
ദുബായ്: യുഎഇ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ഡ്രോൺ ഭീഷണികളെ വിജയകരമായി തടഞ്ഞതിനെത്തുടർന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അവശിഷ്ടങ്ങൾ വീഴുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് സംസ്കരണ പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് രണ്ട് സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.
അടിയന്തര പ്രതികരണ സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്ലാന്റിലെ ഒഴിപ്പിക്കൽ നടപടികൾക്കിടയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ രണ്ട് പാകിസ്ഥാൻ പൗരന്മാർക്കും രണ്ട് ഈജിപ്ഷ്യൻ പൗരന്മാർക്കും നിസാര പരിക്കുകളേറ്റു.
അബുദാബിയിലെ തന്നെ അജ്ബാൻ പ്രദേശത്തും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് നേപ്പാളി പൗരന്മാരും അഞ്ച് ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ഒരു നേപ്പാളി പൗരന്റെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ പരിക്കുകൾ അത്ര ഗൗരവമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.
അബുദാബിക്ക് പുറമെ ദുബായിലും ചില അവശിഷ്ടങ്ങൾ പതിച്ചു. ദുബായ് മറീനയിലെ ഒരു കെട്ടിടത്തിന്റെ മുൻഭാഗത്ത് വ്യോമാക്രമണത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ പതിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. എന്നാൽ ഇവിടെ ആർക്കും പരിക്കേറ്റതായും
തീപിടുത്തം ഉണ്ടായതായും റിപ്പോർട്ടുകൾ ഇല്ല. കൂടാതെ അധികൃതർ ഉടൻ ഇടപെട്ട് സ്ഥിതിഗതികൾ സാധാരണ നിലയിലാക്കി.
അതേസമയം മേഖലയിലെ സംഘർഷം മുപ്പത്തഞ്ചാം ദിവസം പിന്നിടുമ്പോൾ മേഖലയിലെ സ്ഥിതിഗതികൾ നിർണായകമാണ്. പേർഷ്യൻ ഗൾഫിൽ രണ്ടാമത്തെ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ വരുന്നു. എഫ് 15ഇ സ്ട്രൈക്ക് ഈഗിൾ , എ10 വാർത്തോഗ് എന്നീ വിമാനങ്ങളാണ് തകർന്നത്.
ഇതിൽ ഒരു വിമാനം ഇറാൻ വെടിവച്ചിട്ടതായാണ് സൂചന. പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ യുഎസ് സേന തുടരുകയാണ്. ഹോർമുസ് കടലിടുക്കിന് സമീപം നടക്കുന്ന ഈ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇന്നലെ ഏപ്രിൽ 3 ന് നടന്ന ആക്രമണത്തിൽ 18 ബാലിസ്റ്റിക് മിസൈലുകൾ, 4 ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവയാണ് യുഎഇ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകർത്തത്. ആകാശത്ത് വെച്ച് മിസൈലുകൾ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ താഴെ വീണാണ് കൂടുതൽ അപകടങ്ങളും ഉണ്ടായത്.
ഈ സാഹചര്യത്തിൽ യുഎഇയിലെ ജനങ്ങൾക്ക് ദുബായ് പോലീസ് കർശനമായ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. റോഡുകളിലോ മറ്റോ വീണുകിടക്കുന്ന അവശിഷ്ടങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും അവയുടെ അടുത്തേക്ക് പോകരുത്. കൂടാതെ അവ തൊടാനോ മാറ്റാനോ ശ്രമിക്കരുതെന്നും അറിയിച്ചു.






