സമീകൃതമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് ഗുണകരമാണ്
രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മാമ്പഴം മുൻപന്തിയിലാണ്. ‘പഴങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന മാമ്പഴം ഹൃദയാരോഗ്യത്തിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. മാമ്പഴം എങ്ങനെയാണ് രക്തസമ്മർദത്തെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.
പൊട്ടാസ്യത്തിന്റെ കലവറ
രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മിനറലാണ് പൊട്ടാസ്യം. മാമ്പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. ശരീരത്തിൽ സോഡിയം കൂടുമ്പോഴാണ് സാധാരണയായി രക്തസമ്മർദം വർധിക്കുന്നത്. പൊട്ടാസ്യം രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്നു.
മഗ്നീഷ്യം നൽകുന്ന ഗുണങ്ങൾ
ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും രക്തക്കുഴലുകൾക്ക് അയവ് വരുത്താനും മഗ്നീഷ്യം അത്യാവശ്യമാണ്. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.
ആന്റിഓക്സിഡന്റുകൾ
മാമ്പഴത്തിൽ മാംഗിഫെറിൻ, ക്വെർസെറ്റിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയും കാലറിയും കൂടുതലാണ്. അതിനാൽ അമിതമായി കഴിക്കുന്നത് പ്രമേഹരോഗികൾക്കും അമിതഭാരമുള്ളവർക്കും ദോഷം ചെയ്തേക്കാം. ദിവസം ഒന്നോ രണ്ടോ കഷ്ണങ്ങൾ കഴിക്കുന്നതാണ് ഉചിതം.
സമീകൃതമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് ഗുണകരമാണ്. എന്നിരുന്നാലും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ പ്രമേഹമോ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാമ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.









