ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളും ഊർജ്ജ വിതരണ പാതകളിലെ ആശങ്കകളും കണക്കിലെടുത്ത്, പാചകവാതകത്തിന് ബദലായി സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആഭ്യന്തര ഉപഭോക്താക്കൾക്ക് തടസമില്ലാതെ പാചക ഇന്ധനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യാഴാഴ്‌ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ ഇന്ധന വിതരണ സാഹചര്യം സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും എൽപിജി ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയ ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തി വേണ്ട
ഇന്ത്യയിലെ അസംസ്‌കൃത എണ്ണ വിതരണം തൃപ്‌തികരമാണെന്നും രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തോളം പെട്രോൾ പമ്പുകളിൽ എവിടെയും ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും സുജാത ശർമ്മ വ്യക്തമാക്കി. പെട്രോളിനോ ഡീസലിനോ രാജ്യത്ത് ഒരിടത്തും കുറവില്ലെന്ന് അറിയിച്ച അവർ, വിതരണം തടസ്സപ്പെടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
എന്നിരുന്നാലും, ആഗോള സംഭവവികാസങ്ങൾ എൽപിജി വിതരണ ശൃംഖലയെ ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയാണ്. ഇതിൽ 90 ശതമാനവും കടന്നുപോകുന്നത് നിലവിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്.
ഭയന്നുള്ള ബുക്കിങ് ഒഴിവാക്കുക
വിതരണ തടസങ്ങൾ ഒഴിവാക്കാൻ ആഭ്യന്തര റിഫൈനറികളിലെ എൽപിജി ഉൽപ്പാദനം സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളം 25,000 എൽപിജി വിതരണക്കാരുണ്ടെന്നും പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സാഹചര്യം സുസ്ഥിരമാണെങ്കിലും, ചിലയിടങ്ങളിൽ പരിഭ്രാന്തി മൂലം ഗ്യാസ് സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് ഒഴിവാക്കണമെന്നും പാചകവാതകം മിതമായി ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. “പൗരന്മാർ പരിഭ്രാന്തരായി ബുക്കിങ് നടത്തരുത്. എൽപിജി ശ്രദ്ധയോടെ ഉപയോഗിക്കുകയും ഇന്ധന സംരക്ഷണം ശീലമാക്കുകയും വേണം,” സുജാത ശർമ്മ പറഞ്ഞു.
മുൻഗണന ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
ആഭ്യന്തര ഉപഭോക്താക്കൾക്കാണ് വിതരണത്തിൽ പ്രഥമ പരിഗണന നൽകുന്നത്. അതേസമയം, വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്ന മേഖലകളിൽ നിന്നുള്ള അപേക്ഷകൾ സർക്കാർ പരിശോധിച്ചു വരിയാണെന്നും സുജാത അറിയിച്ചു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മുൻഗണനാ വിഭാഗങ്ങൾക്ക് ആവശ്യമായ വാണിജ്യ സിലിണ്ടറുകൾ അടിയന്തരമായി നൽകാൻ തീരുമാനമായിട്ടുണ്ട്.
ഇതിനായി സംസ്ഥാന സർക്കാരുകളുടെ സഹകരണം കേന്ദ്രം തേടിയിട്ടുണ്ട്. മുൻഗണന നൽകേണ്ട സ്ഥാപനങ്ങളുടെ പട്ടിക ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വഴി സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇതിനുപുറമെ, എൽപിജി വിതരണം തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് സാധാരണക്കാർക്ക് ആശ്വാസമായാണ് 40,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിരിക്കുന്നത്.






