ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മറ്റും പദ്ധതി രേഖയും തയാറാക്കി. ഇന്തോ-മെഡിറ്ററേനിയൻ യുഗത്തിന് നിർണായക തന്ത്രപരമായ പങ്കാളിത്തം എന്നാണ് കൂടിക്കാഴ്‌ചയെ നേതാക്കള്‍ വിശേഷിപ്പിച്ചത്.
ഇന്ത്യയും ഇറ്റലിയും തമ്മിവുള്ള ഉഭയകക്ഷി ബന്ധം നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ശക്തമായ പങ്കാളിത്തത്തിലേക്ക് ഇത് നയിക്കുമെന്ന് ജോർജിയ മെലോണിയും നരേന്ദ്ര മോദിയും പറഞ്ഞു. ഇന്തോ-പസഫിക്, മെഡിറ്ററേനിയൻ എന്നിവയെ ബന്ധിപ്പിക്കുന്ന വിശാലമായ ഭൗമരാഷ്ട്രീയ പരിവർത്തനത്തിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തെ രൂപപ്പെടുത്തിയെന്നും ഇരുവരും കൂട്ടിച്ചേർത്തു.
വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, ഡാറ്റ, തന്ത്രപരമായ കണക്റ്റിവിറ്റി എന്നിവയെ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആഗോള പ്രതിസന്ധികൾക്കും മാറ്റങ്ങൾക്കും ഇടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഏകോപനം, സാമ്പത്തിക സംയോജനം, സാങ്കേതിക സഹകരണം എന്നിവ വികസിപ്പിക്കുന്നതിനെ കുറിച്ചും നേതാക്കൾ വ്യക്തമാക്കി. നവീകരണം, ഊർജ്ജ മാനേജ്മെൻ്റ്, തന്ത്രപരമായ പരമാധികാരം എന്നിവ ഭാവിയിലെ അഭിവൃദ്ധിക്കും സുരക്ഷയ്ക്കും പ്രധാനമാണ്.
അതേസമയം, ഇറ്റലിയുടെ വ്യാവസായിക, നിർമ്മാണ വൈദഗ്ധ്യത്തെ ഇന്ത്യയുടെ സാമ്പത്തിക സ്കെയിൽ, നവീകരണ ആവാസവ്യവസ്ഥ, എഞ്ചിനീയറിങ് കഴിവുകൾ എന്നിവയുമായി സംയോജിപ്പിക്കാനുള്ള പദ്ധതികൾക്കും ഇരു രാജ്യങ്ങളും കൈകോര്‍ത്തു. 2029 ഓടെ ഉഭയകക്ഷി വ്യാപാരത്തിൽ 20 ബില്യൺ യൂറോ കൈവരിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ പ്രതിരോധം, എയ്‌റോസ്‌പേസ്, ക്ലീൻ എനർജി, മെഷിനറി, ഫാർമസ്യൂട്ടിക്കൽസ്, ടെക്‌സ്റ്റൈൽസ്, ടൂറിസം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 1,000-ത്തിലധികം ഇന്ത്യൻ, ഇറ്റാലിയൻ കമ്പനികളാണ് യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ പ്രവർത്തിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ക്വാണ്ടം കമ്പ്യൂട്ടിങ്, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധ ചെലത്തും. സാങ്കേതികവിദ്യയ്ക്ക് വ്യക്തികളെ മാറ്റിസ്ഥാപിക്കാനോ അവരുടെ മൗലികാവകാശങ്ങളെ ദുർബലപ്പെടുത്താനോ പൊതുചർച്ചയിൽ കൃത്രിമം കാണിക്കാനോ ജനാധിപത്യ പ്രക്രിയകളിൽ മാറ്റം വരുത്താനോ ഉപയോഗിക്കാനാവില്ലെന്ന് ഓപ്പ്-എഡിൽ പറഞ്ഞു.
ഭീകരത, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവയെ തടയാനും ബഹിരാകാശ സാങ്കേതികവിദ്യ, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സഹകരണം വികസിപ്പിക്കാനും രാജ്യങ്ങൾ ലക്ഷ്യമിടുന്നതായി പ്രസ്‌താവനയിൽ പറയുന്നു.
‘മെലോഡി’ മിഠായി നയതന്ത്രം
അതേസമയം, ഇറ്റലി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സമ്മാനം നൽകി: ഒരു പാക്കറ്റ് പാർലേ മെലോഡി മിഠായി. ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദത്തെ വിശേഷിപ്പിക്കുന്ന ‘മെലോഡി’ എന്ന ഇന്‍റർനെറ്റ് ട്രെൻഡിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ മധുര സമ്മാനം.മോദിയുടെ സ്നേഹ സമ്മാനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് മെലോണി കുറിച്ചു, “സമ്മാനത്തിന് നന്ദി”. ‘വെരി, വെരി ചോക്ലേറ്റി’ എന്ന ടാഗ്‌ലൈനിൽ പ്രശസ്തമായ ഇന്ത്യൻ മിഠായി പിടിച്ചുനിൽക്കുന്ന ഇരുനേതാക്കളുടെയും ചിരിച്ചുകൊണ്ടുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.”പ്രധാനമന്ത്രി മോദി എനിക്കായി വളരെ, വളരെ നല്ല ഒരു ടോഫി സമ്മാനമായി കൊണ്ടുവന്നു” എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി വീഡിയോയിൽ പറയുന്നു. “മെലോഡി” എന്ന് മോദി തിരിച്ചടിക്കുന്നു.
റോമിൽ ചുറ്റി മോദിയും ജോർജിയ മെലോണിയും
യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയത്. അഞ്ച് രാഷ്ട്ര സന്ദർശനത്തിലെ അവസാന രാജ്യമാണിത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ഉന്നത രാഷ്ട്രീയ-സ്ഥാപന തലങ്ങളിലെ പതിവ് ചർച്ചകളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി മോദി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരേ കാറിൽ സഞ്ചരിച്ച് റോമിലെ പ്രശസ്തമായ കൊളോസിയം സന്ദർശിച്ചു.







