കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നൂറുശതമാനം പോളിങ് ലക്ഷ്യമിട്ട് പള്ളിക്കര ബീച്ചിൽ കൂറ്റൻ മണൽ ശിൽപം ഒരുക്കി. വോട്ട് രേഖപ്പെടുത്തിയ ഇടതുകൈയുടെ രൂപമാണ് മണലിൽ തീർത്തത്. വിരലിൽ പുരട്ടിയ മഷിയടയാളം ജനാധിപത്യത്തിൻ്റെ കാവലാണെന്ന സന്ദേശമാണ് ശിൽപം നൽകുന്നത്.
ജില്ല ഭരണകൂടവും സ്വീപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വോട്ടായനം 2026 പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശിൽപം നിർമിച്ചത്. പ്രശസ്ത ശിൽപി കുഞ്ഞിമംഗലം അഞ്ചുമണിക്കൂർ കൊണ്ടാണ് മനോഹരമായ ഈ ശിൽപം പൂർത്തിയാക്കിയത്. ബീച്ചിലെത്തിയ നിരവധി സഞ്ചാരികളാണ് വോട്ടവകാശത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന മണൽ ശിൽപം കാണാൻ തടിച്ചുകൂടിയത്.
ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ ശിൽപം ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിൻ്റെ കരുത്ത് ഓരോ വോട്ടിലുമാണെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സമ്പൂർണ പോളിങ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളിൽ വോട്ടിങ്ങിനുള്ള താത്പര്യം വർധിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമെന്നും കലക്ടർ വ്യക്തമാക്കി. സ്വീപ് നോഡൽ ഓഫിസർ രതീഷ് പിലിക്കോട് അധ്യക്ഷനായി. ജില്ല ഇൻഫർമേഷൻ ഓഫിസർ എം മധുസൂദനൻ, ബ്ലോക്ക് കോർഡിനേറ്റർമാരായ കെ ജിജി, കെ നിമിഷ, കെ പി രമ്യമോൾ, കെ രജനി, കെ ജ്യോതിഷ്, അനസ് എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് ജില്ല മിഷൻ കോർഡിനേറ്റർ കെ എം കിഷോർ സ്വാഗതവും ജില്ല പ്രോഗ്രാം മാനേജർ ആതിര ടി പി നന്ദിയും പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കാസർകോട് ജില്ലയിൽ 47 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. മാർച്ച് 26 വരെ സ്ഥാനാർഥികൾക്ക് പത്രിക പിൻവലിക്കാൻ അവസരമുണ്ട്.
തൃക്കരിപ്പൂർ മണ്ഡലത്തിൽ ഒൻപത് സ്ഥാനാർഥികൾ പത്രിക നൽകി. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 13 പത്രികകളാണ് ആകെ ലഭിച്ചത്. തിങ്കളാഴ്ച ഏഴ് സ്ഥാനാർഥികൾ കൂടി ഇവിടെ നാമനിർദേശ പത്രിക നൽകി. കേരള കോൺഗ്രസ് സ്ഥാനാർഥി ഷൈജി, ബിജെപി സ്ഥാനാർഥി എം ബാലരാജ് എന്നിവർ രണ്ട് സെറ്റ് പത്രികകൾ വീതം സമർപ്പിച്ചു. കേരള കോൺഗ്രസ് സ്ഥാനാർഥി നിസാമുദ്ദീൻ കെ, സിപിഐ സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പൽ, ബാബു സി പി എന്നിവർ ഓരോ സെറ്റ് വീതവും നൽകി. ബിജെപി സ്ഥാനാർഥി വേണുഗോപാൽ കെ കെ, ബിഎസ്പി സ്ഥാനാർഥി വിജയകുമാർ വി എന്നിവർ നേരത്തെ പത്രിക നൽകിയിരുന്നു.
ഉദുമ നിയോജക മണ്ഡലത്തിൽ ആകെ 15 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഏഴ് സ്ഥാനാർഥികൾ കൂടി തിങ്കളാഴ്ച പത്രിക നൽകി. ബിജെപി സ്ഥാനാർഥി എം മനുലാൽ രണ്ട് പത്രിക സമർപ്പിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായ കുഞ്ഞിരാമൻ, കുഞ്ഞമ്പു എന്നിവർ ഓരോന്നും നസീർ രണ്ടും നാമനിർദേശ പത്രികകൾ വീതം നൽകി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി നീലകണ്ഠൻ ഒരു പത്രിക കൂടി സമർപ്പിച്ചു. സിപിഎം സ്ഥാനാർഥികളായ സി എച്ച് കുഞ്ഞമ്പു, ബാലൻ എന്നിവരും നീലകണ്ഠനും നേരത്തെ തന്നെ പത്രിക നൽകിയിരുന്നു.
കാസർകോട് മണ്ഡലത്തിൽ ഏഴ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. മുസ്‌ലിം ലീഗ് സ്ഥാനാർഥി മാഹിൻ നാല് സെറ്റ് പത്രികകളും മാഹിൻ കേളോട്ട് ഒരു സെറ്റും നൽകി. ബിജെപി സ്ഥാനാർഥി എം എൽ അശ്വിനി മൂന്ന് സെറ്റ് സമർപ്പിച്ചു. ശനിയാഴ്ച ഇവർ ഒരു സെറ്റ് നൽകിയിരുന്നു. ഐഎൻഎൽ സ്ഥാനാർഥി എം എ ലത്തീഫ്, സ്വതന്ത്ര സ്ഥാനാർഥികളായ ഷാനവാസ് എ എ, ഷാനവാസ് പി കെ എം, മുഹമ്മദ് അലി ഫത്താഹ് എന്നിവർ ഓരോ പത്രിക വീതം സമർപ്പിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിൽ 17 സ്ഥാനാർഥികൾ പത്രിക നൽകി. മുസ്‌ലിം ലീഗ് സ്ഥാനാർഥി എ കെ എം അഷറഫ് മൂന്ന് സെറ്റ് പത്രികകളും എ കെ ഹാരിഫ് ഒരു സെറ്റും സമർപ്പിച്ചു. ബിജെപി സ്ഥാനാർഥികളായ കെ സുരേന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി, എസ്ഡിപിഐ സ്ഥാനാർഥി കെ എം അഷറഫ്, ബിഎസ്പി സ്ഥാനാർഥി സഞ്ജീവ എന്നിവർ ഓരോ സെറ്റ് വീതം നൽകി. സ്വതന്ത്ര സ്ഥാനാർഥികളായ മുഹമ്മദ് അഷറഫ്, അബ്ദുൽ ലത്തീഫ് ഐ, ജീൻ ലെവീന മൊന്താരോ, മുഹമ്മദ് അഷറഫ് കെ എ, ജോൺ ഡിസൂസ, മുഹമ്മദ് റഫീഖ്, എൻ കേശവ നായ്ക്, ഡി സുരേന്ദ്രൻ നായർ എന്നിവരും ഓരോ പത്രിക വീതം നൽകി. സിപിഎം സ്ഥാനാർഥികളായ കെ ആർ ജയാനന്ദ, വിട്ടള റായ്, സ്വതന്ത്ര സ്ഥാനാർഥി അബ്ദുല്ല കെ എന്നിവർ കഴിഞ്ഞദിവസം പത്രികകൾ സമർപ്പിച്ചിരുന്നു.






