തിരുവനന്തപുരം: കുംഭമേളയിൽ വൈറലായ മഹാരാഷ്ട്ര സ്വദേശിനി മൊണാലിസ ഭോസ്‌ലെ കേരളത്തിൽ എത്തിയ ശേഷം നടത്തിയ വിവാഹം പുതിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. നടൻ ഫർമാൻ ഖാനുമായി പൂവാറിന് സമീപമുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിന് പിന്നാലെ, മൊണാലിസയുടെ പ്രായം സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി ഉയരുകയാണ്.
മൊണാലിസയ്ക്ക് വെറും 17 വയസാണ് എന്ന ആരോപണങ്ങളാണ് സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നത്. 2009 ജനുവരി 21നാണ് മൊണാലിസ ജനിച്ചതെന്ന വിവരവും ചിലർ പങ്കുവെക്കുന്നു. കുംഭമേളക്കാലത്ത് “16 വയസ്സുള്ള സുന്ദരി” എന്ന തലക്കെട്ടോടെ പ്രചരിച്ച പഴയ വാർത്താ ദൃശ്യങ്ങളും വീണ്ടും വൈറലായതോടെ വിവാദം കൂടുതൽ ശക്തമായി.
എന്നാൽ മൊണാലിസയ്ക്ക് 18 വയസ് പൂർത്തിയായതായി പൊലീസ് വ്യക്തമാക്കി. ഇരുവരും ഏകദേശം ആറുമാസമായി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ ഈ ബന്ധത്തെ എതിർത്തതിനെ തുടർന്നാണ് വിവാഹ തീരുമാനത്തിലേക്ക് എത്തിയതെന്നും മൊണാലിസ വ്യക്തമാക്കി. പിതാവ് മറ്റൊരു വിവാഹം ആലോചിച്ചതിനാലാണ് ഈ തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.
ഗുരുദേവ പ്രതിഷ്ഠയ്ക്കുമുന്നിൽ മേൽശാന്തി കണ്ണൻ പോറ്റിയുടെ കാർമികത്വത്തിലായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി. ജോയ്, എംപി എ.എ. റഹിം എന്നിവരും പങ്കെടുത്തിരുന്നു. മതഭേദമന്യേ ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാൻ രാജ്യത്തെ എല്ലാവർക്കും അവകാശമുണ്ടെന്നും കേരളം മനുഷ്യസൗഹൃദത്തിന്റെ നാടാണെന്നും എ.എ. റഹിം പ്രതികരിച്ചു.






