കൊളസ്‌ട്രോളിനെ കുറിച്ച് മാർഗനിർദേശങ്ങള്‍ നല്‍കി അമേരിക്കൻ ഹാർട്ട് അസോസിയേഷനും (എഎച്ച്എ) അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയും. പ്രായം മാനദണ്ഡമല്ല, എപ്പോള്‍ ആർക്ക് വേണമെങ്കിലും പിടിപെടാം. കരുതാം, ഹൃദയാരോഗ്യത്തിനായി…
നിയന്ത്രിച്ചില്ലെങ്കില്‍ വില്ലനാകും. തന്മൂലം ഉണ്ടാകുന്നതോ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗങ്ങളും. പറഞ്ഞുവന്നത് കൊളസ്‌ട്രോളിനെ കുറിച്ചാണ്. ഭക്ഷണക്രമവും വ്യായാമം ഇല്ലായ്‌മയും ജീവിതശൈലിയുമൊക്കെ നമ്മെ കൊണ്ടെത്തിക്കുന്ന അതിമാരകമായ ഒരവസ്ഥയാണീ കൊളസ്‌ട്രോള്‍. അഥവാ രക്തത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ.
കൊളസ്‌ട്രോള്‍ പിടിപെടാൻ പ്രായം ഒരു മാനദണ്ഡമാണെന്ന് കരുതരുത്. വാർധക്യത്തിലേക്ക് കടക്കുമ്പോള്‍ വരുന്നതല്ല ജീവിതശൈലീ രോഗങ്ങള്‍. പക്ഷേ പലരും ഇത്തരം മിഥ്യാധാരണകളിലാണ് കഴിയുന്നത്. അടുത്തിടെ നാം കണ്ട ഹൃദയാഘാത മരണ വാർത്തകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ലോകാരോഗ്യ ഫെഡറേഷന്‍റെ (ഡബ്ല്യുഎച്ച്എഫ്) കണക്കനുസരിച്ച്, ലോകമെമ്പാടും എല്ലാ വർഷവും ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളാണ് (സിവിഡി). പ്രതിവർഷം 20 ദശലക്ഷത്തിലധികം ആളുകൾ ഇത് മൂലം മരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഒരു പ്രധാന കാരണമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഹാനികരമാകുന്ന കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് നല്ല കൊളസ്‌ട്രോള്‍ വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ അവസരത്തിലാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷനും (എഎച്ച്എ) അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയും (എസിസി) കൊളസ്ട്രോളിനെക്കുറിച്ച് നല്‍കുന്ന മാർഗനിർദേശങ്ങള്‍ പ്രസക്തമാകുന്നത്. എട്ട് വർഷത്തിന് ശേഷം പുതുക്കിയ മാർഗനിർദേശങ്ങളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.
എന്താണ് കൊളസ്‌ട്രോള്‍:
രക്തത്തിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് (ലിപിഡ്) കൊളസ്‌ട്രോള്‍. ഇത് രണ്ട് തരത്തിലാണ് ഉള്ളത്, എൽഡിഎൽ (മോശം കൊളസ്ട്രോൾ), എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ).
കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമാകുന്നത് എങ്ങനെ?
- ശരീരകോശങ്ങളുടെ ഭിത്തി നിർമ്മിക്കാൻ ഇത് സഹായിക്കുന്നു.
- ചില ഹോർമോണുകൾ നിർമ്മിക്കുന്നതിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്.
- ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
- ദഹനത്തിനായി പിത്തരസം ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കുന്നു.
- നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.
കൊളസ്‌ട്രോളിനെ കുറിച്ചുള്ള മാർഗനിർദേശങ്ങള്‍ എന്ത്?
സ്‌ക്രീനിങ്, അപകട സാധ്യത വിലയിരുത്തല്‍, ജീവിതശൈലി എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്നതാണ് പുതുക്കിയ മാർഗനിർദേശങ്ങള്‍. പുതിയ മാർഗനിർദേശ പ്രകാരം നോർമല്‍ കൊളസ്‌ട്രോളിന്‍റെ അടിസ്ഥാനത്തില്‍ പൂർണമായിട്ടുള്ള മാറ്റമൊന്നുമില്ല.
പഴയ മാർഗനിർദേശം എല്‍ഡിഎല്‍ 130 mg/dL-ൽ താഴെ നിലനിർത്താൻ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊളസ്‌ട്രോളിനെ വ്യക്തിഗതമാക്കി മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നോർമല്‍ കൊളസ്‌ട്രോള്‍, മീഡിയം കൊളസ്‌ട്രോള്‍, ഹൈ കൊളസ്‌ട്രോള്‍ എന്നിങ്ങനെയാണ് വർഗീകരണം.
