ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഇറാനെ ഒറ്റരാത്രി കൊണ്ടു തന്നെ തീര്‍ക്കും; ഭീഷണി മുഴക്കി ട്രംപ്

0
38

ടെഹ്റാൻ: ഇന്ന് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. തന്‍റെ സമാധാന ഉടമ്പടി അംഗീകരിക്കാത്ത പക്ഷം ഇറാനിലെ പാലങ്ങളും ഊര്‍ജ്ജ നിലയങ്ങളും തകര്‍ക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

നാളെ രാത്രി പന്ത്രണ്ട് മണിയോടെ തങ്ങളുടെ മുഴുവന്‍ സൈനിക ശേഷിയും ഉപയോഗിച്ച് ഇറാനിലെ പാലങ്ങളും ഊര്‍ജ്ജ നിലയങ്ങളും മേലില്‍ അവര്‍ക്ക് ഉപയോഗിക്കാനാകാത്ത വിധം പൂര്‍ണമായും തകര്‍ക്കുമെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി ഭീഷണി മുഴക്കി.

അര്‍ദ്ധരാത്രിയോടെ പൂര്‍ണമായും ഇല്ലാതാക്കും. കേവലം നാല് മണിക്കൂര്‍ മാത്രമേ ഇതിന് വേണ്ടി വരൂ. കത്തിച്ചും സ്ഫോടനം നടത്തിയും ആകും നശിപ്പിക്കല്‍. ഇറാനില്‍ നിന്ന് തങ്ങളുടെ രണ്ട് വൈമാനികരെ കണ്ടെത്തിയതിനെക്കുറിച്ച് ട്രംപ് ദീര്‍ഘമായി ഉപന്യസിച്ചു. വൈക്കോലിനിടെ സൂചി തെരയും പോലും ശ്രമകരമായിരുന്നു ഈ നടപടിയാണെന്നാണ് ട്രംപ് പറഞ്ഞത്.

ഹോര്‍മൂസ് കടലിടുക്ക് വഴി കടന്ന് പോകുന്ന കപ്പലുകളില്‍ നിന്ന് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തെ കുറിച്ചും ട്രംപ് സൂചിപ്പിച്ചു. ഇറാന്‍ നേരത്തെ ഇത്തരമൊരു നീക്കം പ്രഖ്യാപിച്ചിരുന്നു.ആഗോള അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്നും ഹോര്‍മൂസ് വഴിയാണ് കടന്ന് പോകുന്നത്.

ഈസ്റ്റര്‍ ദിനത്തിലാണ് ഇറാന് മുന്നില്‍ ട്രംപ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ വച്ചത്. ഇത് മതിയായ നിര്‍ദ്ദേശങ്ങളല്ല എന്നാല്‍ ഇത് വളരെ സുപ്രധാനമായ ഒരു ചുവട് വയ്‌പാണെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം അമേരിക്കന്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള ഒരു വെടിനിര്‍ത്തലിന് തങ്ങള്‍ തയാറല്ലെന്നാണ് ഇറാന്‍റെ നിലപാട്. മുപ്പത്തെട്ട് ദിവസമായി തുടരുന്ന യുദ്ധം തന്ത്രപരമായി അവസാനിപ്പിക്കണമെന്നാണ് മിക്ക രാജ്യങ്ങളുടെയും ആഗ്രഹം. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും യുദ്ധം തുടങ്ങിയതോടെ ഇറാന്‍ പശ്ചിമേഷ്യയിലൊന്നാകെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം അഴിച്ച് വിടുകയായിരുന്നു.

അമേരിക്കന്‍ ജനതയുടെ പിന്തുണ യുദ്ധത്തിനില്ലെന്നാണ് ഒരു സര്‍വേയില്‍ വ്യക്തമായിട്ടുള്ളത്. ഇറാന് ആണവായുധം കൈവശം വയ്ക്കാനുള്ള അനുവാദമാണ് യുദ്ധക്കുറ്റമെന്നും ട്രംപ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇറാന്‍റെ നേതാക്കള്‍ മൃഗങ്ങളാണെന്നും പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ അവര്‍ കൊന്നുതള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് സാധിച്ചെങ്കില്‍ ഇറാനിലെ എണ്ണ മൊത്തം താന്‍ പിടിച്ചെടുത്തേനേ, എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അമേരിക്കക്കാര്‍ യുദ്ധം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അവിടെ നിന്ന് പിടിച്ചെടുക്കുന്ന എണ്ണ വിറ്റ് താന്‍ ഒരു പാട് പൈസ ഉണ്ടാക്കുമായിരുന്നെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ യുദ്ധത്തെ എതിര്‍ക്കുന്ന അമേരിക്കക്കാര്‍ വിഡ്‌ഢികളാണെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്‍റെ ഭീഷണിക്കിടെ ഇറാനിലെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും അണിനിരക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്‌ത് ഇറാൻ കായിക യുവജന മന്ത്രാലയം ഉപ മന്ത്രി അലിറേസ റഹീമി. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ മനുഷ്യച്ചങ്ങല തീർക്കണമെന്നാണ് അലിറേസ റഹീമി ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന യുഎസ് ഭീഷണിക്കെതിരെ പ്രതിഷേധിക്കാനാണ് ഈ നീക്കം. പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ നമ്മൾ കൈകോർത്ത് നിൽക്കും എന്നാണ് അലിറേസ റഹീമി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here