ഇറാനുമായുള്ള നിലവിലെ സംഘർഷത്തിൽ ഇസ്രയേലിനും അമേരിക്കയ്ക്കും ഒരേ ലക്ഷ്യങ്ങളാണുള്ളതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള അമേരിക്കയുടെ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ഇസ്രയേലിനെ അറിയിക്കുന്നുണ്ട്. ഇറാനിൽനിന്ന് സമ്പുഷ്ടീകരിച്ച വസ്തുക്കൾ പൂർണമായി നീക്കം ചെയ്യുക, അവരുടെ ആണവ സമ്പുഷ്ടീകരണ ശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കുക, അടഞ്ഞുകിടക്കുന്ന പ്രധാന സമുദ്രപാതകൾ വീണ്ടും തുറക്കുക എന്നീ കാര്യങ്ങളിൽ ഇരു രാജ്യങ്ങൾക്കും ഒരേ നിലപാടാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള താത്കാലികവും ദുർബലവുമായ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ ഏപ്രിൽ 22ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രശ്‌നം എങ്ങനെ അവസാനിക്കുമെന്നോ ഏത് രീതിയിൽ പുരോഗമിക്കുമെന്നോ ഇപ്പോൾ പറയാറായിട്ടില്ല. എങ്കിലും പോരാട്ടം പുനരാരംഭിക്കാൻ സാധ്യതയുള്ളതിനാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സൈന്യം പൂർണസജ്ജമാണെന്നും നെതന്യാഹു വ്യക്തമാക്കി.
ഹിസ്ബുല്ലയ്‌ക്കെതിരെ ആക്രമണം
ഇസ്രയേൽ സൈന്യവും ഷിയ ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. വടക്കൻ ഇസ്രയേൽ നിവാസികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഹിസ്ബുല്ലയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ അതിശക്തമായ ആക്രമണം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2006ലെ യുദ്ധം മുതൽ ഹിസ്ബുല്ലയുടെ പ്രതിരോധത്തിൻ്റെ പ്രധാന പ്രതീകവും തെക്കൻ ലെബനനിലെ അവരുടെ തലസ്ഥാനവുമായിരുന്ന ബിൻ്റ് ജുബൈലിൽ ഇസ്രയേൽ സൈന്യം അതിവേഗം നിയന്ത്രണം ഉറപ്പിക്കാറായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദുരിതമനുഭവിക്കുന്ന ദ്രൂസ് വിഭാഗത്തിൽപ്പെട്ട സഹോദരങ്ങളെ സഹായിക്കുന്നതിനായി തെക്കൻ ലെബനനിലെ സുരക്ഷാമേഖല കിഴക്ക് ഹെർമോൻ പർവതനിരകളുടെ ചെരിവുകൾ വരെ വിപുലീകരിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് (ഐഡിഎഫ്) കർശന നിർദേശം നൽകിയിട്ടുണ്ട്.
സമാധാന ചർച്ചകൾ
ഔദ്യോഗികമായി നയതന്ത്ര ബന്ധമില്ലാത്ത ലെബനനുമായി അമേരിക്കയുടെ മധ്യസ്ഥതയിൽ സമാനതകളില്ലാത്ത സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. ഹിസ്ബുല്ലയെ പൂർണമായും നിരായുധീകരിക്കുക, മേഖലയിൽ സുസ്ഥിര സമാധാനം ഉറപ്പാക്കുക എന്നിവയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യങ്ങൾ.
സമാധാന കരാറിനായി ലിതാനി നദി വരെയുള്ള പ്രദേശം ഹിസ്ബുല്ല വിമുക്ത ബഫർ സോണാക്കി മാറ്റുക, സൈനിക നീക്കങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുക, യുഎസ് മേൽനോട്ടത്തിൽ ദീർഘകാല നിരായുധീകരണ പ്രക്രിയ ആരംഭിക്കുക തുടങ്ങിയ കർശന നിബന്ധനകളാണ് ഐഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.
സമാധാന ചർച്ചകൾ ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. വെടിനിർത്തലിന് തയ്യാറെടുക്കാൻ സൈന്യത്തിന് ഇതുവരെ നിർദേശം ലഭിച്ചിട്ടില്ല. വ്യോമസേനയുടെ ശക്തമായ പിന്തുണയോടെ അഞ്ച് ഡിവിഷനുകൾ തെക്കൻ ലെബനനിൽ സജീവമായി പോരാടുന്നുണ്ടെന്നും നേട്ടങ്ങൾ വർധിപ്പിച്ച് ഹിസ്ബുല്ല തീവ്രവാദികളെ ഇല്ലാതാക്കുന്നത് തുടരുമെന്നും ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. സൈന്യം എപ്പോഴും അതീവ ജാഗ്രതയിലാണെന്നും ലെബനനിലെയും ഇറാനിലെയും ഓപ്പറേഷൻ പ്ലാനുകൾക്ക് കൃത്യമായി അംഗീകാരം നൽകുന്നത് തുടരുകയാണെന്നും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സാമിർ വ്യക്തമാക്കി.