നോർമല്‍ കൊളസ്‌ട്രോളിന് ഒരൊറ്റ നിശ്ചിത അടിസ്ഥാനമില്ല. ഓരോ വ്യക്തിയുടെയും അപകടസാധ്യത നിലയെ ആശ്രയിച്ചിരിക്കും എല്‍ഡിഎല്‍ ടാർഗറ്റ്. ഹൃദ്രോഗമില്ലാത്തവർ എല്‍ഡിഎല്‍ 100 mg/dL-ൽ താഴെ നിലനിർത്തണം. ഹൃദ്രോഗത്തിനുള്ള ഇടത്തരം അപകടസാധ്യതയുള്ളവർ എല്‍ഡിഎല്‍ 70 mg/dL-ൽ താഴെ നിലനിർത്തണം. ഹൃദ്രോഗത്തിനുള്ള ഉയർന്ന അപകടസാധ്യതയുള്ളവർ അത് 55 mg/dL-ൽ താഴെ നിലനിർത്തണം. അതായത് നോർമല്‍ കൊളസ്‌ട്രോള്‍ എന്നതിന്‍റെ നിർവചനം ഇപ്പോള്‍ വ്യക്തികള്‍ക്ക് അനുസരിച്ചാണ്.
പുതിയ മാർഗനിർദേശങ്ങളിൽ, അപകടസാധ്യത കണക്കുകൂട്ടൽ മുമ്പത്തേക്കാൾ കൂടുതൽ സമഗ്രമാക്കിയിട്ടുണ്ട്. പഴയ രീതിയനുസരിച്ച് 10 വർഷം ആയിരുന്നു അപകട സാധ്യതാ വിലയിരുത്തല്‍ കാലയളവ്. 40 വയസിന് ശേഷമായിരുന്നു സ്‌ക്രീനിങ് നടത്തിയിരുന്നത്. 26,000 ആളുകളാണ് ഡാറ്റാബേസില്‍ ഉണ്ടായിരുന്നത്, കൊളസ്‌ട്രോള്‍, രക്തസമ്മർദം തുടങ്ങിയ ഘടകങ്ങളാണ് പരിഗണിച്ചത്.
എന്നാല്‍ പുതിയ രീതിയില്‍ ചില മാറ്റങ്ങളുണ്ട്. 10 മുതല്‍ 30 വർഷം വരെയാണ് അപകടസാധ്യതാ വിലയിരുത്തൽ കാലയളവ്. 20 വയസിന് ശേഷം സ്‌ക്രീനിങ് നടത്തണമെന്ന് പുതിയ രീതി ഉപദേശിക്കുന്നു. 6.6 ദശലക്ഷം ആളുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡാറ്റാബേസ്. പ്രായം, കൊളസ്ട്രോൾ, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, വൃക്ക ആരോഗ്യം എന്നിവയാണ് പരിഗണിച്ച ഘടകങ്ങള്‍.
നന്നേ ചെറുപ്പത്തില്‍ പോലും ഉയർന്ന കൊളസ്‌ട്രോളിനുള്ള സാധ്യത പുതിയ മാർഗനിർദേശങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനുള്ള പ്രധാന കാരണം ജനിതക ഘടകങ്ങളും മോശം ജീവിതശൈലിയുമാണ്. കുടുംബപരമായ ഹൈപ്പർ കൊളസ്ട്രോളീമിയ (ഒരു ജനിതക അവസ്ഥ) കാരണം, എൽഡിഎൽ (മോശം കൊളസ്ട്രോൾ) കുട്ടിക്കാലം മുതൽ ഉയർന്ന അളവില്‍ തന്നെ കാണപ്പെടും. ജീവിതശൈലിയിലേക്ക് വരുമ്പോള്‍ ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം, വ്യായാമം ഇല്ലായ്‌മ എന്നിവയാണ് അപകട സാധ്യത ഉണ്ടാക്കുന്നത്. ഇത്തരം സാധ്യതകളുള്ള കുട്ടികളില്‍ ഒമ്പത് വയസുള്ളപ്പോള്‍ മുതല്‍ പരിശോധന നടത്താൻ മാർഗനിർദേശത്തില്‍ പറയുന്നുണ്ട്.
ഉയർന്ന കൊളസ്‌ട്രോള്‍ ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉയർന്ന കൊളസ്‌ട്രോള്‍ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് മൂലം ഹൃദയം, തലച്ചോറ്, വൃക്കകൾ എന്നിവ ബാധിക്കപ്പെടുന്നു.
