വാഷിങ്‌ടണ്‍: ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ യുദ്ധം സംബന്ധിച്ച് അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് വിമര്‍ശനം. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മാര്‍പ്പാപ്പയുടെ നിലപാട് ദുര്‍ബലമാണെന്നും വിദേശ നയങ്ങള്‍ മോശമാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ ആണവ ആഗ്രഹങ്ങള്‍ പോലുള്ള ഭീഷണികളെ മാര്‍പ്പാപ്പ അവഗണിക്കുകയാണ്. വെനസ്വേലയില്‍ നിന്നുള്ള മയക്ക് മരുന്ന് കടത്ത് താന്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ അതിനെ മാര്‍പ്പാപ്പ വിമര്‍ശിച്ചത് ശരിയായില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ വിമര്‍ശനം.
തന്നെ നേരിടാന്‍ വേണ്ടിയാണ് ലിയോയെ സഭ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തത്. താനെങ്ങാനും വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നു. മാര്‍പ്പാപ്പ സഭയുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അല്ലാതെ രാഷ്‌ട്രീയക്കാരനാകാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മാര്‍പ്പാപ്പയുടെ നിലപാടുകള്‍ കാത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കുന്നുവെന്നും അതുകൊണ്ട് സാമാന്യ ബോധത്തോടെ പെരുമാറണമെന്നും ട്രംപ് പറഞ്ഞു.
കൊവിഡ് മഹാമാരി കാലത്ത് പള്ളികളിലും ദേവാലയങ്ങളിലും ശുശ്രൂഷകള്‍ നടത്തിയ പുരോഹിതരെ അറസ്റ്റ് ചെയ്‌തപ്പോള്‍ പ്രതികരിക്കാതെ മൗനം പാലിച്ചയാളാണ് മാര്‍പ്പാപ്പ. മാത്രമല്ല ഡേവിഡ് ആക്‌സല്‍റോഡ് പോലുള്ള ഇടത് ചിന്താഗതിക്കാരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തുന്നത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പ്രസിഡന്‍റിനെ വിമർശിക്കുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. കാരണം ഞാന്‍ എന്‍റെ ജോലി കൃത്യമായി ചെയ്യുകയാണ്. പോപ്പ് ആകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അംഗീകരിച്ചത്. പോപ്പ് എന്ന നിലയിൽ ലിയോ തന്‍റെ പ്രവൃത്തിയെ ഏകോപിപ്പിക്കണം. തീവ്ര ഇടതുപക്ഷത്തെ പരിപാലിക്കുന്നത് നിർത്തണം.
ലിയോയെക്കാള്‍ താത്‌പര്യം സഹോദരനോട്: എനിക്ക് ലിയോയെക്കാള്‍ അദ്ദേഹത്തിന്‍റെ സഹോദരനെയാണ് ഇഷ്‌ടം. ലിയോയുടെ സഹോദരന്‍ ലൂയിസ് തന്‍റെ അനുകൂലിയാണെന്നും എന്നാല്‍ മാര്‍പ്പാപ്പയ്‌ക്ക് കാര്യങ്ങളൊന്നും മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി.
ഇറാന് ഒരു ആണവായുധം ഉണ്ടായിരിക്കണമെന്ന് ചിന്തിക്കുന്ന ആളാണ് മാര്‍പ്പാപ്പ. അമേരിക്ക വെനസ്വേലയെ ആക്രമിച്ചത് ഭയാനകമാണെന്നാണ് അദ്ദേഹം കരുതുന്നത്. അത്തരമൊരു പോപ്പിനോട് എനിക്ക് ഒട്ടും താത്‌പര്യമില്ല.
കഴിഞ്ഞ ദിവസം സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലുണ്ടായ പ്രാര്‍ഥനാ ശുശ്രൂഷയ്‌ക്കിടെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്‌തത്. വാഷിങ്‌ടണും ടെഹ്‌റാനും നേരിട്ട് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടങ്ങിയ ദിവസം തന്നെയാണ് മാര്‍പ്പാപ്പ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്‍റെ വിമര്‍ശനം.






