അണ്ഡാശയ മുഴകളും കാൻസറും; ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

0
31

ണ്ഡാശയത്തിലെ മുഴകൾ അഥവാ ഒവേറിയൻ സിസ്റ്റ് പല രോഗങ്ങൾക്കും കാരണമാകാറുണ്ടെങ്കിലും മിക്കവാറും അവ നിരുപദ്രവകാരികളായിരിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ ഈ മുഴകൾ കാൻസറിലേക്ക് നയിച്ചേക്കാം. രോഗലക്ഷണങ്ങൾ വളരെ അവ്യക്തമായതിനാൽ പലപ്പോഴും ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ കഴിയാറില്ല എന്നതാണ് പ്രധാന വെല്ലുവിളി.

ലോക അണ്ഡാശയ കാൻസർ ദിനത്തിൽ ഈ രോഗത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഹൈദരാബാദ് യശോദ ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും മെഡിക്കൽ ഡയറക്ടറുമായ ഡോ. സുധ സിൻഹ. സ്ത്രീകൾ പലപ്പോഴും ഗ്യാസ്ട്രബിൾ, ദഹനക്കുറവ് അല്ലെങ്കിൽ മാനസിക സമ്മർദം തുടങ്ങിയവയാണ് രോഗലക്ഷണങ്ങളായി തെറ്റിദ്ധരിക്കുന്നതെന്നും അതിനാൽ അണ്ഡാശയ കാൻസർ പലപ്പോഴും വൈകിയാണ് കണ്ടെത്താനാവുകയെന്നും അവർ ഇടിവി ഭാരതിനോട് പറഞ്ഞു.

ലളിതമായ മുഴകളും സങ്കീർണമായ മുഴകളും
അൾട്രാസൗണ്ട് പരിശോധനയിൽ സാധാരണയായി വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പോലെയാണ് ലളിതമായ മുഴകൾ കാണപ്പെടുന്നത്. എന്നാൽ ചില മുഴകൾ കൂടുതൽ സങ്കീർണമായിരിക്കും. ഇവയെ കോംപ്ലക്സ് സിസ്റ്റ് എന്ന് വിളിക്കുന്നു. ഇത്തരം അവസ്ഥകളിൽ കൂടുതൽ പരിശോധനകൾ ആവശ്യമായി വരും.

മുഴകൾക്ക് ദ്രാവകത്തിന് പകരം കട്ടിയുള്ള ഭാഗമുണ്ടെങ്കിൽ ഡോക്ടർമാർ കൂടുതൽ ശ്രദ്ധ ചെലുത്തും. മുഴയ്ക്കുള്ളിൽ ഒന്നിലധികം അറകളോ ഭിത്തികളോ കാണപ്പെടുക, അസാധാരണമായ വളർച്ചകൾ ഉണ്ടാകുക, മുഴയിലേക്കുള്ള രക്തയോട്ടം വർധിക്കുക, വലുപ്പം അഞ്ച് സെൻ്റീമീറ്ററിന് മുകളിലാവുക തുടങ്ങിയവയെല്ലാം അപകടകരമായ ലക്ഷണങ്ങളാണ്.

ഈ സവിശേഷതകൾ ഉപയോഗിച്ച് റേഡിയോളജിസ്റ്റുകൾ ഒരു റിസ്ക് സ്കോർ കണക്കാക്കുന്നു. ഈ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ് മുഴകൾ നിരീക്ഷിക്കുകയാണോ അതോ ശസ്ത്രക്രിയയും കൂടുതൽ പരിശോധനകളും ആവശ്യമാണോ എന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത്.

ഉയർന്ന സിഎ-125 പരിശോധനാ ഫലം കാൻസറാണോ?
സിഎ-125 പരിശോധനാ ഫലം ഉയർന്നതാണെന്ന് കേൾക്കുമ്പോൾ പല സ്ത്രീകളും പരിഭ്രാന്തരാകാറുണ്ട്. എന്നാൽ ഈ രക്തപരിശോധനയിലൂടെ മാത്രം കാൻസർ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഡോ. സുധ സിൻഹ വ്യക്തമാക്കുന്നു. ഇതിനകം കാൻസർ ബാധിച്ചവരും ചികിത്സയിലോ തുടർപരിചരണത്തിലോ ഉള്ളവരുമായ സ്ത്രീകളുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനാണ് പ്രധാനമായും സിഎ-125 പരിശോധന നടത്തുന്നത്.