ഹൃദയത്തെ ബാധിക്കുന്നതിങ്ങനെ
ഉയർന്ന കൊളസ്‌ട്രോള്‍ ധമനികളിൽ അടിഞ്ഞുകൂടുകയും പ്ലാക്ക് രൂപപ്പെടുകയും ചെയ്യും. ഇത് ധമനികളെ ഇടുങ്ങിയതാക്കുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. ഹൃദയത്തിലേക്കുള്ള ഓക്‌സിജൻ കുറയുന്നത് നെഞ്ചുവേദനയ്ക്ക് (ആൻജീന) കാരണമാകും. പ്ലാക്ക് പൊട്ടുമ്പോൾ, രക്തം കട്ടപിടിക്കുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു.
തലച്ചോറില്‍ സംഭവിക്കുന്നത്
രക്തം കട്ടപിടിക്കുന്നത് തലച്ചോറിലേക്ക് സഞ്ചരിച്ച് അവിടത്തെ രക്തയോട്ടം തടയുന്നു. ഇത് ബ്രെയിൻ സ്ട്രോക്കിന് കാരണമാകും. ദീർഘകാലത്തേക്ക്, മെമ്മറിയും വൈജ്ഞാനിക പ്രവർത്തനങ്ങളും ബാധിക്കപ്പെടുന്നു.
വൃക്കയെ ബാധിക്കുന്നതിങ്ങനെ
ഉയർന്ന കൊളസ്ട്രോൾ വൃക്കകളുടെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് വൃക്കയുടെ രക്തം ഫിൽട്ടർ ചെയ്യാനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, വിട്ടുമാറാത്ത വൃക്കരോഗ സാധ്യത വർധിക്കുന്നു.
കൊളസ്ട്രോൾ വർധിക്കുന്നതിന് പിന്നിലെ പ്രധാന ജീവിതശൈലി ഘടകങ്ങൾ
- അനാരോഗ്യകരമായ ഭക്ഷണക്രമം പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും വർധിപ്പിക്കുന്നു.
- അൾട്രാ-പ്രോസസ് ചെയ്‌ത ഭക്ഷണം കഴിക്കുന്നത് കൂടുതൽ കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്നു.
- ഉദാസീനമായ ജീവിതശൈലി കൊഴുപ്പ് മെറ്റബോളിസത്തെ തടസപ്പെടുത്തുന്നു.
- പൊണ്ണത്തടി കൊളസ്ട്രോൾ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്നു.
- പുകവലി നല്ലകൊളസ്‌ട്രോളിനെ കുറയ്‌ക്കുകയും മോശം കൊളസ്‌ട്രോളിനെ വർധിപ്പിക്കുകയും ചെയ്യും.
- ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ഉപാപചയ മാറ്റങ്ങൾക്ക് കാരണമാകും.
- രാത്രി വൈകി ഭക്ഷണം കഴിക്കുക, വൈകി ഉറങ്ങുക എന്നിങ്ങനെ ക്രമരഹിതമായ ദിനചര്യയും ഇതില്‍ പങ്കാളിയാകുന്നു.
- സമ്മർദം വർധിക്കുന്നതിനൊപ്പം മോശം കൊളസ്ട്രോളും വർധിക്കും.
കൊളസ്‌ട്രോള്‍ അധികമെന്ന് കണ്ടാല്‍ ചെയ്യേണ്ടതെന്ത്?
- ആദ്യം, ഒരു ഡോക്‌ടറെ സമീപിച്ച് അപകടസാധ്യത വിലയിരുത്തുക.
- നിങ്ങളുടെ എൽഡിഎൽ ലെവൽ മനസിലാക്കുകയും അപകടസാധ്യതയ്‌ക്കനുസരിച്ച് അത് നിയന്ത്രിക്കാൻ വേണ്ടകാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക.
- ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണക്രമം (കുറഞ്ഞ കൊഴുപ്പ്, ഉയർന്ന നാരുകൾ) സ്വീകരിക്കുക.
- പതിവായി കാർഡിയോ വ്യായാമം ആരംഭിക്കുക (വേഗതയുള്ള നടത്തം പോലുള്ളവ).
- ആരോഗ്യകരമായ ഭാരം നിലനിർത്തുക.
- പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്.
- ആവശ്യത്തിന് ഉറങ്ങുക, സമ്മർദം നിയന്ത്രിക്കുക.
- രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുക.
- ആവശ്യമെങ്കിൽ, ഡോക്‌ടർ സ്റ്റാറ്റിനുകളോ മറ്റ് മരുന്നുകളോ ആരംഭിച്ചേക്കാം.
- ഇടയ്ക്കിടെ തുടർ പരിശോധനകൾ നടത്തുക.
