ടിസിഎസ് നാസിക് ജീവനക്കാരന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0
67

ടിസിഎസ് (TCS) നാസിക് ശാഖയിലെ വനിതാ ജീവനക്കാർ നൽകിയ ലൈംഗികാതിക്രമ, നിർബന്ധിത മതപരിവർത്തന പരാതികൾക്ക് പിന്നാലെ സ്ഥാപനത്തിലെ മറ്റൊരു പുരുഷ ജീവനക്കാരനും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.

തന്നെ നിർബന്ധിച്ച് നിസ്കരിപ്പിച്ചുവെന്നും തൊപ്പി ധരിപ്പിച്ചുവെന്നും ആരോപിച്ച ഇദ്ദേഹം, പ്രതികളിൽ ഒരാൾ തന്റെ ഭാര്യയെക്കുറിച്ച് അങ്ങേയറ്റം അപകീർത്തികരമായ പരാമർശം നടത്തിയതായും വെളിപ്പെടുത്തി. “നിനക്ക് കുട്ടി വേണമെന്നുണ്ടെങ്കിൽ നിന്റെ ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ” എന്ന് പ്രതി തന്നോട് പറഞ്ഞതായി ഇദ്ദേഹം ആരോപിക്കുന്നു.

തനിക്കുണ്ടായ ദുരനുഭവങ്ങൾ ഇന്ത്യാ ടുഡേയോട് വിവരിക്കവെ, ടീം ലീഡർമാർ തന്നെക്കൊണ്ട് നിർബന്ധിച്ച് കലിമ ചൊല്ലിക്കുകയും നിസ്കരിപ്പിക്കുകയും ചെയ്തതായി ഇദ്ദേഹം പറഞ്ഞു. ചികിത്സകൾ നടത്തിയിട്ടും കുട്ടികളുണ്ടാകാത്തതിനെ പരിഹസിച്ച പ്രതികൾ, ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്കാൻ പറയുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു.

പീഡനം തുടങ്ങിയത് 2022-ൽ

2022-ൽ കമ്പനിയിൽ ചേർന്നത് മുതൽ പീഡനം ആരംഭിച്ചതായി ഇദ്ദേഹം പറയുന്നു. ടീം ലീഡർ തൗസിഫ് അത്താർ, സഹപ്രവർത്തകൻ ഡാനിഷ് ഷെയ്ഖ് എന്നിവർ ചേർന്നാണ് തന്നെ ലക്ഷ്യമിട്ടത്. അധികാരമുപയോഗിച്ച് തന്നെക്കൊണ്ട് മറ്റുള്ളവരുടെ ജോലികൾ ചെയ്യിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

23 വയസ്സുള്ള മറ്റൊരു വനിതാ ജീവനക്കാരൻ നൽകിയ എഫ്ഐആറിലും ഡാനിഷ് ഷെയ്ഖിന്റെയും തൗസിഫിന്റെയും പേരുകളുണ്ട്. ഈ യുവതിയെ ഡാനിഷ് ബലംപ്രയോഗിച്ച് ചുംബിക്കാൻ ശ്രമിച്ചതായും വിവാഹം കഴിക്കാൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്.

മതപരമായ അവഹേളനം

ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും പ്രതികൾ നിരന്തരം പരിഹസിച്ചിരുന്നു. കർശന സസ്യാഹാരിയായ തന്നെ രാത്രി ഷിഫ്റ്റുകൾക്ക് ശേഷം ഹോട്ടലുകളിൽ കൊണ്ടുപോയി മാംസാഹാരം കഴിക്കാൻ നിർബന്ധിച്ചതായും അദ്ദേഹം പറഞ്ഞു. 2023-ലെ പെരുന്നാൾ ദിനത്തിൽ തൗസിഫ് തന്നെ വീട്ടിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് നിസ്കരിപ്പിക്കുകയും ആ ചിത്രങ്ങൾ ഓഫീസിലെ ഔദ്യോഗിക ഗ്രൂപ്പുകളിൽ പങ്കുവെച്ച് അപമാനിക്കുകയും ചെയ്തു.

കുടുംബത്തെയും ലക്ഷ്യമിട്ടു

വർഷങ്ങളായി കുട്ടികളില്ലാത്തതിനെ പരിഹസിച്ച പ്രതികൾ അങ്ങേയറ്റം നീചമായ രീതിയിലാണ് സംസാരിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ തൗസിഫ് തനിക്ക് നേരെ ടേബിൾ ഫാൻ എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ പിതാവിന് പക്ഷാഘാതം ഉണ്ടായപ്പോൾ ഇസ്ലാം മതം സ്വീകരിച്ചാൽ അദ്ദേഹം സുഖപ്പെടുമെന്നും പ്രതികൾ പറഞ്ഞു. ഷാരൂഖ്, റാസ മേമൻ എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നതായി ഇദ്ദേഹം ആരോപിക്കുന്നു.

നിയമനടപടി

പരാതിക്കാരൻ ഇവരുടെ ആവശ്യങ്ങൾക്ക് വഴങ്ങാതായതോടെ അദ്ദേഹത്തെ പിരിച്ചുവിടാനായി കമ്പനി ഹെഡ് ഓഫീസിൽ വ്യാജ പരാതികൾ നൽകി. 2022 മുതൽ 2026 മാർച്ച് 23 വരെ ഈ പീഡനം തുടർന്നതായാണ് ഇദ്ദേഹം പറയുന്നത്. നാസിക് യൂണിറ്റിലെ വിവിധ വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഒമ്പതോളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൗസിഫ്, ഡാനിഷ്, എച്ച്ആർ എക്സിക്യൂട്ടീവ് നിദ ഖാൻ എന്നിവരുൾപ്പെടെ ഒമ്പത് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ ആദ്യം സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷമാണ് മതപരിവർത്തനത്തിനായി സമ്മർദ്ദം ചെലുത്തുന്നതെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here