യുഎഇ: ഈദുൽ ഫിത്തർ ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ യുഎഇയിൽ പൂർത്തിയായി. ഇത്തവണത്തെ ആഘോഷങ്ങൾ മുൻവർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇ ഗവൺമെന്റ് പ്രവാസികൾക്കായി ചില പ്രധാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വർഷങ്ങളായി നമ്മൾ കണ്ടുവരുന്ന ഈദ്ഗാഹുകൾ ഈ വർഷം ഉണ്ടാകില്ല. യുഎഇ ഇസ്ലാമിക് അഫയേഴ്‌സ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ ഈദ് നമസ്കാരങ്ങളും പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയാതായി അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കാരണം പുറത്ത് ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ സുരക്ഷയുടെ ഭാഗമായാണ് പുറത്തുള്ള പ്രാർത്ഥനകൾ ഒഴിവാക്കി പള്ളികൾക്കുള്ളിൽ മാത്രം അനുവദിച്ചത്. കൂടാതെ പള്ളികളിൽ സ്ഥലം പരിമിതമായതിനാൽ തന്നെ വിശ്വാസികൾ പ്രാർത്ഥനയ്ക്ക് വളരെ നേരത്തെ തന്നെ എത്താൻ ശ്രദ്ധിക്കണമെന്നും അറിയിച്ചു. സാധാരണയായി രാവിലെ 5.45 നും 6.30 നും ഇടയിലാണ് പ്രാർത്ഥനാ സമയം.
എന്നാൽ പള്ളികൾ നിറഞ്ഞുകഴിഞ്ഞാൽ പുറത്ത് കൂട്ടംകൂടി നിൽക്കാനോ റോഡുകളിൽ പ്രാർത്ഥിക്കാനോ അനുവാദമുണ്ടാകില്ല. ഈ കാരണം കൊണ്ട് എല്ലാ വിശ്വാസികളും നേരത്തെ തന്നെ എത്തണമെന്നാണ് അധികൃതർ വ്യക്തമാകുന്നത് കൂടാതെ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അഭ്യർഥിച്ചു.
മുൻവർഷങ്ങളിൽ ഈദ് ദിവസം ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകാറുണ്ട്. എന്നാൽ ഇത്തവണ ആഘോഷങ്ങൾ എല്ലാം വീട്ടിനുള്ളിൽ തന്നെ ആയിരിക്കും. യുഎഇയിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും നിലവിലെ സംഘർഷം കാരണം താത്കാലികമായി അടച്ചിട്ടിരിക്കുന്നതിനാൽ ഈദ് അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്നവർ ഈകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് യുഎഇയിലെ പ്രധാനപ്പെട്ട പല വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ പ്രധാന പാർക്കുകൾ, ബീച്ചുകൾ, വലിയ ഒത്തുചേരലുകൾ നടക്കുന്ന ടൂറിസ്റ്റ് സ്പോട്ടുകൾ എന്നിവിടങ്ങളിൽ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പലയിടങ്ങളിലും മുൻകൂട്ടിയുള്ള ബുക്കിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. അതിനാൽ വീടിന് പുറത്തിറങ്ങുന്നതിന് മുൻപ് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം തുറന്നിട്ടുണ്ടോ എന്ന കാര്യം ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഉറപ്പുവരുത്തണം കൂടാതെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അനാവശ്യമായ യാത്രകൾ ഒഴിവാക്കുന്നതാണ് ഏറ്റവും മികച്ചത്. ഇത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതമാക്കാൻ സഹായിക്കും.
ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക എന്നതാണ്. ഇനി ആരെങ്കിലും നിയമ ലംഘനം നടത്തിയാൽ കടുത്ത ശിക്ഷ തന്നെ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ അധികൃതർ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഷോപ്പിംഗ് മാളുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നത് പൂർണമായും ഒഴിവാക്കണം. അതുപോലെ പുറത്ത് നിന്നുള്ള പ്രാർത്ഥന, സത്കാരം തുടങ്ങിയവയ്ക്കും നിയന്ത്രണമുണ്ട്. കൂടാതെ ഈദുൽ ഫിത്തറിന്റെ ഭാഗമായി എമിറേറ്റുകളിലുടനീളം സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.