ഉയർന്ന സിഎ-125 നില കാൻസറാണെന്ന് അർഥമാക്കുന്നില്ല. രോഗലക്ഷണങ്ങൾ, അൾട്രാസൗണ്ട് പരിശോധനാ ഫലങ്ങൾ, രോഗിയുടെ പ്രായം, ആർത്തവവിരാമം, മറ്റ് രക്തപരിശോധനകൾ എന്നിവയെല്ലാം വിലയിരുത്തിയ ശേഷമേ ഡോക്ടർമാർ അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ.

കാൻസർ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ
കാൻസറിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ ദഹനപ്രശ്നങ്ങളായി തോന്നും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വയർ വീർത്തുവരിക, അസിഡിറ്റി, കുറച്ചുമാത്രം ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറുനിറഞ്ഞതായി തോന്നുക, ദഹനക്കുറവ്, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ, പെൽവിക് ഭാഗത്തെ അസ്വസ്ഥത, വയറിന് ഭാരം അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ സാധാരണമായതിനാൽ പല സ്ത്രീകളും അവയെ അവഗണിക്കുകയും ഭക്ഷണക്രമത്തിനും മാനസികസമ്മർദത്തിനും മേൽ പഴിചാരുകയും ചെയ്യുന്നു.

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതുമാണ് അസ്വസ്ഥതകൾക്ക് കാരണമെന്നാണ് പലരും കരുതുന്നതെന്ന് ഡോ. സുധ സിൻഹ പറയുന്നു. എന്നാൽ രണ്ട് ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന എന്തെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും വൈദ്യസഹായം തേടണം. ഇത് ചിലപ്പോൾ കാൻസറാകണമെന്നില്ല, ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന മറ്റ് അസുഖങ്ങളാകാനും സാധ്യതയുണ്ട്.

ആർത്തവവിരാമത്തിന് ശേഷം മുഴകൾ പ്രത്യക്ഷപ്പെടുമ്പോൾ ഡോക്ടർമാർ കൂടുതൽ ജാഗ്രത പുലർത്തുന്നു. ആർത്തവവിരാമത്തിന് ശേഷം അണ്ഡാശയങ്ങൾ ചുരുങ്ങുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. ഇത്തരം സ്ത്രീകളിൽ അണ്ഡാശയ മുഴകളോ ഉയർന്ന സിഎ-125 പരിശോധനാ ഫലത്തോടുകൂടിയ സങ്കീർണമായ മുഴകളോ കണ്ടാൽ കാൻസർ സാധ്യത കൂടുതലാണ്. അതിനാൽ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാനാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്.

രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
കുടുംബത്തിൽ ആർക്കെങ്കിലും കാൻസർ പാരമ്പര്യമുണ്ടെങ്കിൽ മാത്രമേ പുതിയതായി രോഗം വരുകയുള്ളൂ എന്നാണ് പല സ്ത്രീകളും വിശ്വസിക്കുന്നത്. എന്നാൽ തൻ്റെ അടുത്തെത്തുന്ന 90 ശതമാനം രോഗികളിലും അത്തരമൊരു കാൻസർ പാരമ്പര്യം ഇല്ലെന്ന് ഡോ. സുധ സിൻഹ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ സ്വന്തം ആരോഗ്യത്തേക്കാൾ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഡോക്ടറെ കാണാൻ വൈകിക്കുന്നത് വഴി രോഗം മൂർച്ഛിക്കാൻ കാരണമാകുന്നു.

ലോക അണ്ഡാശയ കാൻസർ ദിനത്തിൽ ഈ രോഗത്തെക്കുറിച്ചുള്ള അവബോധം അനിവാര്യമാണ്. എല്ലാ മുഴകളും അപകടകരമല്ല, അവയിൽ പലതും നിരുപദ്രവകാരികളും തനിയെ മാറുന്നവയുമാണ്. എന്നാൽ മാറാത്ത രോഗലക്ഷണങ്ങളും സങ്കീർണമായ മുഴകളും അസാധാരണമായ മാറ്റങ്ങളും കണ്ടാൽ ഉടൻ തന്നെ പരിശോധനകൾക്ക് വിധേയമായി കൃത്യമായ ചികിത്സ സ്വീകരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here