എസ്‌ഐആർ ഹിയറിങ് നടപടി 14ന്‌ പൂർത്തിയാക്കും; അന്തിമപട്ടിക 21ന്

0
16

ഹിയറിങ് നടപടികൾ പൂർത്തിയായാൽ അന്തിമപട്ടിക പുറത്തുവിടും. നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെയാണ് പട്ടിക പുറത്തിറക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയ (എസ്‌ഐആർ) നടപടികൾ അവസാന ഘട്ടത്തിലേക്ക്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഹിയറിങ്. ഫെബ്രുവരി 14ന് പൂർത്തിയാകും. ഡിസംബർ 23 നായിരുന്നു ഹിയറിങ് ആരംഭിച്ചത്. അന്തിമപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. നടപടികൾ തിടുക്കപ്പെട്ട് പൂർത്തിയാക്കുന്നെന്ന വിമർശനം നിലനിൽക്കവെയാണ് നടപടികൾ അവസാനിക്കാൻ പോകുന്നത്.

ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ ജനുവരി 30 വരെയായിരുന്നു പൊതുജനങ്ങൾക്ക് അപേക്ഷയും ആക്ഷേപങ്ങളും സമർപ്പിക്കാൻ അവസരം ഒരുക്കിയത്. പേര് ചേർക്കാനും തിരുത്താനുമായി ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി അന്തിമ പട്ടികയിൽ ഉൾപ്പെടുത്തും.

ജനുവരി 30നുശേഷം ലഭിച്ച അപേക്ഷകൾ അന്തിമപട്ടിക പുറത്തിറങ്ങിയ ശേഷമാണ് പരിഗണിക്കുക. അർഹരെ അനുബന്ധ പട്ടികയിൽ ചേർക്കുമെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. ഹിയറിങ്ങിലൂടെ 21130 പേർ പുറത്തായി. ഇതിൽ 2804 പേർ എന്യൂമറേഷൻ കാലത്ത്‌ മരിച്ചവരും 1039 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 17287 പേർ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ വിശദമാക്കി.

മതിയായ കാരണങ്ങളാൽ കൃത്യമായ പരിശോധനയിലൂടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിങ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിങ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും ലിസ്റ്റിൽ നിന്ന് പുറത്താവുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

എസ്‌ഐആർ ഹിയറിങ് നിയോജക മണ്ഡലം തിരിച്ച്‌ പുരോഗമിക്കുകയാണ്. ഇആർഒമാർക്കാണ്‌ നടത്തിപ്പ്‌ ചുമതല. കരട് വോട്ടർപ്പട്ടികയിലെ 2.54 കോടി വോട്ടർമാരിൽ, 2002 ലെ എസ്‌ഐആറുമായി ബന്ധിപ്പിക്കാനാകാത്ത 19.32 ലക്ഷം പേരെയാണ് ഹിയറിങ്ങിന് വിധേയമാക്കുകയെന്നാണ്‌ കമീഷൻ നേരത്തെ പറഞ്ഞത്‌. കണക്കുപ്രകാരം 36 ലക്ഷത്തിലേറെ പേർക്കാണ്‌ ഹിയറിങ്‌ നോട്ടീസ്‌ അയച്ചത്‌. ഇതിൽ 32 ലക്ഷംപേരുടെ ഹിയറിങ്‌ പൂർത്തിയായി.

അതേസമയം, കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിരീക്ഷകർക്കുള്ള പരിശീലനം ഡൽഹിയിൽ തുടങ്ങി. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു.

ആകെ ആയിരത്തി നാനൂറ്റി നാല്പത്തി നാല് ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയോഗിച്ചത്. 714 പൊതു നിരീക്ഷകരെയും 233 പോലീസ് നിരീക്ഷകരെയും 497 തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും സംസ്ഥാനങ്ങളിലേക്ക് പോകും. എസ്ഐആർ അടക്കമുള്ള വിഷയങ്ങൾ നിരീക്ഷകരോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here