ഓഹരി വിപണിയിൽ നഷ്‌ടം; സ്വർണത്തിന് തീരുവ കൂട്ടിയതോടെ രൂപയ്ക്ക് തിരിച്ചുവരവ്

0
29

മുംബൈ : ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയിൽ വിലക്കയറ്റവും വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും മൂലം ഇന്ത്യൻ ഓഹരി വിപണി നഷ്‌ടത്തിൽ. ബുധനാഴ്‌ച നേരിയ നേട്ടമുണ്ടാക്കിയെങ്കിലും വിപണിക്ക് അത് നിലനിർത്താനായില്ല. 30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്‌സ് ആദ്യ വ്യാപാരത്തിൽ 75.64 പോയിൻ്റ് ഉയർന്ന് 74,614.51 എത്തിയെങ്കിലും പിന്നീട് 182.60 പോയിൻ്റ് കുറഞ്ഞ് 74,362.19 എന്ന നിലയിലേക്ക് താഴ്ന്നു.

50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 17.10 പോയിൻ്റ് ഉയർന്ന് 23,391.10 എത്തിയത് ഇപ്പോൾ 41.05 പോയിൻ്റ് കുറഞ്ഞ് 23,352.25 ലാണ് വ്യാപാരം തുടരുന്നത്. പവർ ഗ്രിഡ്, എൻടിപിസി, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടൈറ്റാൻ, ആക്‌സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ഓഹരികൾ നഷ്‌ടം നേരിട്ടപ്പോൾ ഏഷ്യൻ പെയിൻ്റ്സ്, അദാനി പോർട്ട്‌സ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി.

വിപണിയിലെ ആശങ്കകൾ

അമേരിക്കൻ വിപണിയിലെ തകർച്ചയും ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളലുകളും വിപണിയെ ബാധിച്ചിട്ടുണ്ട്. സമാധാന നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം യുഎസ് പരാജയം നേരിടേണ്ടി വരുമെന്ന ഇറാൻ്റെ പ്രസ്‌താവന ആഗോള വിപണിയിൽ ആശങ്ക വർധിപ്പിച്ചു. ഇത് ഊർജ്ജ വിതരണത്തെ ബാധിക്കുമെന്ന ഭീതി നിലനിൽക്കുന്നതിനാൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 106.6 ഡോളർ എന്ന നിലയിൽ ഉയർന്ന നിലവാരത്തിലാണ്. വിദേശ നിക്ഷേപകർ ചൊവ്വാഴ്‌ച മാത്രം 1,959.39 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞതും വിപണിയെ തളർത്തി.

സാമ്പത്തിക വിദഗ്‌ധരുടെ നിരീക്ഷണം

സാങ്കേതിക മേഖലയിലെ ഓഹരികളുടെ തളർച്ചയും ക്രൂഡ് ഓയിൽ വില വർധനവുമാണ് വിപണിയെ ബാധിച്ചതെന്നാണ് വിപണിയിലെ ഈ മാറ്റങ്ങളെക്കുറിച്ച് ലിവ്‌ലോംഗ് വെൽത്ത് സ്ഥാപകനും റിസർച്ച് അനലിസ്റ്റുമായ ഹരിപ്രസാദ് കെ. വ്യക്തമാക്കിയത്.

“യുഎസിലെ നാണയപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും ഉയർന്നത് വിപണിയെ സമ്മർദത്തിലാക്കി. വർധിച്ചുവരുന്ന എണ്ണവിലയും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ആഗോളതലത്തിൽ നാണയപ്പെരുപ്പ ഭീഷണി വർധിപ്പിക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ ബെഞ്ച്മാർക്ക് കോസ്‌പി, ജപ്പാൻ്റെ ബെഞ്ച്മാർക്ക് നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക എന്നിവ പോസിറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളലുകളും വിപണിയെ ബാധിച്ചിട്ടുണ്ട്. സമാധാന നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം യുഎസ് പരാജയം നേരിടേണ്ടി വരുമെന്ന ഇറാൻ്റെ പ്രസ്‌താവനയെക്കുറിച്ച് എൻറിച്ച് മണി സിഇഒ പൊന്മുടി ആർ. പ്രതികരിച്ചു.

“ഇറാൻ്റെ ഏറ്റവും പുതിയ പ്രസ്‌താവനകൾ ഉടനടിയുള്ള ഒരു നയതന്ത്ര പരിഹാരത്തിനുള്ള പ്രതീക്ഷകൾ കുറച്ചിരിക്കുകയാണ്. യുഎസ്-ഇറാൻ തർക്കം ഹോർമുസ് കടലിടുക്കിനെയും ആഗോള ഊർജ്ജ വിതരണത്തെയും സംബന്ധിച്ച അനിശ്ചിതത്വം നിലനിർത്തുന്നു,” അദ്ദേഹം ചൂണ്ടിക്കാട്ടി.

മെച്ചപ്പെട്ട് രൂപ

അതേസമയം, വിദേശനാണ്യ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ നിന്നും നേരിയ തോതിൽ മെച്ചപ്പെട്ടു. ചൊവ്വാഴ്‌ച ഡോളറിനെതിരെ 95.68 എന്ന താഴ്ന്ന നിരക്കിലെത്തിയ രൂപ, ബുധനാഴ്‌ച രാവിലെ 16 പൈസ ഉയർന്ന് 95.52 എന്ന നിലയിലെത്തി. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി സർക്കാർ വർധിപ്പിച്ചിരുന്നു.

“ഈ നീക്കം സ്വർണത്തിനായുള്ള ആവശ്യം കുറയ്ക്കാനും കറൻ്റ് അക്കൗണ്ട് നിയന്ത്രിക്കാനും രൂപയെ സഹായിക്കാനും ഇടയാക്കും,” എൽഎൽപിയുടെ ട്രഷറി മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ അനിൽ കുമാർ ബൻസാലി അഭിപ്രായപ്പെട്ടു.

വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തോട് അഭ്യർഥിച്ചിരുന്നു. രാജ്യത്തെ നാണയപ്പെരുപ്പ നിരക്കിലും നേരിയ വർധനവുണ്ടായിട്ടുണ്ട്. ഏപ്രിലിലെ കണക്കുകൾ പ്രകാരം ചില്ലറ വിപണിയിലെ നാണയപ്പെരുപ്പം 3.48 ശതമാനമായി ഉയര്‍ന്നതെന്ന് ചൊവ്വാഴ്‌ച പുറത്തിറക്കിയ സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട ഡാറ്റ പ്രകാരം 2024 ലെ അടിസ്ഥാന വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ 3.40 ശതമാനവും ഫെബ്രുവരിയില്‍ 3.21 ശതമാനവും ജനുവരിയില്‍ 2.74 ശതമാനവുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here