‘കാലം പറഞ്ഞ കഥ’യ്‌ക്ക് പ്രദർശന വിലക്കില്ല;

0
85

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി പ്രമേയപരമായി സാമ്യമുള്ള ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയ്ക്ക് പ്രദര്‍ശന വിലക്കില്ല. സിനിമ റിലീസ് ചെയ്യാന്‍ ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ ഹർജിയാണ് കോടതി തള്ളിയത്.

കേസിൽ വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. സിനിമ റിലീസ് ചെയ്യുന്നത് തന്റെ മകന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും റഹീം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സിനിമ കേസിന്റെ വിചാരണയെ ബാധിക്കുമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല.പ്രസാദ് നൂറനാട് ആണ് ‘കാലം പറഞ്ഞ കഥ’ സംവിധാനം ചെയ്തിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് കഥ എഴുതിയിരിക്കുന്നത്.

ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സിനിമയ്ക്ക് വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമില്ലെന്നും സംസ്ഥാനത്ത് നടന്ന പല സംഭവങ്ങൾ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. കുട്ടികൾക്ക് ബോധവൽക്കരണമെന്ന നിലയിലാണ് സിനിമ ഒരുക്കിയതെന്നാണ് പ്രസാദ് നൂറനാട് അവകാശപ്പെടുന്നത്.

തിരുവനന്തപുരം വെഞ്ഞാറമൂടിൽ, അഫാൻ എന്ന യുവാവ് കുടുംബാംഗങ്ങളായ നാല് പേരെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയത് കേരളത്തെ ആകെ ഞെട്ടിച്ച സംഭവമാണ്. കൊലപാതകങ്ങൾ നടത്തിയെന്ന് അറിയിച്ച് അഫാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. മൂന്നിടങ്ങളിലായാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ അഫാന്റെ മാതാവിനും സാരമായി പരിക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here