സണ്ണി ജോസഫിൻ്റെ പിന്തുണയും കെസി വേണുഗോപാലിന്;

0
21

തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ചയിൽ കെപിസിസ പ്രസിഡൻ്റ് സണ്ണി ജോസഫ് പിന്തുണച്ച് കെസി വേണുഗോപാലിനെയെന്ന് റിപ്പോർട്ട്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ചയാണ് തെരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയത്. ഇതിൽ 47 പേരും വേണുഗോപാലിൻ്റെ പേരാണ് നിർദേശിച്ചിരിക്കുന്നത്.

കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിൻ്റെ കൈയിലുണ്ടായിരുന്ന രേഖകളിൽ എംഎൽഎമാരുടെ പേരിന് നേരെ അവർ പിന്തുണക്കുന്ന നേതാവിൻ്റെ പേര് എഴുതിയിരിക്കുന്നത് വ്യക്തമായിരുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ബിപി ദീപു പകർത്തിയ ചിത്രത്തിൽ ഇത് വ്യക്തമാവുകയും ചെയ്തു. ഈ രേഖയാണ് ഇപ്പോൾ പുറത്ത് വന്നത്.

കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിനെ കൂടാതെ തൃക്കരിപ്പൂർ നിയുക്ത എംഎൽഎ സന്ദീപ് ജി വാര്യർ, ഇരിക്കൂർ നിയുക്ത എംഎൽഎ സജീവ് ജോസഫ്, കണ്ണൂർ നിയുക്ത എംഎൽഎ ടിഒ മോഹൻ, മാനന്തവാടി നിയുക്ത എംഎൽഎ ഉഷാ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത്.

സുൽത്താൻ ബത്തേരി നിയുക്ത എംഎൽഎ ഐസി ബാലകൃഷ്ണൻ വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരുപോലെ പിന്തുണച്ചു. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് ബാലകൃഷ്ണൻ. ഇദ്ദേഹവും വേണുഗോപാലിൻ്റെ പേര് ഉന്നയിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം കൽപ്പറ്റ നിയുക്ത എംഎൽഎ ടി സിദ്ദിഖിൻ്റെ പിന്തുണയും കെസി വേണുഗോപാലിനാണ്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന് ലഭിച്ചതാകട്ടെ വെറും ആറ് എംഎൽഎമാരുടെ പിന്തുണ. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ടിരുന്നെങ്കിലും കെസി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നു.

പാർലമെൻ്ററി പാർട്ടി അംഗങ്ങളിൽ ഓരോരുത്തരോടും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് എഐസിസി നിരീക്ഷകർ അഭിപ്രായം തേടിയത്. ഇന്ദിരാഭവനിൽ പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച. ആരാകണം മുഖ്യമന്ത്രിയെന്നതായിരുന്നു ചോദ്യം. ഒന്നിലേറെ പേര് പറയാനും മറ്റുള്ളകാര്യങ്ങൾ വിശദീകരിക്കാനും അവസരം നൽകി.

കോൺഗ്രസ് എംഎൽഎമാരെ കണ്ട ശേഷം ഘടകകക്ഷികളുമായും നിരീക്ഷകർ കൂടിക്കാഴ്ച നടത്തി. വൈകീട്ടോടെ ഡൽഹിയിൽ മടങ്ങിയെത്തിയ മുകുൾ വാസ്നികും അജയ് മാക്കനും വ്യാഴാഴ്ച രാത്രിതന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു. വിശദറിപ്പോർട്ട് ഇന്ന് കൈമാറും. ഞായറാഴ്ചയോടെ തീരുമാനം പ്രഖ്യാപിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here