സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കറുപ്പ്’. കഴിഞ്ഞ കുറച്ചു ദിവങ്ങളായി സിനിമയെ സംബന്ധിക്കുന്ന നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംവിധായകനും നിർമാതാവും തമ്മിൽ തർക്കമാണെന്നതിൽ തുടങ്ങി സിനിമയുടെ റിലീസ് തീയതി ഏപ്രിൽ 10 ആണെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചു. എന്നാൽ, ഇത്തരം വാർത്തകളിൽ വസ്തുതകളില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആർജെ ബാലാജി.
‘കറുപ്പ്’ സിനിമയുടെ റിലീസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് ആർജെ ബാലാജി വ്യക്തമാക്കി. സിനിമയുടെ റിലീസ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നും സംവിധായകൻ അറിയിച്ചു. “ഞങ്ങൾ അധികം സമയം എടുക്കില്ല. അടുത്ത 7-10 ദിവസത്തിനുള്ളിൽ ഒരു വലിയ അപ്‌ഡേറ്റ് പുറത്തുവരും, അതോടെ എല്ലാ സംശയങ്ങളും മാറും.
തീർച്ചയായും ഏപ്രിൽ 10ന് ചിത്രം റിലീസ് ചെയ്യില്ല. സംവിധായകനും നിർമാതാവും തമ്മിൽ അടി, ഞാൻ എസ്ആർ പ്രഭുവിനെ അടിക്കുന്ന വീഡിയോ, ഞാൻ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുന്നു, എനിക്കും മ്യൂസിക് ഡയറക്ടർക്കും ഇടയിൽ അടിയാണ് എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. കാത്തിരുന്ന് നിങ്ങൾ നിരാശരാണെന്ന് എനിക്കറിയാം. ഈ കാത്തിരിപ്പിന് തീർച്ചയായും ഫലമുണ്ടാകും,” എന്നാണ് സംവിധായകൻ പറഞ്ഞത്.








