ടെഹ്‌റാൻ: ചബഹാർ തീരത്തിന് സമീപം വെച്ച് അമേരിക്കയുടെ എഫ്-18 യുദ്ധവിമാനം അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദം തള്ളി യുഎസ് സെൻട്രൽ കമാൻഡ്. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അമേരിക്ക വ്യക്തമാക്കി.
ഇറാന്റെ അവകാശവാദങ്ങളോട് എക്സിലൂടെ പ്രതികരിച്ച സെൻട്രൽ കമാൻഡ് വാർത്ത പൂർണമായും നിഷേധിച്ചു. “പുതിയ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ചബഹാറിന് മുകളിൽ വെച്ച് യുഎസ് എഫ്/എ-18 വിമാനം തകർത്തുവെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. എന്നാൽ, അമേരിക്കയുടെ ഒരു വിമാനവും ഇറാൻ വെടിവെച്ചിട്ടിട്ടില്ല,” എന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ പുറത്തുവിട്ട വീഡിയോയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ വാഷിങ്ൺ തയ്യാറായിട്ടില്ല.
ഗൾഫ് ഓഫ് ഒമാന്റെ തീരത്തുള്ള തന്ത്രപ്രധാനമായ ചബഹാർ മേഖലയിൽ വെച്ച് യുഎസ് വിമാനം തകർത്തതായാണ് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തത്. വിമാനം തകരുന്നതെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ടിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചർച്ചകൾക്കിടയിലും തങ്ങൾ തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.
അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ച്ചി വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് മൂലം മരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ഇറാന്റെ സൈനിക ശക്തിയെ തകർക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിലും ആഭ്യന്തര സമ്മർദം മൂലം അത് സമ്മതിക്കുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്.




