മിമിക്രി-സിനിമ താരം കണ്ണൻ സാഗർ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയെ അതിജീവിച്ച് കരുത്തോടെ തിരിച്ചുവരുന്ന താരം, തന്നെ സഹായിച്ചവർക്കായി പങ്കുവെച്ച വൈകാരികമായ വാക്കുകൾ ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ:
”അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ എനിക്ക് കരുത്തായത് നടൻ മമ്മൂട്ടിയുടെ കരുതലും ആശുപത്രിയിൽ ലഭിച്ച പരിചരണവുമാണ്. മമ്മൂട്ടിയോടും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. രാജഗിരി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫും ദൈവതുല്യരായ മനുഷ്യരാണ്.
ശസ്ത്രക്രിയയുടെ ഞെട്ടലിൽ തളർന്നുപോയ എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഡോ. കെ.കെ. പ്രദീപ്, ഡോ. അക്ഷയ് നാരായൺ, ഡോ. കെ.എ. കോശി, ഡോ. ഡിബിൻ യു.ആർ, ഫിസിയോതെറാപ്പിസ്റ്റ് ഡോ. മെറിൻ കൂടാതെ എന്നെ പരിചരിച്ച നഴ്സുമാർ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. ‘തമാശക്കാർക്ക് ഇത്ര വേദനയെന്തിനാ, ഞങ്ങളൊക്കെയില്ലേ ഇവിടെ’ എന്ന നഴ്സുമാരുടെ സ്നേഹവാക്കുകൾ വലിയ ആശ്വാസമാണ് നൽകിയത്. ഇതിനിടെ ‘വാഴ 2’, ‘ആട് 3’ എന്നീ സിനിമകളിലെ അഭിനയത്തിന് ലഭിച്ച അഭിനന്ദനങ്ങൾ വേദനകൾ മറക്കാൻ എന്നെ ഏറെ സഹായിച്ചു.”
കണ്ണൻ സാഗറിന്റെ രോഗവിവരം രമേശ് പിഷാരടി മമ്മൂട്ടിയെ അറിയിച്ചതിനെ തുടർന്ന്, ‘ഹൃദ്യം’ പദ്ധതിയിലൂടെയാണ് ശസ്ത്രക്രിയ സാധ്യമായത്. ഇതിനായി കൂടെനിന്ന റോബർട്ട് കുര്യാക്കോസ്, കെ.എസ്. പ്രസാദ്, സാജു കൊടിയൻ എന്നിവരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. കൂടുതൽ കരുത്തോടെ എത്രയും വേഗം അദ്ദേഹം കലാരംഗത്തേക്ക് സജീവമായി മടങ്ങിയെത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം.








