ദരിദ്രരുടെയും തൊഴിലില്ലാത്തവരുടെയും മുളയാഭരണങ്ങള്‍
നമ്മുടെ വീട്ടു മുറ്റത്തും പറമ്പിലുമൊക്കെ ധാരാളം ചെടികളും മരങ്ങളുമൊക്കെ തിങ്ങിനിറഞ്ഞു നില്‍ക്കുമ്പോള്‍ മനസിന് കുളിര്‍മ തോന്നുമല്ലേ. പ്രത്യേകിച്ച് മുളം കാടുകളൊക്കെയാണെങ്കില്‍ കാണാനും മനോഹരമാണ്. അതിനടുത്ത് ഇരുന്ന് പാട്ടുകേള്‍ക്കാനും കുശലം പറയാനുമൊക്കൊ ആളുകള്‍ക്ക് കൊതിയുമുണ്ടാകും. അതിനെ മനസിന് കുളിര്‍മ നല്‍കുന്ന മരമായിട്ട് മാത്രമേ ചിലര്‍ കാണാറുള്ളു. എന്നാല്‍ അതിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കാമെന്നാണ് അസമിലെ തേസ്‌പൂര്‍ സ്വദേശിയായ നീര ശര്‍മ ചിന്തിച്ചത്.
അങ്ങനെയാണ് മുളയിലൂടെ ആഭരണം ഉണ്ടാക്കാനായി നീര ശര്‍മ ആരംഭിച്ചത്. അതും സ്വന്തം കാര്യത്തിന് വേണ്ടിയല്ല. ദരിദ്രരുടെയും തൊഴിലില്ലാത്ത സ്‌ത്രീകള്‍ക്കും ഒരു ആശ്വാസമാകുമെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ആഭരണം ഉണ്ടാക്കാന്‍ തുടങ്ങിയത്. സ്‌ത്രീകളെ സ്വയം പര്യാപ്‌തമാക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാണ് ആ സ്‌ത്രീ അവരുടെ ഇടയിലേക്ക് ഇറങ്ങിവന്നത്. അതാണ് ഇന്ത്യയുടെ മുള വനിത എന്നറിയപ്പെടുന്ന നീര ശര്‍മ്മ.
വൈദ്യുതി പോലും എത്താത്ത ഗ്രാമങ്ങളില്‍ കൃഷി പോലും ചെയ്യാന്‍ ഇല്ലാതെ വഴിമുട്ടി നില്‍ക്കുന്ന ആളുകള്‍, എന്തിന് പറയുന്നു ഒരു തൊഴില്‍ പോലുമില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന സ്ത്രീകളിലേക്കാണ് നീര ശര്‍മ്മ ഇറങ്ങി ചെന്നത്. അവരെ സ്വയം പര്യാപ്‌തരാക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. അതിനായി മുള കൃഷിയാണ് അവര്‍ തെരെഞ്ഞെടുത്തത്. അതിലൂടെ അവര്‍ ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ പാവപ്പെട്ട സ്‌ത്രീകളെ പഠിപ്പിച്ചു. അത് ഉപജീവനമാക്കി മാറ്റി.
ലക്ഷ്യം സ്‌ത്രീകളുടെ മുന്നേറ്റം
സ്വതസിദ്ധമായ കഴിവിനെ കടഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ സ്‌ത്രീകളുടെ മുന്നേറ്റത്തിനായി അവര്‍ പ്രവര്‍ത്തിച്ചു. യുവതികള്‍ക്ക് പരിശീലനം നല്‍കി. ഇവര്‍ക്ക് പഠിച്ചെടുക്കാനും വൈദഗ്‌ധ്യം തെളിയിക്കാനും ദിവസങ്ങള്‍ മാത്രമേ ഇവര്‍ക്ക് വേണ്ടി വന്നുള്ളുവെന്ന് നീര പറഞ്ഞു. ഓരോ ഗ്രാമങ്ങളിലും 15 ദിവസമാണ് പരിശീലനം ഉണ്ടാവുക.
രിസ്ഥിത സൗഹാര്‍ദവും സുസ്‌ഥിരവുമായ മാര്‍ഗമാണ് ഇവര്‍ നല്‍കിയതും. ഇതിലൂടെ ദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. അതിനായി നമുക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്. കുറഞ്ഞ ചെലവിലോ നിക്ഷേപത്തിലോ വരുമാനമുണ്ടാക്കാനുള്ള അവരസങ്ങള്‍ നമുക്ക് വേണമായിരുന്നു. അതിനായാണ് പരിശ്രമിച്ചത്. അങ്ങനെയാണ് മുളയിലൂടെ ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ചത്. മാത്രമല്ല ഗ്രാമങ്ങളില്‍ നിന്നും കാടുകളില്‍ നിന്നും ലഭിക്കുന്ന മറ്റ് വിഭവങ്ങളും ഇതിനായി വിനിയോഗിച്ചു.
