തെക്കൻ കൊറിയയിലെ ഹാന്റൻ നദിയുടെ പേരിൽ അറിയപ്പെടുന്ന ഹാന്റയെ രോഗബാധയ്ക്കനുസരിച്ച് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റ വൈറസ് പൾമണറി സിൻഡ്രോം (എച്ച്.പി.എസ്. Pulmonary Syndrome)) ആണ് ഒന്ന്. ഇത് അമേരിക്ക, ചിലി തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നു. ഹാന്റ വൈറസ് ഹെമറേജിക് ഫിവർ വിത്ത് റനൽ സിൻഡ്രോം (എച്ച്.എഫ്.ആർ.എസ്.) ആണ് മറ്റൊന്ന്. ഇത് ആദ്യത്തേതിനെ അപേക്ഷിച്ച് മാരകവുമാണ്. എലികളുടെ വിസർജ്യത്തിൽനിന്ന് പടർന്നാണ് വൈറസ് മനുഷ്യരിൽ രോഗബാധയുണ്ടാകുന്നത്.
ഹെമറേജിക് ഫിവർ വിത്ത് റനൽ സിൻഡ്രോം
പൊതുവേ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന എച്ച്.എഫ്. ആർ.എസ് വൃക്കയെയാണ് ബാധിക്കുക. എച്ച്.എഫ്.ആർ. എസിനുതന്നെ പൂമാല എന്നും സിയോൾ എന്നുമൊക്കെ അവാന്തര വിഭാഗങ്ങൾ കൂടിയുണ്ട്. ഫിൻലാൻഡിലെ ഒരു മുനിസിപ്പാലിറ്റിയാണ് പൂമാല. അവിടെനിന്ന് റിപ്പോർട്ട് ചെയ്തതിനാലാണ് ഈ വൈറസ് വിഭാഗത്തിന് പൂമാല എന്ന പേരുകിട്ടിയത്. സിയോളും അങ്ങനെ പേരുനേടിയതാണ് .
തീവ്രപരിചരണവും ഓക്‌സിജനും 24 മണിക്കൂർ നിരീക്ഷണവും മാത്രമാണ് ചികിത്സ. 2008 ൽ തമിഴ്‌നാട്ടിൽ നടത്തിയ ഒരു പഠനത്തിൽ വെയർഹൗസ് തൊഴിലാളികൾ, കർഷകർ, എലിപിടുത്തക്കാർ എന്നിവരിൽ 28 കേസുകൾ സ്ഥിരീകരിച്ചിരുന്നു. 2021ൽ ഒരു ക്വാറി ജീവനക്കാരനിലും ഹാന്റ വൈറസ് കണ്ടെത്തിയിരുന്നു. എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്‌കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഹാന്റ് വൈറസിൽ നിന്നുള്ള ഏക പ്രതിരോധ മാർഗം.









