമ്പത്തിക വിദഗ്ദ്ധരും കറൻസി വ്യാപാരികളും പറയുന്നത് രൂപയുടെ മൂല്യം 100 കടക്കുമോ എന്നല്ല, മറിച്ച് എത്ര ദിവസങ്ങൾക്കുള്ളിൽ അത് സംഭവിക്കും എന്നാണ്.
ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഈ കറൻസി മാറ്റം വളരെ നിർണ്ണായകമാണ്. കാരണം, യുഎസ് ഡോളറുമായി 3.67 എന്ന നിരക്കിൽ സ്ഥിരമായുള്ള കറൻസിയാണ് യുഎഇ ദിർഹം. അതുകൊണ്ടുതന്നെ ഡോളറിനെതിരെ രൂപ വീഴുമ്പോൾ ദിർഹത്തിനെതിരെയും രൂപ താഴുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
നിലവിലെ കണക്കുകൾ അനുസരിച്ച് ഒരു യുഎഇ ദിർഹത്തിന് 27 രൂപ എന്ന നിരക്കിലേക്ക് എത്തിക്കഴിഞ്ഞു. കൂടാതെ രൂപ ഡോളറിന് 100 എത്തുന്നതോടെ ഒരു ദിർഹത്തിന് 28 രൂപയ്ക്ക് മുകളിൽ മലയാളി പ്രവാസികൾക്ക് നാട്ടിലേക്ക് അയക്കാൻ സാധിക്കും. ഇത് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുമെങ്കിലും ഇതിന് പിന്നിൽ വലിയൊരു സാമ്പത്തിക ചതിക്കുഴിയുണ്ട് എന്നാണ് വിദഗ്ദ്ധരും പറയുന്നത്.
ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ടാണ് ഈ രൂപയെ ഈ നിലയിലേക്ക് എത്തിച്ചത്. കൂടാതെ എണ്ണവില കൂടുന്നത് ഇന്ത്യയിലെ ഗതാഗത ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർദ്ധിപ്പിക്കാൻ ഒരു പ്രധാന കാരണമാകുകയും ചെയ്യും.
അതേസമയം നിലവിലെ ഈ സാഹചര്യം യുഎഇ പ്രവാസികൾക്ക് വലിയൊരു നേട്ടം കൂടെ നൽകുന്നുണ്ട് അതായത്. യുഎഇയിൽ നിന്നും നാട്ടിലേക്ക് പ്രതിമാസം 5,000 ദിർഹം അയക്കുന്ന ഒരു പ്രവാസിക്ക് ഈ വർഷം ആദ്യം കിട്ടിയിരുന്നതിനേക്കാൾ വലിയൊരു തുക ഇപ്പോൾ അധികമായി ലഭിക്കുന്നുണ്ട്.
പെരുന്നാൾ ചെലവുകൾക്കും വീട്ടുചെലവുകൾക്കുമായി നാട്ടിലേക്ക് പണം അയക്കുമ്പോൾ കൈയിൽ കൂടുതൽ ഇന്ത്യൻ രൂപ കിട്ടുന്നത് പ്രവാസികൾക്ക് വലിയൊരു ആശ്വാസം തന്നെയാണ്. കൂടുതൽ പണം നാട്ടിലേക്ക് എത്തിക്കാൻ ഒട്ടുമിക്ക പ്രവാസികളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്.
പക്ഷേ ഇവിടെയാണ് ഒരു കെണി ഒളിഞ്ഞിരിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിൽ കടുത്ത പണപ്പെരുപ്പത്തിന് കാരണമാകും. അതായത് എണ്ണവില കൂടുന്നതുകൊണ്ടും രൂപ വീഴുന്നതുകൊണ്ടും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെയും വില കുത്തനെ ഉയരാനുള്ള സാധ്യത കൂടുതലാണ്.
കൂടാതെ യുഎഇയിൽ നിന്നും അയക്കുന്ന കൂടുതൽ രൂപ നാട്ടിലെത്തുമ്പോൾ അവിടുത്തെ സാധനങ്ങളുടെ വിലക്കയറ്റം കാരണം ഇല്ലാതായിപ്പോകും. നേരത്തെ 1000 രൂപയ്ക്ക് വാങ്ങിയിരുന്ന സാധനങ്ങൾ വാങ്ങാൻ ഇനി 1500 രൂപ നൽകേണ്ടി വരുന്ന അവസ്ഥയിലേക്ക് പോകും. പ്രവാസിക്ക് യുഎഇയിൽ നിന്നും കിട്ടുന്ന അധിക ലാഭം നാട്ടിലെ വിലക്കയറ്റം കാരണം ഇല്ലാതാകും.








