തിരുവനന്തപുരം: അക്ഷയതൃതീയക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 1,13,880 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.
അക്ഷയതൃതീയ ദിനമായ ഇന്നലെ പവന് 1,14,240 രൂപയായിരുന്നു വില. ഈ മാസത്തെ ഉയർന്ന നിരക്കായാണ് ഇത് കണക്കാക്കുന്നത്. ശനിയാഴ്ചയും വിപണിയിൽ ഇതേ വിലയായിരുന്നു. പിന്നാലെ വന്ന തൃതീയ ദിനത്തിലും വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ നിരവധി ആളുകളാണ് സംസ്ഥാനത്ത് സ്വർണം വാങ്ങിയത്.
അക്ഷയതൃതീയ സ്വർണത്തിൻ്റെ ആവശ്യം കൂട്ടിയെങ്കിലും വില വർധനയിലേക്ക് നയിച്ചില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സാധാരണഗതിയിൽ ഡിമാൻഡ് കൂടുമ്പോൾ വില വർധിക്കാറുണ്ടെങ്കിലും ആഗോള വിപണിയിലെ മാറ്റങ്ങളാണ് ഇത്തവണ വില പിടിച്ചുനിർത്തിയത്.
കാരറ്റ് അടിസ്ഥാനത്തിലുള്ള വില
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,695 രൂപയായി. ഇതോടെ 18 കാരറ്റ് പവൻ സ്വർണത്തിന് 93,560 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,110 രൂപയായപ്പോൾ പവന് 72,880 രൂപയായി. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,875 രൂപയിലെത്തി. ഇതോടെ ഒൻപത് കാരറ്റ് സ്വർണത്തിന് പവന് 47,000 രൂപയായി. ഒരു ഗ്രാം വെള്ളിക്ക് 270 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 2,700 രൂപയുമാണ് ഇന്നത്തെ വില.
ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിങ് ഫീസ് എന്നിവ ഉൾപ്പെടെ 1,21,000 രൂപയെങ്കിലും നൽകേണ്ടി വരും. സ്വർണാഭരണത്തിൻ്റെ ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമായാണ് കണക്കാക്കുന്നത്. ആഭരണത്തിൻ്റെ ഡിസൈൻ അനുസരിച്ച് വിലയിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. പണിക്കൂലി കൂടുന്നതിനനുസരിച്ച് വാങ്ങുന്നയാൾ നൽകേണ്ട അന്തിമ തുകയിലും വർധനയുണ്ടാകും.
വില കുറയാനുള്ള കാരണം
ഇറാൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങളാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില വീണ്ടും ഉയർന്നിരിക്കുകയാണ്. എണ്ണവില ഉയർന്നതോടെ സ്വാഭാവികമായി ആഗോള വിപണിയിൽ സ്വർണവില കുറയുകയായിരുന്നു. ഇതാണ് കേരളത്തിലെ സ്വർണവിൽപനയിലും പ്രതിഫലിച്ചത്.
ലോക വിപണിയിൽ സ്വർണം ഔൺസിന് 4,900 ഡോളറാണ്. പശ്ചിമേഷ്യൻ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീർണമായി തുടരുന്നത് സ്വർണവിലയെ കാര്യമായി ബാധിച്ചു. ലോക മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. ഡോളറിൻ്റെ മൂല്യത്തിലെ കയറ്റിറക്കങ്ങളും രാജ്യാന്തര മാർക്കറ്റിൽ ചാഞ്ചാട്ടങ്ങൾക്ക് കാരണമാകും. ഇത് ഇന്ത്യൻ വിപണിയിലും പ്രകടമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി.
അക്ഷയതൃതീയ ദിനത്തിലെ വ്യാപാരം
ആഗോള സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം സ്വർണവില ഉയർന്നതോടെ അക്ഷയതൃതീയ ദിനത്തിൽ വ്യാപാരികൾ ആശങ്കയിലായിരുന്നു. വിലയിലെ ചാഞ്ചാട്ടം തുടർന്നുവെങ്കിലും സ്വർണ തൃതീയ ദിനത്തിൽ വ്യാപാരം വലിയ രീതിയിൽ നടന്നു.
ഉയർന്ന വില കാരണം ഉപഭോക്താക്കൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്കും കുറഞ്ഞ കാരറ്റുകളിലേക്കും കൂടുതൽ തിരിയുന്ന പ്രവണതയാണുണ്ടായതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ ദിവസമായാണ് അക്ഷയതൃതീയയെ കണക്കാക്കുന്നത്. അതിനാൽ വില കൂടിയാലും വിൽപനയെ സാരമായി ബാധിച്ചിട്ടില്ല.