ഇപ്പോള്‍ മുള ഉത്പ്പന്നങ്ങളിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപവരെ നേടാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. 25 വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് ഇന്ന് ലാഭങ്ങള്‍ കൊയ്യുന്ന സംരംഭത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്. ഇതോടെ ഒന്നുമില്ലാതിരുന്ന വീടുകളിലും ഗ്രാമങ്ങളിലും പുതിയ ജീവിതത്തിന്‍റെ പ്രഭാതം വിടര്‍ന്നു. മാസത്തിൽ 15 ദിവസം ഒരു ഗ്രാമത്തിലെ പാവപ്പെട്ട തൊഴലില്ലാത്ത വനിതകളേയും ഭിന്നശേഷി കാരേയും പരിശീലിപ്പിക്കുന്നുണ്ട്.
കേരളത്തിലേക്കും പരിശീലനം വ്യാപിപ്പിച്ചു
നീരയുടെ ദൗത്യം കേരളത്തിലും ഛത്തീസ്‌ഗഢിലും മറ്റ് പ്രാദേശിക ഇടങ്ങളിലും വ്യാപിച്ചു കഴിഞ്ഞു. “സ്‌ത്രീകള്‍ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മുളയും പ്രാദേശികമായി ലഭിക്കുന്ന മറ്റ് അസംസ്‌കൃത വസ്‌തുക്കളും വനത്തില്‍ നിന്ന് ലഭിക്കുന്ന മറ്റ് കായ്കനികളും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിലുടെ ബദല്‍ വരുമാനം ലഭ്യമാകും, നീര പറഞ്ഞു.
ഇത്തരത്തിലൂടെ നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിൽ ഉയർന്ന ഡിമാൻഡുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 1,00,000 ഫ്ലൂട്ടുകൾ ആവശ്യപ്പെട്ടിട്ടും ആവശ്യമായ വിതരണ സാധ്യത ഇല്ലായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഭാവിയിൽ യുഎസിലെ ഒരു കമ്പനിക്കൊപ്പം അവരുടെ ഉൽപ്പന്നങ്ങൾ അഫിലിയേറ്റ് ചെയ്യാനുള്ള സാധ്യതകളും ഉണ്ട്.
“ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള ഡിസൈനറാണ് ഞാന്‍. ഇന്ത്യയില്‍ ഏകദേശം 75 ശതമാനം ആളുകളും ദരിദ്രരാണ്. അതില്‍ 20 ശതമാനം പേര്‍ മാത്രമാണ് സമ്പന്നര്‍. ഈ ദരിദ്രരുടെ ജീവിതം രൂപകല്‍പ്പന ചെയ്യേണ്ടത് തന്‍റെ കടമയാണ്. പ്രത്യേകിച്ച് തൊഴിലില്ലാത്തവരും ശാരീരിക വൈകല്യമുള്ളവരുമായ ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടി സർക്കാർ ധാരാളം കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്, പക്ഷേ അവർക്ക് സ്വയം പര്യാപ്തരാകാനും വരുമാനം ഉണ്ടാക്കാനും സർക്കാർ ഓഫീസുകളിൽ പോകാൻ കഴിയില്ല,” അവർ പറഞ്ഞു.
ഒരു മുളയില്‍ നിന്ന് ഒരു ലക്ഷം വരുമാനം
ഒരു മുളയില്‍ നിന്ന് ഒരു ലക്ഷം രൂപവരെ വരുമാനം ലഭിക്കുമെന്ന് തെളിയിച്ചതിന് മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നീരയ്ക്ക് അച്ചീവ്മെന്‍റ് അവാര്‍ഡ് നല്‍കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ബാംബൂ ലേഡി എന്ന് വിളിച്ചിരുന്നത്.
അവര്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോലും ഇന്ന് വലിയ ഡിമാന്‍റാണുള്ളത്. വിപണിക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പലപ്പോഴും കഴിയാതെ വരാറുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ട് ജീവിക്കുന്നത് മൂല്യവത്തായ ഒന്നായാണ് നീര കാണുന്നത്. അങ്ങനെയാണ് ഈ ലക്ഷ്യം മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നതും.







