കേരള നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, യുഡിഎഫിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ അധികാര കൈമാറ്റത്തിനായി രഹസ്യ കരാർ ഉണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി ബിജെപി. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുസ്ലിം ലീഗിൻ്റെ റിമോട്ട് കൺട്രോൾ ഭരണം
മുസ്ലിം ലീഗ് കോൺഗ്രസിനെ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. ഇത്തരമൊരു ഉറപ്പ് ലീഗിന് നൽകിയിട്ടുണ്ടോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും കോൺഗ്രസ് ഉണ്ടാക്കിയ ധാരണകൾ എന്താണെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്താൻ നേതൃത്വം തയ്യാറാകണം.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏത് നുണയും പ്രചരിപ്പിക്കാൻ മടിയില്ലാത്ത ലോകത്തിലെ ഏറ്റവും നാണംകെട്ട പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. വികസിത കേരളം എന്ന ലക്ഷ്യത്തോടെ ബിജെപി പോസിറ്റീവ് കാമ്പയിൻ നടത്തുമ്പോൾ കോൺഗ്രസ് വ്യാജ പ്രചാരണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തെലങ്കാനയിലെ വാഗ്ദാനങ്ങൾ എവിടെ?
യുഡിഎഫ് മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. തെലങ്കാനയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്ക് ഏക്കറിന് 15,000 രൂപ, നെല്ലിന് 500 രൂപ ബോണസ്, വായ്പ എഴുതിത്തള്ളൽ, സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, 10 ഗ്രാം സ്വർണ്ണം, ബിപിഎൽ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ, ആദ്യ വർഷം രണ്ട് ലക്ഷം സർക്കാർ ജോലികൾ എന്നിവയൊന്നും നടപ്പിലാക്കിയിട്ടില്ല.
തെലങ്കാനയുടെ കടബാധ്യത 10 ലക്ഷം കോടി കടന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഫ്‌സിആർഎ (FCRA) ഭേദഗതി ബിൽ ക്രൈസ്തവ വിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പടർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിന് കീഴടങ്ങിയ കോൺഗ്രസ്
കേരളത്തിലെ കോൺഗ്രസ് മുസ്ലിം ലീഗിൽ ലയിച്ച അവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. യുഡിഎഫിൽ കോൺഗ്രസിനേക്കാൾ സ്വാധീനം ലീഗിനാണ്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായും ചിലയിടങ്ങളിൽ സിപിഎമ്മുമായും ലീഗ് രാഷ്ട്രീയ ധാരണകൾ ഉണ്ടാക്കുമ്പോൾ കോൺഗ്രസ് അതിന് മൗനാനുവാദം നൽകുകയാണ്.
ബിജെപിക്കെതിരെ വിശാല സഖ്യം ഉണ്ടാക്കി തോൽപ്പിക്കാമെന്നത് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വ്യാമോഹം മാത്രമാണെന്നും ജനങ്ങൾ ഈ അവസരവാദ രാഷ്ട്രീയത്തെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








