ഭരണത്തുടർച്ചയോ ഭരണ മാറ്റമോ? കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഒരാഴ്ച;

0
31

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി ഏഴ് ദിവസം മാത്രം. മെയ് 4 തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ. സംസ്ഥാനത്തെ 140 നിയമസഭ മണ്ഡങ്ങളിലെ വോട്ടെണ്ണൽ 47 കേന്ദ്രങ്ങളിലായി മെയ്‌ നാലിന്‌ നടക്കും. രാവിലെ എട്ടുമണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. മൂന്നാം തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അതേസമയം ഭരണമാറ്റം ഉറപ്പാണെന്നാണ് യുഡിഎഫ് വാദം.

മെയ് നാലിന് രാവിലെ ഏഴ് മണിയ്ക്ക് സ്ഥാനാർഥികളുടെയും ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ സ്ട്രോങ്‌ റൂം തുറക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. ഇതിനുശേഷമേ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളിലെ (ഇവിഎം) വോട്ടുകൾ എണ്ണിത്തുടങ്ങൂ. തെരഞ്ഞെടുപ്പ്‌ കമീഷൻ്റെ വെബ്സൈറ്റിൽ ഓരോ ഘട്ടത്തിലെയും സ്ഥിതി അറിയാനാകും.

വിവരങ്ങൾ യഥാസമയം ലഭ്യമാക്കാൻ മീഡിയ സെൻ്റർ പ്രവർത്തിക്കും. വോട്ടെണ്ണൽ പൂർത്തിയായാൽ ഓരോ മണ്ഡലത്തിലും നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്ന അഞ്ചുവീതം പോളിങ്‌ സ്റ്റേഷനുകളിലെ വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണും.

ഫലപ്രഖ്യാപനത്തിനുശേഷം ഉണ്ടായേക്കാവുന്ന അക്രമങ്ങൾ തടയാൻ ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ 23 കേന്ദ്രങ്ങളിൽ പോലീസ് കനത്ത സുരക്ഷയൊരുക്കും . ചില സ്ഥാനാർഥികൾക്കും അവരുടെ വീടുകൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ഓഫീസുകൾ, വീടുകൾ എന്നിവ പോലീസ് നിരീക്ഷണത്തിലാണ്.

അക്രമസാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെയും അനുയായികളുടെയും വീടുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. സംഘർഷമേഖലയിൽ 150 ഓളം നിരീക്ഷണ കാമറകൾ സ്ഥാപിക്കും. പയ്യന്നൂർ മണ്ഡലത്തിലെ കോത്തായിമുക്ക്, വെള്ളൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കാമറ സ്ഥാപിച്ചത്.

വീടുകൾ കേന്ദ്രീകരിച്ച് സിസിടിവി സ്ഥാപിക്കാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പോലീസ് നിർദേശമുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച സ്ഥാനാർഥികളെ അനുകൂലിക്കുന്ന 35 പേർക്ക് പോലീസിൻ്റെ പ്രത്യേക സംരക്ഷണവും നീരീക്ഷണവുമുണ്ടാകും. പയ്യന്നൂരിലെ സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ്റെ വീടിനുണ്ടായിരുന്ന പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.

അക്രമസാധ്യത കണക്കിലെടുത്ത് രാത്രികാല പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തളിപ്പറമ്പ്, പയ്യന്നൂർ നിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങൾ, തലശേരി, മയ്യിൽ, മട്ടന്നൂർ, ധർമടം, കണ്ണവം, പാനൂർ, ചൊക്ലി, ന്യൂമാഹി, കൊളവല്ലൂർ എന്നിവിടങ്ങളിലും കനത്ത സുരക്ഷയൊരുക്കും. പോലീസിന് പുറമെ അർധസൈനികരെയും സംഘർഷസാധ്യതയുള്ള കേന്ദ്രങ്ങളിൽ വിന്യസിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here