ഖത്തര്‍ ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്ന ആദ്യ മലയാളിയാകാൻ തഹ്സിൻ,

0
14
Tahsin Mohammed Jamshid (L) of Qatar battles for the ball with Raoul Suhaimi (R) of Singapore during the 2025 AFC U20 Asian Cup Qualifiers Group J match between Qatar and Singapore at Abdullah bin Khalifa Stadium in Doha, Qatar, on September 25, 2024. (Photo by Noushad Thekkayil/NurPhoto via Getty Images)

ഹൈദരാബാദ്: ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന ഫിഫ ലോകകപ്പിന്‍റെ മുന്നൊരുക്കങ്ങളിൽ മലയാളി നെഞ്ചേറ്റുന്ന ഒരു അപൂർവ്വ ചരിത്രം പിറവിയെടുക്കുകയാണ്. ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്‍റെ 34 അംഗ പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ മലയാളി ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു പേരുണ്ട്, തഹ്സിൻ മുഹമ്മദ് ജംഷീദ്. കോച്ച് ഹുലൻ ലോപെറ്റെഗി ഉടനെ പ്രഖ്യാപിക്കുന്ന 26 അംഗ അന്തിമ സ്ക്വാഡിൽ 19 കാരനായ ഈ മുന്നേറ്റനിര താരം ഇടംപിടിച്ചാൽ, ലോകകപ്പ് ടീമിലെത്തുന്ന ചരിത്രത്തിലെ ആദ്യ മലയാളി എന്ന സുവർണ്ണ നേട്ടമാകും തഹ്സിനെ തേടിയെത്തുക.

കണ്ണൂരിന്‍റെ ഫുട്ബോൾ വേരുകൾ

മലബാറിന്‍റെ കളിത്തൊട്ടിലായ കണ്ണൂരിൽ നിന്നാണ് തഹ്സിന്‍റെ ഫുട്ബോൾ പാരമ്പര്യം തുടങ്ങുന്നത്. തലശ്ശേരി സ്വദേശിയും ഖത്തറിൽ ചീഫ് അക്കൗണ്ടന്‍റുമായ ജംഷീദ് ഹിബാസിലിന്‍റേയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ. പിതാവ് ജംഷീദ് മുൻപ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു വേണ്ടി ബൂട്ട് കെട്ടിയ മികച്ചൊരു ഫുട്ബോൾ താരം കൂടിയായിരുന്നു.

1996-ൽ ഈ കുടുംബം ഖത്തറിലേക്ക് കുടിയേറുകയും തുടർന്ന് ദോഹയിൽ തഹ്സിൻ ജനിക്കുകയും ചെയ്‌തു. തന്‍റെ പിതാവിന്‍റെ കളി കണ്ട് വളർന്ന തഹ്സിന്‍റെ ഏറ്റവും വലിയ പ്രചോദനവും വഴിവിളക്കും ഉപ്പ തന്നെയാണ്. ഖത്തർ പൗരത്വമുള്ള തഹ്സിൻ, ദോഹയെ സ്വന്തം നാടായി കണ്ട് തന്നെയാണ് തന്‍റെ കളിജീവിതം പടുത്തുയർത്തിയത്.

‘ആസ്‌പയര്‍’ അക്കാദമിയുടെ വിസ്‌മയ ഉൽപ്പന്നം

ലോകോത്തര കളിക്കാരെ വാർത്തെടുക്കുന്നതിൽ വിഖ്യാതമായ ഖത്തറിലെ ‘ആസ്‌പയര്‍ ഫുട്ബോൾ അക്കാദമി’യാണ് തഹ്സിനിലെ പ്രതിഭയെ മിനുക്കിയെടുത്തത്. ചെറുപ്രായം മുതൽക്കേ പന്തിനോടുള്ള തഹ്സിന്‍റെ ചടുലത തിരിച്ചറിഞ്ഞ പരിശീലകർ താരത്തെ അക്കാദമിയിലെത്തിച്ചു. പിന്നാലെ മികച്ച പരിശീലനം തഹ്സിനെ ഖത്തറിന്‍റെ അണ്ടർ-17, അണ്ടർ-19 ദേശീയ ടീമുകളിലേക്ക് വഴിതുറന്നു. ഖത്തർ അണ്ടർ-17 ടീമിനായി താരം ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ഖത്തറിലെ പ്രമുഖ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ അൽ ദുഹൈലിന്‍റെ സീനിയർ നിരയിലേക്കും തഹ്സിൻ തിരഞ്ഞെടുക്കപ്പെട്ടു. ഖത്തറിന്‍റെ പ്രൊഫഷണൽ ലീഗായ ‘ഖത്തർ സ്റ്റാർസ് ലീഗിൽ’ ബൂട്ട് കെട്ടുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന പ്രത്യേകതയും ഈ 19-കാരൻ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