കൊളസ്‌ട്രോളുണ്ടോ? ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വേണം
സമീകൃതാഹാരം, സജീവമായ ജീവിതം, നല്ല ശീലങ്ങൾ എന്നിവയാണ് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ഏറ്റവും പ്രധാനം. ഇതിനായി ചില മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരണം. അപകടസാധ്യത കുറവാണെങ്കിൽ, ജീവിതശൈലി മാറ്റങ്ങളിലൂടെ മാത്രമേ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനാകൂ. അപകടസാധ്യത കൂടുതലാണെങ്കിൽ ജീവിതശൈലീ മറ്റങ്ങള്‍ക്കൊപ്പം മരുന്നുകളും ആവശ്യമായി വരും. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, ഭാരം നിയന്ത്രിക്കല്‍ എന്നിവ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കും.
ഹൃദ്രോഗമുള്ളവർ കൊളസ്ട്രോള്‍ അളവ് വളരെ കുറഞ്ഞ അളവിൽ, അതായത് 55 മില്ലിഗ്രാം/ഡിഎൽ വരെ നിലനിർത്തണം. പതിവായി കൊളസ്ട്രോൾ പരിശോധനകൾ നടത്തുകയും ഡോക്‌ടറെ സമീപിക്കുകയും ചെയ്യുക. സ്റ്റാറ്റിനുകളും മറ്റ് ലിപിഡ് കുറയ്ക്കുന്ന മരുന്നുകളും കൃത്യസമയത്ത് കഴിക്കുക. ആവശ്യമെങ്കിൽ ഡോക്‌ടർ നിർദേശിക്കുന്നതുപോലെ കോമ്പിനേഷൻ തെറാപ്പി (ഒന്നിൽ കൂടുതൽ മരുന്നുകൾ) സ്വീകരിക്കുക. കുറഞ്ഞ കൊഴുപ്പ്, ഉയർന്ന നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണം പതിവാക്കുക.
പതിവായി വ്യായാമം ചെയ്യുക. രക്തസമ്മർദവും പഞ്ചസാരയും നിയന്ത്രണത്തിലാക്കുക. പുകയില ഉപയോഗിക്കരുത്, പുകവലിക്കരുത്. മതിയായ ഉറക്കം നേടുക, സമ്മർദം നിയന്ത്രിക്കുക.
കൂടുതല്‍ അറിയാൻ…
ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും മോശം കൊളസ്‌ട്രോളും ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ. എന്നാല്‍ പലർക്കും ഇവ തമ്മിലുള്ള വ്യത്യാസം അറിയില്ല. എൽഡിഎല്ലിനെ ചീത്ത കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. ഇത് ധമനികളിൽ അടിഞ്ഞുകൂടുകയും തടസങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
എച്ച്ഡിഎല്‍ ആണ് നല്ല കൊളസ്‌ട്രോള്‍. ഇത് ധമനികളിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്‌ത് കരളിലേക്ക് കൊണ്ടുപോകുന്നു. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
കൊളസ്ട്രോള്‍ സാധ്യത കൂടുതൽ ആർക്ക്?
ഏതെങ്കിലും വിട്ടുമാറാത്ത രോഗത്താൽ ഇതിനകം ബുദ്ധിമുട്ടുന്ന ആളുകളില്‍ കൊളസ്‌ട്രോളിന്‍റെ അപകടസാധ്യത കൂടുതലാണ്.
ഉയർന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങൾ
സാധാരണയായി, ഉയർന്ന കൊളസ്ട്രോളിന് പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഇതിനെ ‘നിശബ്‌ദ കുഴപ്പക്കാരൻ’ എന്ന് വിളിക്കുന്നത്. കൊളസ്ട്രോൾ വളരെക്കാലം ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, അത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. അത് കണ്ടെത്തുന്നതിന് സ്ക്രീനിങ് ആവശ്യമാണ്.
കൊളസ്‌ട്രോളും പ്രായവും തമ്മിലെന്ത്?
കൊളസ്‌ട്രോള്‍ പ്രായം, അല്ലെങ്കില്‍ നമ്മുടെ വയസുമായി യാതൊരു ഉടമ്പടിയും ഇല്ലെന്ന് തിരിച്ചറിയുക. കുട്ടികള്‍ക്കും മുതിർന്നവർക്കും ഈ അവസ്ഥ വന്നേക്കാം. ജനിതക ഘടകങ്ങളാണ് ചെറുപ്പത്തിലെ കൊളസ്‌ട്രോളിന് കാരണം. കൂടാതെ, കുട്ടിക്കാലം മുതലുള്ള അനാരോഗ്യകരമായ ജീവിതശൈലി, ജങ്ക് ഫുഡ്, വ്യായാമമില്ലായ്‌മ എന്നിവയും ചെറുപ്പത്തിൽ തന്നെ കൊളസ്ട്രോൾ വരാൻ കാരണമാകും.








