മാരകമായ കരൾ രോഗങ്ങളെ ചെറുക്കാൻ മാതളനാരകം ഉൾപ്പെടെയുള്ള പഴങ്ങൾക്കും നട്സുകൾക്കും കഴിയുമെന്ന് പുതിയ പഠനം. എന്നാൽ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി കഴിക്കുന്ന ചില പ്രീബയോട്ടിക് ഫൈബർ സപ്ലിമെൻ്റുകൾ രോഗം അധികമാക്കുമെന്നും എഡിത്ത് കോവൻ സർവകലാശാലയുടെ കണ്ടെത്തലുണ്ട്. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഫാറ്റി ലിവർ രോഗങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഈ പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
മദ്യപിക്കാത്തവരിൽ കാണപ്പെടുന്ന കരൾ രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അഥവാ എൻഎഎഫ്എൽഡി. ഓസ്ട്രേലിയയിലെ എഡിത്ത് കോവൻ സർവകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലോകജനതയുടെ 38 ശതമാനം ആളുകളെയും ഈ രോഗം ഇതിനകം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ഓസ്ട്രേലിയയിൽ മൂന്നിൽ ഒരാൾക്ക് ഈ അസുഖമുണ്ട്. കൃത്യമായ മരുന്നുകളോ പൂർണമായ ചികിത്സയോ ഈ രോഗത്തിന് ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയാണ് ഇതിന് പ്രധാന കാരണമാകുന്നത്.
തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ കരൾ പൂർണമായും പ്രവർത്തനരഹിതമാകാനും കാൻസർ വരാനും സാധ്യതയുണ്ട്. ഇത്തരം ഗുരുതരമായ സാഹചര്യത്തിലാണ് പുതിയ പഠനം ശ്രദ്ധേയമാകുന്നത്. കരളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും കേടുപാടുകൾ പരിഹരിക്കാനും ചില പ്രത്യേക ഭക്ഷണങ്ങൾക്ക് കഴിയും. ഇവ കൃത്യമായി ഉപയോഗിച്ചാൽ കരൾ രോഗങ്ങളെ വലിയൊരു പരിധിവരെ തടഞ്ഞുനിർത്താം.
എലാജിക് ആസിഡിൻ്റെ ഗുണങ്ങൾ
മാതളനാരകം, പലതരം ബെറികൾ, മുന്തിരി, വാൽനട്ട് തുടങ്ങിയവ കരൾ രോഗങ്ങളെ ചെറുക്കാൻ ഏറ്റവും മികച്ചതാണ്. ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന എലാജിക് ആസിഡ് എന്ന സംയുക്തമാണ് കരളിന് മികച്ച സംരക്ഷണം നൽകുന്നത്. വളരെ മികച്ച ഒരു ആൻ്റിഓക്സിഡൻ്റാണ് എലാജിക് ആസിഡ് എന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ശരീരത്തിലെ അനാവശ്യ വീക്കം കുറയ്ക്കാനും കാൻസർ കോശങ്ങളെ തടയാനുമുള്ള അപാരമായ കഴിവ് ഇവയ്ക്കുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് കരളിൻ്റെ ആരോഗ്യവും ആയുസ്സും വർധിപ്പിക്കും.
എലാജിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഫാറ്റി ലിവർ രോഗങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്ന് സർവകലാശാലയിലെ പ്രിസിഷൻ ഹെൽത്ത് സെൻ്റർ അസോസിയേറ്റ് പ്രൊഫസർ ലോയിസ് ബാമർ വ്യക്തമാക്കി. ഗുരുതരമായ ഒട്ടേറെ രോഗങ്ങളെ സുഖപ്പെടുത്താൻ ഈ പ്രകൃതിദത്ത ആൻ്റിഓക്സിഡൻ്റിന് കഴിയും.
ഫൈബർ സപ്ലിമെൻ്റുകൾ അപകടം
അതേസമയം, കുടലിൻ്റെ ആരോഗ്യത്തിനായി മിക്കവരും ഉപയോഗിക്കുന്ന ഇൻയുലിൻ എന്ന ഫൈബർ സപ്ലിമെൻ്റ് വളരെ ശ്രദ്ധിച്ച് മാത്രമേ ഉപയോഗിക്കാവൂ എന്ന് പഠനം കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫാർമസികളിൽ നിന്നും ഓൺലൈൻ വഴിയും എളുപ്പത്തിൽ ലഭിക്കുന്ന ഈ സപ്ലിമെൻ്റ് പലരും സ്വന്തം ഇഷ്ടപ്രകാരമാണ് അമിതമായി കഴിക്കുന്നത്. എന്നാൽ എലാജിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പമല്ലാതെ ഇൻയുലിൻ സപ്ലിമെൻ്റ് ഒറ്റയ്ക്ക് കഴിക്കുന്നത് എൻഎഎഫ്എൽഡി രോഗികൾക്ക് വലിയ ആപത്താണ്.
എലികളിൽ നടത്തിയ വിശദമായ പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞർ ഈ അപകടം തിരിച്ചറിഞ്ഞത്. ഇൻയുലിൻ മാത്രം പ്രതിദിനം കഴിച്ചവരിൽ വളരെ അപ്രതീക്ഷിതമായി ശരീരഭാരം വർധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാനും ഇത് കാരണമായി. ഒടുവിൽ കരളിൻ്റെ പ്രവർത്തനം തിരിച്ചുപിടിക്കാൻ കഴിയാത്തത്ര മോശമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.
കുടലിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ പെട്ടെന്ന് നഷ്ടപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. നാം ഏത് തരം ഭക്ഷണം കഴിക്കുന്നു എന്നത് മാത്രമല്ല, ആ പോഷകങ്ങൾ ശരീരത്തിൽ പരസ്പരം എങ്ങനെ യോജിച്ച് പ്രവർത്തിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ലോയിസ് ബാമർ വിശദീകരിച്ചു. കൃത്രിമ മാർഗങ്ങളേക്കാൾ പ്രകൃതിദത്ത ഭക്ഷണങ്ങളിലൂടെ കരളിനെ സംരക്ഷിക്കുന്നതാണ് എപ്പോഴും നല്ലതെന്നും ഈ പഠനം ഓർമിപ്പിക്കുന്നു.