വിംഗുകളിൽ തീപ്പൊരി പാറിക്കുന്ന കളിശൈലി

പ്രധാനമായും ലെഫ്റ്റ് വിംഗിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ആധുനിക വിങ്ങറാണ് തഹ്സിൻ മുഹമ്മദ്. എതിരാളികളുടെ പ്രതിരോധക്കോട്ടകളെ അതിവേഗ ഡ്രിബ്ലിംഗുകൾ കൊണ്ട് തകർക്കാനുള്ള തഹ്സിന്‍റെ ശേഷി എടുത്തുപറയേണ്ടതാണ്. പ്രതിരോധ നിരക്കാരെ കൃത്യമായി വെട്ടിച്ച് ബോക്സിലേക്ക് മനോഹരമായ ക്രോസുകൾ നൽകാനും, സ്വയം സ്കോറിംഗ് അവസരങ്ങൾ കണ്ടെത്താനും ഈ ഇടംകൈയൻ താരത്തിന് പ്രത്യേക വൈഭവമുണ്ട്.

കരിയറിലെ വഴിത്തിരിവുകളും അന്താരാഷ്ട്ര അരങ്ങേറ്റവും

ഖത്തർ സീനിയർ ടീമിന്‍റെ തന്ത്രശാലിയായ കോച്ച് ഹുലൻ ലോപെറ്റെഗിക്ക് തഹ്സിന്‍റെ കളിശൈലിയിലുള്ള വിശ്വാസമാണ് താരത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെത്തിച്ചത്. അഫ്‌ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് തഹ്സിൻ ഖത്തർ സീനിയർ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഇന്ത്യക്കെതിരായ ഖത്തറിന്‍റെ മത്സരത്തിനുള്ള സ്ക്വാഡിലും തഹ്സിൻ ഇടം നേടിയിരുന്നു. കുറച്ചു മത്സരങ്ങളിൽ കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചില്ലെങ്കിലും, ടീം മാനേജ്മെന്‍റിനു തഹ്സിന്‍റെ കളിയിലുള്ള വിശ്വാസമാണ് ലോകകപ്പ് പ്രാഥമിക സ്ക്വാഡിലേക്കുള്ള ഈ നേരിട്ടുള്ള എൻട്രി.

കേരളം കാത്തിരിക്കുന്ന ആ സുവർണ്ണ നിമിഷം

കേരളത്തിന്‍റെ ഫുട്ബോൾ ഭ്രാന്തിന് ലോകകപ്പിന്‍റെ വേദിയിൽ എന്നും മറ്റ് രാജ്യങ്ങളുടെ ഫ്ലെക്‌സുകള്‍ വെക്കാനും അന്യദേശ ടീമുകളെ പിന്തുണയ്ക്കാനുമായിരുന്നു യോഗം. എന്നാൽ ഇത്തവണ ലോകകപ്പ് വേദിയിലെ പുൽമൈതാനത്ത് മാറ്റുരയ്ക്കാൻ ഒരു മലയാളി ചോരയുണ്ടാകും എന്ന വലിയ സ്വപ്നത്തിലാണ് പ്രവാസി മലയാളികളും കേരളത്തിലെ കായിക പ്രേമികളും. തഹ്സിൻ മുഹമ്മദ് എന്ന ഈ 19-കാരൻ ഖത്തറിന്‍റെ 26 അംഗ അന്തിമ സ്ക്വാഡിൽ ഇടംപിടിച്ചാൽ, അത് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെയും കേരള കായിക ചരിത്രത്തിലെയും സമാനതകളില്ലാത്ത പുത്തൻ അധ്യായമായി മാറും.

ലോകകപ്പിൽ കാനഡയ്ക്കും സ്വിറ്റ്സർലൻഡിനുമൊപ്പം ഖത്തർ

ഖത്തർ ഫുട്ബോൾ ചരിത്രത്തിൽ ഒരു പുത്തൻ അധ്യായത്തിന് തുടക്കമിടാൻ ഒരുങ്ങുകയാണ്. നിലവിലെ രണ്ട് വട്ട ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ, ആദ്യമായാണ് യോഗ്യതാ മത്സരങ്ങൾ വിജയിച്ച് 2026 ഫിഫ ലോകകപ്പിന് ടിക്കറ്റെടുക്കുന്നത്. 2022 ലോകകപ്പിൽ ആതിഥേയരെന്ന നിലയിൽ നേരിട്ട് കളിച്ച ഖത്തർ, ഇത്തവണ മൂന്ന് ഘട്ടങ്ങളായുള്ള കഠിനമായ യോഗ്യതാ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് വടക്കേ അമേരിക്കയിലേക്ക് വിമാനം കയറുന്നത്. കാനഡ, സ്വിറ്റ്‌സർലൻഡ്, ബോസ്‌നിയ ആൻഡ് ഹെർസഗോവിന എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇത്തവണ ഖത്തർ മാറ്റുരയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here