കാനഡയോടുള്ള താൽപ്പര്യം കുറഞ്ഞ് ഇന്ത്യൻ വിദ്യാർഥികൾ;

0
36

ഒട്ടാവ: ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ടയിടമായ കാനഡയിൽ നിന്നും വിദ്യാർഥികൾ തിരിച്ചുവരുന്നതായി റിപ്പോർട്ട്. കാനഡയോടുള്ള താത്പര്യം ഇന്ത്യക്കാർക്ക് കുറയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങളായി കാനഡയിലേക്ക് ചേക്കേറാൻ കാത്തിരുന്ന ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ഇപ്പോൾ വലിയ ആശങ്കയും വിമുഖതയും പ്രകടമാണ്. സമീപകാലത്ത് കാനഡ ഏർപ്പെടുത്തിയ കുടിയേറ്റ നിയമങ്ങളിലെ കർശന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ ലഭ്യമായ റിപ്പോർട്ട് പ്രകാരം, കാനഡയിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മികച്ച കൺസൾട്ടൻസികളിൽ ലഭിക്കുന്ന അപേക്ഷകളിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80% വിദ്യാർഥികളുടെ അപേക്ഷകളിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്നത് ഇറ്റലിയും ജർമനിയുമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കാനഡയിലെ പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, 2023-ൽ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 51.6 ശതമാനവും ഇന്ത്യക്കാരായിരുന്നു. എന്നാൽ 2025 സെപ്റ്റംബറിലെ കണക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റഡി പെർമിറ്റുകളിലെ നിയന്ത്രണം, വിസ നിരസിക്കപ്പെടുന്നതിലെ വർധനവ്, കാനഡയിലെ ഉയർന്ന ജീവിതച്ചെലവ് ഇതെല്ലാം വിദ്യാർഥികളെ പുനർ വിചിന്തനം ചെയ്യിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുപോലെ, വിദ്യാർഥികൾ അക്കൗണ്ടിൽ കാണിക്കേണ്ട തുകയിൽ വലിയ വർധനവാണ് കാനേഡിയൻ സർക്കാർ കൊണ്ടുവന്നത്. ഇതും വിദ്യാർഥികൾ തീരുമാനം മാറ്റുവാൻ കാരണമായതായി ചൂണ്ടിക്കാണിക്കുന്നു.

പഠനത്തിന് ശേഷം കൂടുതൽ വിദ്യാർഥികൾ കാനഡയിൽ തന്നെ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ കനേഡിയൻ സർക്കാർ കൊണ്ടുവരുന്ന നയമാറ്റങ്ങൾ വിദ്യാർഥികൾക്ക് പഠനത്തിന് ശേഷം കാനഡയിൽ തുടരാൻ സാധിക്കില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതും വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്കയുയർത്തുന്നു.

കാനഡയിലെ തൊഴിലില്ലായ്മയും വീട് വാടകയിലെ വർധനവും കാനഡയിൽ നിന്നും മാറി മറ്റുരാജ്യങ്ങൾ തെരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം, കാനഡയിലെ കുടിയേറ്റക്കാരുടെ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട ഇടമായ ആൽബർട്ടയിലെ ഇമിഗ്രേഷനിൽ വലിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങൾ പ്രകാരം, വർക്കർ പ്രൊഫൈലുകൾ സമർപ്പിക്കാൻ ഇനി മുതൽ നിശ്ചിത തുക ഫീസായി നൽകണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷം മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതും വിദേശ പൗരന്മാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here