പെട്രോൾ – ഡീസൽ വിലയും കൂടും? 4 രൂപ മുതൽ 5 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്

0
27

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, വീടുകളിലുപയോഗിക്കുന്ന പാചകവാതകം എന്നിവയുടെ വില കൂടിയേക്കും. പശ്ചിമേഷ്യൻ യുദ്ധം ഹോർമൂസ് കടലിടുക്കിലുണ്ടാക്കിയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിലവർ‌ധന ഉണ്ടായേക്കുമെന്നാണ് വിവരം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത് ചൂണ്ടിക്കാട്ടിയായിരിക്കും വിലവർധന പ്രഖ്യാപിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ധന വില ലിറ്ററിന് 4 രൂപ മുതൽ 5 രൂപ വരെ കൂടിയേക്കും. ഗാർഹിക എൽപിജി വിലയും കൂടും. സിലിണ്ടറിന് 40 മുതൽ 50 രൂപ വരെ കൂടുമെന്നാണ് റിപ്പോർട്ട്. ഇതിനകം തന്നെ വാണിജ്യ ഗ്യാസ് സിലിണ്ടറിന് ആയിരം രൂപ ഒറ്റയടിക്ക് കൂട്ടിയിട്ടുണ്ട്. ഹോട്ടൽ വ്യവസായ രംഗത്തിന് വൻ തിരിച്ചടിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ചെലവേറിയ രീതിയിലാണ് എൽപിജി ഇറക്കുമതി ചെയ്യുന്നത്.

അതെസമയം തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതിനു പിന്നാലെ പാചകവാതക – ഇന്ധന വിലകൾ കൂട്ടുന്നത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്, ഇന്ധനവില വൻതോതിൽ ഉയർന്നതിനു ശേഷം കുറച്ച് വർഷങ്ങളായി കാര്യമായി മാറ്റം വരുത്തിയിരുന്നില്ല.

ഇന്ധന – പാചകവാതക വില വർധനകളിൽ പ്രതിഷേധമുണ്ടാകാനും സാധ്യതയുണ്ട്. കേരളത്തിൽ ഇതിനകം തന്നെ ഹോട്ടൽ ഉടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ് ആറിനാണ് സമരം നടക്കുക. വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ പണിമുടക്കുമെന്ന് സംഘടനയുടെ ഭാരവാഹികളായ പ്രസിഡന്റ് ജയപാലും ജനറൽ സെക്രട്ടറി എൻ അബ്ദുൾ റസാഖും അറിയിച്ചു. സിലിണ്ടറൊന്നിന് ആയിരം രൂപയോളമാണ് വില കൂടിയിരിക്കുന്നത്. സിലിണ്ടറിന് ആകെ വില മൂവായിരം രൂപയായി മാറും.

അതെസമയം ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി തുടരുകയാണ്. സംഘർഷം ആരംഭിച്ച് രണ്ട് മാസമായിട്ടും പ്രതിസന്ധി രൂക്ഷമായതല്ലാതെ കുറഞ്ഞിട്ടില്ല. യുഎസ് ഉപരോധം കൂടി വന്നതോടെ ഒരു കപ്പലും ഹോർമൂസിലൂടെ കടക്കാത്ത സ്ഥിതിയാണ് ഉള്ളത്. നേരത്തെ ചൈനീസ്, ഇന്ത്യൻ കപ്പലുകളെ ഇറാൻ കടത്തി വിട്ടിരുന്നു. ഈ കപ്പലുകളുടെ വരവുപോക്കുകളെ കൂടി തടയുകയാണ് യുഎസ് ഉപരോധത്തിലൂടെ ചെയ്തത്.

അതിനിടെ ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ ഏകപക്ഷീയ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്ന് യുഎഇ നിലപാട് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര താല്പര്യങ്ങൾക്കും നിയമങ്ങളെ ഇറാൻ അനുസരിക്കണം. ഹോർമുസിലൂടെ ഗതാഗതം അനുവദിക്കണം. അതെസമയം ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾക്ക് ആലോചിക്കുകയാണ് യുഎസ്. ഇതിനുള്ള നിർദ്ദേശങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറി. ഹോർമൂസിന്റെ ചില ഭാഗങ്ങൾ യുഎസ് പിടിച്ചെടുത്തേക്കും. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കാൻ പ്രത്യേക സൈനിക ഓപ്പറേഷൻ നടത്തുന്നതും ഈ നിർദ്ദേശങ്ങളിലുണ്ടെന്ന് അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here