ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

0
58

കണ്ണൂർ: പാചകവാതക സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ കണ്ണൂരിൽ ഹോട്ടലുകൾ ഭക്ഷണവില കൂട്ടിയിരിക്കുകയാണ്. സാധാരണ 12 രൂപയുണ്ടായിരുന്ന ചായയും കടിയും ഇനി 15 രൂപയായി. മറ്റ് ഭക്ഷണ സാധനങ്ങൾക്കും സമാനമായ രീതിയിൽ വില വർധിപ്പിച്ചതായി ഹോട്ടൽ ഉടമകൾ പറയുന്നു.

ഗ്യാസ് ലഭ്യതയിലെ പ്രതിസന്ധി മൂലം ജില്ലയിലെ നിരവധി ഹോട്ടലുകൾ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ മാത്രമാണ് വില കൂട്ടി പിടിച്ചു നിൽക്കുന്നത്. ചില ഹോട്ടലുകൾ വിറക് അടുപ്പിലേക്ക് മാറിയതും ശ്രദ്ധേയമാണ്.

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. മുമ്പ് ഏകദേശം 1850 രൂപയുണ്ടായിരുന്ന സിലിണ്ടർ വില ഇപ്പോൾ 2400 രൂപയായി. സ്വകാര്യ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന 17 കിലോ സിലിണ്ടറുകൾക്ക് 3000 രൂപയ്ക്കുമുകളിൽ വരെ നൽകേണ്ടി വരുന്നു. ചിലയിടങ്ങളിൽ 5000 രൂപവരെ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഗ്യാസ് ലഭ്യതക്കുറവ് കാരണം ജില്ലയിലെ ഏകദേശം 50 ശതമാനം ഹോട്ടലുകളും വിഭവങ്ങൾ കുറച്ച്, വിറക് അടുപ്പ് ഉപയോഗിച്ച് പ്രവർത്തനം തുടരുകയാണ്. എന്നാൽ വിറകിന്റെ വിലയും 3000ൽ നിന്ന് 5000 രൂപയായി ഉയർന്നതോടെ ഹോട്ടൽ മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.

അതേസമയം, എൽപിജി ചാർജ് അല്ലെങ്കിൽ ഗ്യാസ് സർചാർജ് എന്ന പേരിൽ ബില്ലിൽ അധിക തുക ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരിൽ ഹോട്ടലുകൾ നേരിട്ട് ഭക്ഷണവിലയാണ് കൂട്ടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here