ഇറാനെതിരായ സൈനിക നടപടികൾ ആരംഭിച്ച് നാല് ആഴ്ച പിന്നിടുമ്പോൾ, അമേരിക്കയുടെ പ്രധാന യുദ്ധ ലക്ഷ്യങ്ങൾ പൂർത്തിയാകാൻ ഇനി അധികദിവസം വേണ്ടിവരില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ ദൗത്യം വളരെ വേഗത്തിൽ പൂർത്തിയാക്കുമെന്നും വരും ആഴ്ചകളിൽ രാജ്യം അതിശക്തമായ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഓപ്പറേഷൻ എപ്പിക് ഫ്യൂറി (Operation Epic Fury) ആരംഭിച്ചത് മുതൽ നിശ്ചയിച്ചിട്ടുള്ള എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ പിന്മാറില്ലെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ആ ലക്ഷ്യങ്ങളെല്ലാം പൂർത്തിയാക്കുന്നതിന്റെ തൊട്ടരികിലാണ് ഇപ്പോൾ അമേരിക്കയെന്ന് എനിക്ക് പറയാൻ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
“ഞങ്ങൾ ഈ ജോലി തീർക്കും, അത് വളരെ വേഗത്തിൽ തന്നെ തീർക്കും,” ട്രംപ് പറഞ്ഞു. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർണ്ണമായും കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇറാൻ സംഘർഷം ആഗോളതലത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ലക്ഷ്യങ്ങൾ നേടുന്നത് വരെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് വാഷിംഗ്ടൺ.
സൈനിക ശേഷി തകർത്തു
ഇറാന്റെ സൈനിക കരുത്ത് നിലവിൽ വലിയ തോതിൽ ഇല്ലാതാക്കിയെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന പൂർണ്ണമായും ഇല്ലാതായെന്നും വ്യോമസേന തകർന്നടിഞ്ഞ നിലയിലാണെന്നുമാണ് ട്രംപിന്റെ വാദം. കൂടാതെ ഇറാന്റെ നേതൃനിരയിലെ ഭൂരിഭാഗം പേരെയും വധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെ ഇനി ഒരു യുദ്ധം നയിക്കാൻ ശേഷിയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.
മുൻ യുദ്ധങ്ങളുമായുള്ള താരതമ്യം
അമേരിക്ക മുൻപ് പങ്കെടുത്ത യുദ്ധങ്ങളുടെ ദൈർഘ്യവുമായി നിലവിലെ ഇറാൻ ദൗത്യത്തെ ട്രംപ് താരതമ്യം ചെയ്തു. മുൻകാല യുദ്ധങ്ങൾ വർഷങ്ങളും പതിറ്റാണ്ടുകളും നീണ്ടുനിന്നപ്പോൾ, വെറും 32 ദിവസം കൊണ്ട് ഇറാന്റെ ഭീഷണി ഇല്ലാതാക്കാൻ സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്ക ഒരു വർഷവും ഏഴു മാസവും അഞ്ചു ദിവസവും പങ്കെടുത്തു. രണ്ടാം ലോകമഹായുദ്ധം മൂന്ന് വർഷവും എട്ടു മാസവും 25 ദിവസവും നീണ്ടുനിന്നു. കൊറിയൻ യുദ്ധം മൂന്ന് വർഷവും ഒരു മാസവും രണ്ടു ദിവസവും, വിയറ്റ്നാം യുദ്ധം 19 വർഷവും അഞ്ചു മാസവും 29 ദിവസവും നീണ്ടു. ഇറാഖ് യുദ്ധം എട്ടു വർഷവും എട്ടു മാസവും 28 ദിവസവുമാണ് നടന്നത്.
എന്നാൽ ഇപ്പോൾ ഈ സൈനിക നടപടി തുടങ്ങിയിട്ട് വെറും 32 ദിവസമേ ആകുന്നുള്ളൂ. അതിനുള്ളിൽ തന്നെ ആ രാജ്യം തകരുകയും ഇനി ഒരു ഭീഷണിയല്ലാതായി മാറുകയും ചെയ്തിരിക്കുന്നു.”അടുത്ത രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇറാനെതിരെ ‘അങ്ങേയറ്റം കഠിനമായ’ (Extremely Hard) ആക്രമണങ്ങൾ അമേരിക്ക നടത്തുമെന്ന് ട്രംപ് പറഞ്ഞു. “അവർ അർഹിക്കുന്ന ശിലായുഗത്തിലേക്ക് ഞങ്ങൾ അവരെ എത്തിക്കും,” ട്രംപ് തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു. സമാധാന കരാറുകൾക്ക് തയ്യാറാകാത്ത പക്ഷം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നൽകിയത്.








