പാലക്കാട് : പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേഷ് പിഷാരടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് . രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആണ് സിനിമ താരത്തെ ഇറക്കിയുള്ള കോൺഗ്രസ് നീക്കം. മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിക്കായി ശോഭാ സുരേന്ദ്രൻ മത്സരത്തിനിറങ്ങിയതിനിടെയാണ് കോൺഗ്രസ് രമേഷ് പിഷാരടിയെ ഇറക്കി പരീക്ഷണം നടത്തുന്നത്.
പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയതും വിജയിച്ചു കയറിയതും. ബിജെപിയുടെ സി കൃഷ്ണകുമാറിനെതിരെ 18,840 വോട്ടുകൾക്കായിരുന്നു രാഹുലിന്റെ വിജയം.
എംഎൽഎയായിരിക്കെ രാഹുൽ ബലാത്സംഗക്കേസിൽ കുടുങ്ങിയത് കോൺഗ്രസിന് നാണക്കേടായി. ഇതോടെ രാഹുലിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി കോൺഗ്രസ് കൈയൊഴിയുകയായിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ തയ്യാറായില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്.
പാലക്കാട് മത്സരം കടുക്കും
കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് നിലനിർത്തുക എന്ന ദൗത്യത്തോടെ രമേഷ് പിഷാരടി പാലക്കാട് എത്തുമ്പോൾ ഇക്കുറി മത്സരം കടുക്കുമെന്ന് ഉറപ്പാണ്. രമേഷിൻ്റെ ജന്മനാടാണ് പാലക്കാട്. മണ്ഡലത്തിൽ മുൻപ് മത്സരിച്ചിട്ടുള്ള ശോഭ സുരേന്ദ്രൻ്റെ സ്ഥാനാർഥിത്വം ആണ് രമേഷിന് വെല്ലുവിളിയാകുക.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ ശോഭ മണ്ഡലത്തിൽ സജീവമായിരുന്നു. കോൺഗ്രസ് എംഎൽഎയാക്കിയ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസിൽ പ്രതിയായതും വോട്ടർമാർക്കിടയിൽ ചർച്ചയായേക്കാം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭ നിലനിർത്താനായതും ബിജെപിക്ക് നേട്ടമായിട്ടുണ്ട്. അതേസമയം എൽഡിഎഫ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വ്യവസായി എൻഎംആർ റസാഖിനെ ആണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.
അഭിമാനവും സന്തോഷവുമെന്ന് രമേഷ് പിഷാരടി
കോൺഗ്രസ് സ്ഥാനാർഥിയാകുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനി പാലക്കാടുള്ള ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം. കക്ഷി രാഷ്ട്രീയത്തിന്റെയോ,വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാൻ അനുഭവിച്ചത്. തനിക്ക് തന്ന സ്‌നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യുമെന്നും രമേഷ് പിഷാരടി പറഞ്ഞു.







