കൊച്ചി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ആവശേം പകരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. തിരുവല്ലയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും മോദി പങ്കെടുക്കും. കഴിഞ്ഞ ആഴ്ച പാലക്കാടും തൃശൂരും തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആണ് മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 2:30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി ഹെലികോപ്ടർ മാർഗം ചങ്ങനാശേരി എൻഎസ്എസ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗം തിരുവല്ല യിലേക്ക് തിരിച്ച് വൈകുന്നരം നാലുമണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചുമണിയോടെ തിരികെ തിരുവനന്തപുരത്ത് എത്തുന്ന മോദി, കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോയിൽ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ ആണ് റോഡ് ഷോ കടന്നുപോകുക. വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മടങ്ങും.
എംസി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശേരി വരെ ഉച്ചയ്ക്ക് 12 മണിമുതൽ ആറുമണിവരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് അറിയിച്ചു. ചങ്ങനാശേരി എൻഎസ്എസ് കോളേജിലും പരിസരപ്രദേശങ്ങളിലും 12 മണിയോടെ നിയന്ത്രണം ഏർപ്പെടുത്തും. ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളും ചങ്ങനാശേരി, കോട്ടയം ഭാഗങ്ങളിൽനിന്ന് പോകുന്ന വാഹനങ്ങളും വഴിതിരിച്ചുവിടും.
തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി ഒൻപതുമണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുമുഖം – ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ – പഞ്ചാപുര – RBI – ബേക്കറി – വിമൻസ് കോളേജ് – തൈക്കാട് – തമ്പാനൂർ – കിള്ളിപ്പാലം – കരമന – പാപ്പനംകോട് എന്നീ റൂട്ടുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇടറോഡുകളിലും റോഡിൻ്റെ ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. വെള്ളയമ്പലം – തമ്പാനൂർ, പാപ്പനംകോട് – തമ്പാനൂർ, തമ്പാനൂർ – നേമം, തിരുമല – കരമന, വെള്ളയമ്പലം – നേമം റൂട്ടുകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും.
പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്ന സമയം കിള്ളിപ്പാലം, കരമന ജംഗ്ഷനുകളുടെ രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലും കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ബൈപ്പാസിന്റെ മുകളിലൂടെയുള്ള ഭാഗങ്ങളിലും ഡ്രോൺ പറത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.








