ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ 2026: അർഹരായവർക്ക് കൂടുതൽ സംരക്ഷണവും കരുതലുമായി കേന്ദ്ര സർക്കാർ.

0
91

ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും മുൻനിർത്തി 2019-ലെ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന ഭേദഗതി ബിൽ (The Transgender Persons (Protection of Rights) Amendment Bill, 2026) ലോക്സഭ പാസാക്കി. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിർണ്ണായക നിയമമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) നിയമം 2019.

വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നീ മേഖലകളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളോട് വിവേചനം കാണിക്കുന്നത് ഈ നിയമം നിരോധിക്കുന്നു. ഓരോ വ്യക്തിക്കും തങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കാനുള്ള അവകാശവും ഈ നിയമം ഉറപ്പുനൽകുന്നുണ്ട്.2019-ലെ നിയമപ്രകാരം ഒരാൾക്ക് ‘സ്വയം പ്രഖ്യാപനത്തിലൂടെ’ ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നു.

എന്നാൽ, ഇത് ദുരുപയോഗം ചെയ്ത് അർഹരല്ലാത്തവർ സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈക്കലാക്കുന്നു എന്ന പരാതി വ്യാപകമായതോടെയാണ് കേന്ദ്ര സർക്കാർ 2019-ലെ നിയമത്തിൽ ഭേദഗതി വരുത്തിയത്.ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബില്ലിൽ ട്രാൻസ്‌ജെൻഡർ എന്ന പദത്തിന് കൂടുതൽ വ്യക്തമായ നിർവചനം നൽകി. കിന്നർ, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സ്വത്വമുള്ളവരും അന്തർലിംഗ വ്യതിയാനങ്ങൾ, ക്രോമസോമുകളിലോ ഹോർമോണുകളിലോ ജന്മനായുള്ള വ്യത്യാസങ്ങൾ എന്നിവ ഉള്ളവരും ഇതിൽ ഉൾപ്പെടുന്നു.

വ്യക്തിപരമായ താൽപ്പര്യങ്ങൾക്കോ മറ്റോ വേണ്ടി മാത്രം ലിംഗസ്വത്വം പ്രഖ്യാപിക്കുന്ന രീതി ഒഴിവാക്കി, ജൈവശാസ്ത്രപരമായ കാരണങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് മുൻഗണന നൽകുക എന്നതാണ് ഭേദഗതി വരുത്തിയ ഈ ബില്ലിന്റെ പ്രധാന ലക്ഷ്യം.​ജില്ലാ മെഡിക്കൽ ബോർഡിന്റെ പരിശോധനയ്‌ക്കും ശുപാർശയ്‌ക്കും ശേഷം ജില്ലാ മജിസ്‌ട്രേറ്റ് തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നൽകും.

ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ലൈംഗിക സ്വതം മാറ്റാൻ വ്യക്തിക്ക് നിയമപരമായ അധികാരം ലഭിക്കും.​ഒരാളെ ഭീഷണിപ്പെടുത്തിയോ വഞ്ചിച്ചോ ട്രാൻസ്‌ജെൻഡർ സ്വത്വം സ്വീകരിക്കാൻ നിർബന്ധിക്കുന്നവർക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ട്രാൻസ്‌ജെൻഡർ സ്വത്വമുള്ള വ്യക്തിയെ ഭിക്ഷാടനത്തിനോ നിർബന്ധിത ജോലിക്കോ പ്രേരിപ്പിച്ചാൽ 5 മുതൽ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here