തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണണങ്ങള്‍ അവസാന ലാപ്പിലേക്ക്. പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ തമിഴ് മണ്ണില്‍ ആവേശം ആളിക്കത്തുകയാണ്. ഡിഎംകെ നയിക്കുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസും (ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഡിഎംഡികെ, വിസികെ) എഐഎഡിഎംകെ നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും (ബിജെപി, പിഎംകെ) തമ്മിലായിരിക്കും തമിഴ്‌നാട്ടില്‍ പ്രധാന മത്സരം.
വികസന പ്രവർത്തനങ്ങളും, മണ്ഡല പുനർനിർണയം അടക്കമുള്ള കേന്ദ്ര നടപടികളും ഉയർത്തിക്കാട്ടിയാണ് ഡിഎംകെ അമരക്കാരൻ എംകെ സ്റ്റാലിൻ തന്‍റെ മണ്ഡലമായ കൊളത്തൂരില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ ഇത്തവണ ഡിഎംകെയ്‌ക്കെതിരെയായ പോരാട്ടത്തില്‍ എഐഎഡിഎംകെയ്‌ക്ക് ഒപ്പം നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) ശക്തമായി തന്നെ ഗോദയിലുണ്ട്.
ബൂത്തിലേക്ക് തമിഴ്‌നാട് എത്താൻ ഇനി കേവലം രണ്ട് നാള്‍ ശേഷിക്കെ പ്രാരണ ചൂട് അതിന്‍റെ ഉന്നതിയിലാണ്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ആകാംക്ഷാഭരിതമായ തെരഞ്ഞെടുപ്പ് തന്നെയാകും ഇത്തവണത്തേത് എന്നാണ് വിലയിരുത്തല്‍. തന്‍റെ താരപദവി കെണ്ടും ഡിഎംകെയ്‌ക്ക് എതിരായ പ്രചാരണം കൊണ്ടും വിജയ്‌ക്കും ഒപ്പം ടിവികെയ്‌ക്കും ജനങ്ങളെ എത്രത്തോളം സ്വാധീനിക്കാനാകും എന്നത് ആകാംക്ഷ ഏറ്റുന്നുണ്ട്.
ടിവികെയുടെ കന്നിയങ്കമാണ് ഇത്. മിക്ക മണ്ഡലങ്ങളിലും ടിവികെ മത്സര രംഗത്തുമുണ്ട്. ടിവികെ എത്ര സീറ്റ് പിടിക്കും എന്നതടക്കം തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ ചർച്ച മുറുകുകയാണ്. സ്റ്റാലിന്‍റെ പ്രചാരണത്തില്‍ ബിജെപി അല്‍പം പ്രതിരോധത്തിലാണ് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. തമിഴ്‌നാടിനുള്ള കേന്ദ്ര വിഹിതം തടഞ്ഞുവച്ചതടക്കം കേന്ദ്ര നടപടികള്‍ പ്രചാരണങ്ങളില്‍ കൃത്യമായി ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. ചലച്ചിത്ര നടി ഖുശ്‌ബു അടക്കമുള്ള സ്റ്റാർ കാൻഡിഡേറ്റുകള്‍ ബിജെപിയെ തുണയ്‌ക്കുമോ എന്നത് കണ്ടറിയണം.
എന്‍ഡിഎ മുന്നണിയില്‍ അണ്ണാ ഡിഎംകെയുമായി ചേര്‍ന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ 27 സീറ്റുകളിലാണ് സംസ്ഥാനത്ത് പോരിനിറങ്ങുന്നത്. പ്രതീക്ഷയിലാണ് മുന്നണി. വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നല്‍കിയുള്ള പ്രകടന പത്രിക തങ്ങളെ തുണയ്‌ക്കമെന്ന് ബിജെപി വിശ്വസിക്കുന്നു.
മത്സര രംഗത്ത് റെക്കോർഡ് സ്ഥാനാർഥികള്‍
234 മണ്ഡലങ്ങളുള്ള തമിഴ്‌നാട് നിയമസഭയിലേക്ക് ഇത്തവണ റെക്കോർഡ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 4,654 സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. 2011ല്‍ 2748 സ്ഥാനാർഥികളാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടിയത്. 2016ല്‍ 3776 സ്ഥാനാർഥികളും 2012ല്‍ 398 സഥാനാർഥികളും ജനവിധി തേടി. ഇത്തവണ സ്ഥനാർഥികളുടെ എണ്ണം 4654 ആയി വർധിച്ചതോടെ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ പങ്കാളിത്തം കൂടുന്നതിന്‍റെ സൂചനയായി നിരീക്ഷകർ വിലയിരുത്തുന്നു.
പ്രചാരണത്തിനിടെ ദേവാലയത്തില്‍ പ്രാർഥന നടത്തുന്ന ടിവികെ അധ്യക്ഷൻ വിജയ്
തമിഴ്‌നാട് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ഥാനാർഥി പട്ടിക എന്നാണ് ഇത്തവണത്തെ സ്ഥാനാർഥി പട്ടികയെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിശേഷിപ്പിക്കുന്നത്. സ്ഥാനാർഥകളുടെ എണ്ണം തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സങ്കീർണമാക്കും എന്നതില്‍ തർക്കമില്ല. ബാലറ്റ്, വിഎം സജ്ജീകരണത്തില്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിഷയങ്ങളില്‍ സ്ഥാനാർഥികളുടെ എണ്ണം തിരിച്ചടിയായേക്കും.
ക്രിമിനല്‍ കേസുള്ള സ്ഥാനാർഥികള്‍
മത്സര രംഗത്തുള്ള 4654 സ്ഥാനാർഥികളില്‍ 404 സ്ഥാനാർഥികളെങ്കിലും ഗുരുതരമായ ക്രിമിനൽ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. 722 സ്ഥാനാർഥികൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), തമിഴ്‌നാട് ഇലക്ഷൻ വാച്ച് (ടിഎൻഇയു) എന്നിവ പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരം.
എ.ഐ.എ.ഡി.എം.കെയുടെ 60 സ്ഥാനാർഥികളും, ടി.വി.കെയുടെ 43 സ്ഥാനാർഥികളും, ഡി.എം.കെയുടെ 32 സ്ഥാനാർഥികളും, ബി.ജെ.പിയുടെ ഒമ്പത് സ്ഥാനാർഥികളും, ഐ.എൻ.സിയുടെ അഞ്ച് സ്ഥാനാർഥികളും, പി.എം.കെയുടെ ആറ് സ്ഥാനാർഥികളും, ഡി.എം.ഡി.കെയുടെ ഒരു സ്ഥാനാർഥിയും, സി.പി.ഐയുടെ ഒരു സ്ഥാനാർഥിയും ഗുരുതരമായ ക്രിമിനൽ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.







